നിയമസഭയില്‍ ആരോഗ്യ വകുപ്പും അമീബിക് മസ്തിഷ്‌ക്ക ജ്വരവും പ്രതിപക്ഷവും തമ്മിലുള്ള വലിയ ഏറ്റുമുട്ടലാണ് കഴിഞ്ഞ ദിവസം നടന്നത്. അതില്‍ അമീബിക് മസ്തിഷ്‌ക്ക ജ്വരം തന്നെയാണ് വിജയിച്ചു നില്‍ക്കുന്നത്. കാരണം, പ്രതിരോധം തീര്‍ത്ത് ആരോഗ്യ വകുപ്പിന്റെ നിലപാടിനെ പ്രതിപക്ഷം ആക്രമിക്കുമ്പോഴും രോഗം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പടരുകയാണ് ചെയ്യുന്നത്. പ്രതിവിധികളും പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും വിദഗ്ദ്ധരും ശാസ്ത്രജ്ഞരും അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്. അതിനെ അവഗണിക്കാനോ കാണാതെ പോകാനോ കഴിയില്ല. എന്നാല്‍, മസ്തിഷ്‌ക്കത്തിനെ കാര്‍ന്നു തിന്നുന്ന രോഗബാധ കേരളത്തില്‍ വര്‍ദ്ധിക്കുന്നുണ്ട് എന്ന സത്യം മറക്കാനും പാടില്ലല്ലോ.
രോഗം ഏതൊക്കെ വിധത്തില്‍ വാരമെന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കാള്‍ ഇറക്കിയിട്ടുണ്ട്. രോഗം വരാതിരിക്കാനും, വന്നാല്‍, എന്തു ചികിത്സ തേടണമെന്നും പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളാണ് രോഗവാഹകര്‍. കാലങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളമുള്ള കിണറുകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ ഇതില്‍പ്പെടും. ഇവിടെ കുളിക്കുകയോ, മറ്റാവശ്യങ്ങള്‍ക്കായി വെള്ളം എടുക്കുകയോ ചെയ്താല്‍ രോഗം ബാധിച്ചേക്കാം. തിരുവനന്തപുരം ജില്ലയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. പൊതു കുളത്തില്‍ കുളിച്ച ഒരു കുട്ടിയില്‍ കണ്ടെത്തിയ രോഗം കേരളത്തിലാകെ പടര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതയോടെ കാര്യങ്ങളെ നോക്കിക്കാണുന്നത്.
രോഗബാധയേറ്റവര്‍ക്കു ചികിത്സയും, മറ്റുള്ളവര്‍ക്ക് രോഗം വാരാതിരിക്കാനുള്ള ജാഗ്രതയും ഒരുപോലെ കൈക്കൊള്ളുന്നുണ്ട്. പക്ഷെ, ഒരിക്കലും ചിന്തിക്കാത്ത രീതിയിലുള്ള ഒരു ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. അത്, പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകാന്‍ സാധ്യതയുള്ള രോഗബാധയുടെ ആശങ്കയാണ്. ഇത് കേള്‍ക്കുമ്പോള്‍ ആദ്യമൊന്ന് അമ്പരന്നു പോയേക്കാം. പോലീസിന്റെ ഭാഗത്തു നിന്നും അമീബിക് മസ്തിഷ്‌ക്ക ജ്വരമോ ?. അതെങ്ങനെ സംഭവിക്കും ?. സ്വാഭാവികമായും ന്യായമായും ചിന്തിക്കുന്നത് ഇങ്ങനെ തന്നെയായിരിക്കും. എന്നാല്‍, മനുഷ്യാവകാശ കമ്മിഷനില്‍ എറണാകുളത്തെ ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരിക്കുന്ന പരാതി ഇതിനെ കൂടുതല്‍ ഗൗരവതരമാക്കുന്നുണ്ട്.
കാരണം, സെക്രട്ടേറിയറ്റ് നടയിലും, ജില്ലാ കളക്ടര്‍ ഓഫീസുകള്‍ക്കു മുമ്പിലും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുമ്പിലുമൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പ്രതിഷേധങ്ങളും ധര്‍ണ്ണകളും, മിന്നല്‍ പ്രകടനങ്ങളും നടക്കാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ യൂത്തു കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയുമൊക്കെ പ്രതിഷേധങ്ങളാണ് അധികവും നടക്കുന്നത്. പ്രകടനങ്ങളും പ്രതിഷേധങ്ങളും അതിരു കടക്കുമ്പോള്‍ സമരക്കാരും പോലീസും തമ്മില്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങും. ഇതോടെ പോലീസിന് സമരക്കാരെ പിരിച്ചു വിടാതിരിക്കാനാവാത്ത ഘട്ടം ഉണ്ടാകും. തമ്മിലടി ഒഴിവാക്കാനും, ഏകപക്ഷീയമായി അടിക്കുന്ന ലാത്തിച്ചാര്‍ജ്ജ് (പ്രകടനക്കാര്‍ക്ക് പിന്നെ ഓടാനേ നേരമുണ്ടാകൂ) ഒഴിവാക്കാനുമായി പോലീസിന്റെ സ്വന്തം വാഹനമായ ‘വരുണ്‍’ രംഗത്തിറങ്ങും.
സമരക്കാരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ രണ്ടാംഘട്ടമാണിത്. വരുണില്‍ നിന്നുള്ള വെള്ളം ശക്തിയായി ചീറ്റിക്കുമ്പോള്‍ സമരക്കാര്‍ ആകെ നനയും. പിന്നെ സമരത്തിനായി ഇരിക്കാനോ, നില്‍ക്കാനോ കഴിയില്ല. ഇതാണ് പോലീസിന്റെ വരുണ്‍ കൊണ്ടുള്ള ഉപയോഗം. വരുണ്‍ വന്നതിനു ശേഷം പോലീസ് സമരക്കാരെ നേരിടുന്നതിന് ഫലപ്രദമായി ഇത് ഉപയോഗിക്കുന്നുമുണ്ട്. വിജയിക്കാറുമുണ്ട്. എന്നാല്‍, മസ്തിഷ്‌ക്ക ജ്വര പ്രശ്‌നം വന്നതോടെ, മനവുഷ്യാവകാശ കമ്മിഷനില്‍ ഇതു സംബന്ധിച്ച ആശയോടെയുള്ള പരാതി വന്നതോടെ വിഷയം കുറച്ചു കൂടി ഗൗരവമായി എടുത്തിരിക്കുകയാണ്. എന്തെന്നാല്‍, വരുണില്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നും എടുക്കുന്നു. ഇതിന്റെ ഗുണനിലവാരം അറിയാമോ. പരിശോധിച്ചിട്ടുണ്ടോ. വരുണില്‍ നിറയ്ക്കുന്നത് മലിന ജലമാണോ. അതോ ശുക്ഷ ജലമോ. കുടിവെള്ളമല്ല, എന്നുറപ്പാണ്.
ഇങ്ങനെ നീളുന്ന ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സമരത്തിനിറങ്ങി ജലപീരങ്കിയിലെ വെള്ളം നനഞ്ഞ ഏതെങ്കിലും രാഷ്ട്രീയക്കാരന് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചാല്‍ ആകെ പ്രശ്‌നമാകും. എന്നാല്‍, ഇതുവരെ അങ്ങനെ ആര്‍ക്കും ഒരു തുമന്മല്‍ പനിപോലും പിടിച്ചിട്ടില്ല എന്നതാണ് വസ്തുത. എങ്കിലും അനന്ത സാധ്യതകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു നല്ല തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അതുമല്ലെങ്കില്‍ വരുണില്‍ നിറയ്ക്കുന്ന വെള്ളത്തിന്റെ സോഴ്‌സും, ഗുണനിലവാരവും വെളിപ്പെടുത്തേണ്ടതാണ്. അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ ജനകീയ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടന്നത്.
ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത് കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. സമരക്കാര്‍ അതിരുകടക്കുമ്പോള്‍ ജലപീരങ്കിയാണ് പൊലീസിന്റെ പ്രാധാന പ്രതിരോധ മാര്‍ഗം. ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ക്കൂടി ഇത് കയറാനുള്ള സാധ്യത കൂടുതലാണ്.
- എങ്ങനെയൊക്കെ രോഗം പിടിപെടാം ?
അമീബിക് മസ്തിഷ്‌കജ്വര ബാധിതര്‍ വര്‍ധിക്കുമ്പോഴും രോഗകാരണമാകുന്ന അമീബ ശരീരത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ക്കും ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. രോഗം പടരുന്നതിന്റെ കൃത്യമായ ഉറവിടം എന്തെന്നതിലാണ് ആശയക്കുഴപ്പം. വെള്ളത്തിലുള്ള അമീബ മൂക്കിലൂടെയാണു തലച്ചോറില്‍ പ്രവേശിക്കുന്നതെന്നാണ് പൊതുധാരണ. ഇതാണ് ആരോഗ്യമന്ത്രിയും വിശദീകരിച്ചത്. എന്നാല്‍, അമീബ ശരീരത്തില്‍ പ്രവേശിക്കുന്ന വഴി ഇത് മാത്രമല്ല. നൈഗ്ലേരിയയാണ് ഇങ്ങനെ തലച്ചോറില്‍ എത്തുന്നത്. എന്നാല്‍, അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകള്‍ ശ്വാസകോശം, മുറിവ് എന്നിവയിലൂടെ തലച്ചോറില്‍ പ്രവേശിക്കാമെന്നു വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈയിടെ പ്രവേശിപ്പിച്ച 14 പേരില്‍ 7 പേരിലും അകാന്തമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
സാഹചര്യം ഇതായിരിക്കെ മൂക്കിലൂടെ മാത്രമാണു രോഗം ബാധിക്കുന്നതെന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ ശരീരത്തിലെ തിരിച്ചറിയാന്‍ പോലുമാകാത്ത മുറിവിലൂടെ അമീബ തലച്ചോറില്‍ എത്താന്‍ സാധ്യതയുണ്ട്. നിര്‍മ്മണപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളിലടക്കം പൊടിയിലും അമീബയുണ്ടാകാം. ഇതു ശ്വാസകോശത്തിലെത്തി സജീവമല്ലാതെ തുടരുകയും പിന്നീടു രക്തത്തിലൂടെ തലച്ചോറില്‍ എത്തുകയും ചെയ്യും. മുങ്ങിക്കുളിച്ച് ഏതാനും ദിവസങ്ങള്‍ക്കകം രോഗം ബാധിച്ചാല്‍ കാരണം നൈഗ്ലേരിയയാണെന്നു തീര്‍ത്തു പറയാനാകില്ല. മാസങ്ങള്‍ക്കു മുന്‍പു രോഗിയുടെ ശരീരത്തില്‍ അകാന്തമീബയോ ബാലമുത്തിയയോ പ്രവേശിച്ചിട്ടുണ്ടെങ്കില്‍, അഥും കാരണമാകാം. കിണറും ശുചിമുറിയുടെ ടാങ്കും അടുത്തടുത്ത് ഉണ്ടാകുന്നതും വിവിധ മാലിന്യങ്ങള്‍ തുറന്നുവിടുന്നതുമാണ് അമീബയുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്.
- ആരാണീ വരുണ്‍ ? (ജലപീരങ്കി)
2004ല്‍ തിരുവനന്തപുരത്താണ് ആദ്യ വരുണ്‍ അവതരിക്കുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഉണ്ട്. പോലീസിന്റെ അവിഭാജ്യ ഘടകം. സമരക്കാരും പോലീസും തമ്മില്‍ നേര്‍ക്കുനേര്‍ മുട്ടുന്നതിനു മുമ്പുള്ള ജലപീരങ്കി പ്രയോഗം. തുടര്‍ച്ചയായി സമരക്കാര്‍ അക്രമവീര്യം പുറത്തെടുക്കുമ്പോള്‍ പൊലീസ് ആദ്യ അടവ് പുറത്തെടുക്കും പൊലീസ് ആക്ടില്‍ പറയുന്നതു പോലെ മുന്നറിയിപ്പ് എഴുതി കാണിക്കുകയാണ് ആദ്യ ഘട്ടം. അതായത്, സമരക്കാര്‍ പിരിഞ്ഞു പോകണം, ഇല്ലെങ്കില്‍ അടി വരും. നിയപരമല്ലാത്ത ജനക്കൂട്ടമാണിതെന്ന ഓര്‍മപ്പെടുത്തലാണിത്. ഇതൊക്കെ ഉള്‍പ്പെടുത്തിയ ബാനര്‍ രണ്ടു വടിയില്‍ തൂക്കി ആകാശത്തേയ്ക്ക് ഉയര്‍ത്തും. പിന്നേയും ബാരിക്കേഡ് മറികടക്കാന്‍ സമരക്കാര്‍ ശ്രമിക്കുമ്പോള്‍ വരുണിന്റെ തോക്ക് വെള്ളം തുപ്പും.
അതിനും ഗണ്‍ എന്നാണ് വിളിപ്പേര്. ഒരു ജലപീരങ്കിയുടെ ഉച്ചിയില്‍ രണ്ട് ഗണ്‍ ഉണ്ടാകും. വെള്ളമടിക്കു ശേഷമാണ് കണ്ണീര്‍വാതക പ്രയോഗവും പിന്നാലെ ലാത്തിചാര്‍ജ്ജും വരുന്നത്. ‘വരുണി’ന്റെ ഡ്രൈവര്‍ സീറ്റിന് അടുത്തായാണ് ജലപീങ്കി നിയന്ത്രണ സംവിധാനം ഉള്ളത്. ഒരേ സമയം വാഹനം ഓടിക്കുകയും ജലപീരങ്കി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ആക്‌സിലേറ്റര്‍ ഉപയോഗിച്ചാണ് വെളളത്തിന്റെ തോത് നിയന്ത്രിക്കുന്നത്. 2,250 എല്‍.എം.പിയാണ് ഒരു ഗണ്ണിന്റെ പരമാവധി ശക്തി. അതായത് ഒരു മിനിട്ടില്‍ 2,250 ലിറ്റര്‍ വെള്ളം പുറത്തേക്കു ചാടുന്ന ശക്തി. എത്ര ശക്തിമാനായാലും പത്തിരുപത് മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീഴും.
ഇതുവരെ മാക്‌സിമം പവറില്‍ ജലപീരങ്കി ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടായിരം എം.എല്‍.പി ഉപയോഗിച്ചാല്‍ മതി സമരക്കാരെ എടുത്തെറിയാന്‍. ആദ്യം ചെറുതായി കുളിപ്പിക്കും. പിന്നെ കടുപ്പിച്ച് തുടങ്ങും. അതാണ് രീതി. 300 ഡിഗ്രിവരെ കറങ്ങാന്‍ കഴിയുന്നതാണ് ഇതിലെ ഗണ്ണുകള്‍. സമരക്കാരെ കുളിപ്പിക്കാന്‍ ഒരു വണ്ടിവെള്ളം (12,000 ലിറ്റര്‍) മാത്രം മതിയാകില്ല. തീരുമ്പോള്‍ നിറയ്ക്കാന്‍ വരുണിനു പുറകില്‍ ഫയര്‍ ഫോഴ്‌സിന്റെ വണ്ടികളുണ്ടാകും.
- ജല പീരങ്കിയിലെ വെള്ളം എവിടെ നിന്നും ?
വാട്ടര്‍അതോറിട്ടിയുടെ സംഭരണികളില്‍ നിന്നാണ് വെള്ളം നിറയ്ക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍,
പൊലീസ് ക്യാമ്പുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് പീരങ്കിയിലേക്ക് വെള്ളം നിറയ്ക്കുന്നതെന്നും സൂചനയുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോള്‍ സമരക്കാരെ നേരിടാന്‍ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. എന്നാല്‍, ചെളിവെള്ളമോ, അശുദ്ധ ജലമോ ആണ് വരുണില്‍ നിറയ്ക്കുന്നതെന്ന് യാതൊരു തെളിവുമില്ല. സമരം ചെയ്തവര്‍ക്കു നേരെ ഇത്രയും കാലം വരുണില്‍ നിന്നും ചീറ്റിച്ച വെള്ളത്തെ കുറിച്ച് പരാതികളും വന്നിട്ടില്ല.
മോശം വെള്ളമാണെന്ന വിയോജിപ്പ് രാഷ്ട്രീയക്കാരും പറഞ്ഞിട്ടില്ല. അതേസമയം, ഏറെക്കാലം സമരമൊന്നും ഇ
ല്ലാതിരുന്നതിനു ശേഷം ആദ്യമുണ്ടാകുന്ന സമരത്തിനു നേരെ ഉണ്ടാകുന്ന വെള്ളം ചീറ്റല്‍, വേനലിനു ശേഷം ഉണ്ടാകുന്ന ആദ്യമഴ പോലെ ആരോഗ്യത്തിന് ഹാനികരമാകും. അത്രയും ദിവസമായി ടാങ്കിനകത്തു കിടക്കുന്ന വെള്ളമായിരിക്കും വര്‍ഷിക്കുക. ഇത് പനി, ജലദോഷം, തൊണ്ടവേദന, ചുമ പോലുള്ള ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നല്ലാതെ വരുണ്‍ ഒരു നിരുപദ്രവകാരയായ പോലീസ് സഹായിയാണ് എന്നാണ് മനസ്സിലാക്കുന്നത്.
CONTENT HIGH LIGHTS; Police officer suspected?: Should we be careful when amoebic encephalitis spreads, Amban?; Will boiling water to drive away protesters spread the disease?; Where does this water come from?
















