ഉത്തർപ്രദേശിലെ കാൺപൂരിൽ ആരംഭിച്ച ‘ഐ ലവ് മുഹമ്മദ്’ വിവാദം ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേരി. ഉന്നാവോ, ബറേലി, കൗശാമ്പി, ലഖ്നൗ, മഹാരാജ്ഗഞ്ച്, കാശിപൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ റാലികളും തെരുവ് പ്രകടനങ്ങളും നടന്നപ്പോൾ ചിലയിടങ്ങളിൽ പോലീസുമായി ഏറ്റുമുട്ടലുമുണ്ടായി.
സെപ്റ്റംബർ 4-ന് കാൺപൂരിലെ റാവത്പൂരിൽ നടന്ന നബിദിന (ഈദ്-ഇ-മിലാദ്-ഉൻ-നബി) ഘോഷയാത്രയ്ക്കിടെയാണ് ഈ വിവാദം ആരംഭിച്ചത്. ഘോഷയാത്രയുടെ പാതയിൽ ഒരു സംഘം ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനർ സ്ഥാപിച്ചു. ബറാവഫാത്ത് ആഘോഷങ്ങൾക്കായി പരമ്പരാഗതമായി ഉപയോഗിക്കുന്ന സ്ഥലത്ത് പുതിയ ആചാരം അവതരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രാദേശിക ഹിന്ദു വിഭാഗങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.
തുടർന്ന് പോലീസ് ഇടപെട്ടു. മതപരമായ ഘോഷയാത്രകളിൽ പുതിയ ആചാരങ്ങൾ അവതരിപ്പിക്കുന്നത് സർക്കാർ നിയമങ്ങൾ വിലക്കുന്നുണ്ടെന്നായിരുന്നു ഡിസിപി ദിനേശ് ത്രിപാഠി പറഞ്ഞത്. ചിലർ പരമ്പരാഗത പന്തൽ മാറ്റി പുതിയ പന്തലും ബാനറും സ്ഥാപിച്ചപ്പോൾ, പോലീസ് പന്തലും ബോർഡും പരമ്പരാഗത സ്ഥലത്ത് തന്നെ പുനഃസ്ഥാപിച്ചു. ബാനറിൻ്റെ പേരിൽ പ്രത്യേകിച്ച് എഫ്ഐആർ ഫയൽ ചെയ്തിട്ടില്ലെന്നും ത്രിപാഠി വ്യക്തമാക്കി. എന്നിരുന്നാലും, പോലീസിൻ്റെ മധ്യസ്ഥത ഉണ്ടായിട്ടും, ഇരുവിഭാഗവും പരസ്പരം പോസ്റ്ററുകൾ കീറിയെന്ന് ആരോപണം ഉയർന്നിരുന്നു.
സെപ്റ്റംബർ 9-ന് കാൺപൂർ പോലീസ്, ബറാവഫാത്ത് ഘോഷയാത്രയ്ക്കിടെ പുതിയ ആചാരം അവതരിപ്പിക്കുകയും സാമുദായിക സൗഹാർദ്ദം തകർക്കുകയും ചെയ്തെന്ന് ആരോപിച്ച് 24 പേർക്കെതിരെ (9 പേർക്കെതിരെ പേരെടുത്ത് പറഞ്ഞും 15 പേർക്കെതിരെ കണ്ടാലറിയാവുന്നവർ എന്നും) കേസെടുത്തത് വീണ്ടും പ്രശനം വഷളാക്കി. പരമ്പരാഗത പന്തൽ മാറ്റി പുതിയ സ്ഥലത്ത് ബാനർ സ്ഥാപിച്ചതിനെ തുടർന്നാണ് കേസെടുത്തത്.
സെപ്റ്റംബർ 15-ന് ‘ഐ ലവ് മുഹമ്മദ്’ എന്ന് പറയുന്നത് ഒരു കുറ്റമല്ലെന്ന് അസദുദ്ദീൻ ഒവൈസി പോസ്റ്റ് ചെയ്തതോടെയാണ് വിവാദം രാജ്യത്ത് ശ്രദ്ധ നേടിയത്. അദ്ദേഹം പോലീസിന്റെ നടപടിയെ വിമർശിക്കുകയും കാൺപൂർ പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തതോടെ വലിയൊരു ചർച്ചക്ക് ഇത് വഴിയൊരുക്കി. ബാനറിന്റെ പേരിൽ കേസെടുത്തിട്ടില്ലെന്ന് കാൺപൂർ പോലീസ് അറിയിച്ചു. പകരം ഇത് പുതിയ സ്ഥലത്ത് സ്ഥാപിക്കുകയും മറ്റൊരു വിഭാഗത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും അധികൃതർ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
പക്ഷെ പ്രതിഷേധം മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. കാൺപൂരിന് പിന്നാലെ ഉന്നാവോയിലെ യുവാക്കൾ ‘ഐ ലവ് മുഹമ്മദ്’ ബാനറുകളുമായി ഘോഷയാത്രകൾ സംഘടിപ്പിക്കുകയും മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. പോലീസിന് നേരെ കല്ലേറ് ഉൾപ്പെടെയുള്ള ചില ഏറ്റുമുട്ടലുകൾ നടക്കുകയും 8 എഫ്ഐആറുകളും 5 അറസ്റ്റുകളും രേഖപ്പെടുത്തുകയും ചെയ്തു. കാൺപൂരിലെ യഥാർത്ഥ എഫ്ഐആർ മുദ്രാവാക്യം പ്രദർശിപ്പിച്ചതിനല്ല, മറിച്ച് ഒരു പോസ്റ്ററിന് നാശനഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ടതാണെന്ന് നാട്ടുകാർ പറഞ്ഞു.
മഹാരാജ്ഗഞ്ചിൽ പോലീസ് ആസൂത്രിത ഘോഷയാത്ര തടഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 64 പേർക്കെതിരെ (4 പേരെ പേരെടുത്തുപറഞ്ഞും 60 പേർക്കെതിരെ കണ്ടാലറിയാവുന്നവർ എന്നും) കേസെടുത്തു. സംഘർഷം ഒഴിവാക്കാൻ നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.
കൗശാമ്പിയിൽ, ‘സർ തൻ സേ ജുദാ…’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്ന യുവാക്കളുടെ വീഡിയോ വൈറലായി. ഇത് ഹിന്ദു വിഭാഗങ്ങൾക്കിടയിൽ രോഷത്തിന് കാരണമാകുകയും പോലീസ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീഡിയോയിൽ കാണിച്ചത് കാൺപൂർ എഫ്ഐആറിന് മറുപടിയായിട്ടുള്ള മുദ്രാവാക്യങ്ങളാണെന്നും യഥാർത്ഥ ബാനറല്ലെന്നും അധികൃതർ വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾ പ്രവാചകൻ മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് വിധാന് ഭവൻ്റെ ഗേറ്റ് നമ്പർ 4-ൽ സമാധാനപരമായ പ്രകടനം നടത്തി. എഫ്ഐആറിനെ സാമൂഹിക പ്രവർത്തകയായ സുമയ്യ റാണ വിമർശിക്കുകയും ഭരണഘടനാപരമായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന് ആളുകളെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് പറയുകയും ചെയ്തു.
തുടർന്ന് ഉത്തർപ്രദേശിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം ആളിക്കത്തി. നാഗ്പൂരിലെ മോമിൻപുരയിൽ കോൺഗ്രസ് നഗര ന്യൂനപക്ഷ വിഭാഗം തലവൻ വസീം ഖാൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിലെയും സാമൂഹിക ഗ്രൂപ്പുകളിലെയും പങ്കെടുത്തവർ പ്രവാചകൻ മുഹമ്മദിനെ ലക്ഷ്യമിട്ടുള്ള വിമർശനത്തെ എതിർക്കുകയും മതപരമായ ആവിഷ്കാര സ്വാതന്ത്ര്യം ഊന്നിപ്പറയുകയും ചെയ്തു.ഉത്തരാഖണ്ഡിലെ കാശിപൂരിലെ അലി ഖാൻ പ്രദേശത്ത് അനധികൃത ഘോഷയാത്ര പോലീസുമായുള്ള ഏറ്റുമുട്ടലിനും കല്ലേറിനും പൊതുമുതൽ നശിപ്പിക്കുന്നതിനും കാരണമായി. ജനക്കൂട്ടം കുഴപ്പങ്ങൾ സൃഷ്ടിച്ചെങ്കിലും പോലീസിൻ്റെ സമയോചിതമായ നടപടി മണിക്കൂറുകൾക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്ന് എസ്പി അഭയ് സിംഗ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട നിരവധി പേരെ തിരിച്ചറിയുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.
രാഷ്ടരിയനേതാക്കളും മതനേതാക്കളും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയതോടെ ഐ ലവ് മുഹമ്മദ് വിവാദം കൂടുതൽ ദേശീയ ശ്രദ്ധനേടി.സമാജ് വാദി പാർട്ടി (എസ്പി) വക്താക്കൾ പ്രതിഷേധങ്ങൾക്ക് കാരണം പോലീസിൻ്റെ പരാജയമാണെന്ന് വാദിച്ചു. “ഐ ലവ് രാം” അല്ലെങ്കിൽ “ഐ ലവ് മുഹമ്മദ്” എന്നാണെങ്കിൽ പോലും ആവിഷ്കാര സ്വാതന്ത്ര്യത്തെ അവർ പ്രതിരോധിക്കുകായിരുന്നെന്ന് ആരോപിച്ചു.
എന്നാൽ ബിജെപി വക്താക്കൾ പോലീസിനെ ലക്ഷ്യമിട്ടോ നിയമം ലംഘിക്കാനോ ഉള്ള ഏതൊരു ശ്രമത്തിനും ഉടനടി നടപടിയെടുക്കുമെന്ന് പറഞ്ഞു.
മൗലാന സൂഫിയാൻ നിസാമി, ജമാത് റസാ-ഇ-മുസ്തഫ, വേൾഡ് സൂഫി ഫോറം എന്നിവരുൾപ്പെടെയുള്ള മതനേതാക്കൾ അക്രമങ്ങളെ അപലപിക്കുകയും ശാന്തമാകാൻ ആവശ്യപ്പെടുകയും സാമുദായിക സൗഹാർദ്ദം നിലനിർത്തിക്കൊണ്ട് ഭരണഘടനാപരമായ അവകാശങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി ഈ വിഷയം മതസ്വാതന്ത്ര്യത്തിൻ്റെയും ആവിഷ്കാരത്തിൻ്റെയും വിഷയമായിട്ടാണ് കാണുന്നത്. എക്സിൽ കാൺപൂർ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: “ഐ ലവ് മുഹമ്മദ് എന്ന് പറയുന്നത് ഒരു കുറ്റമല്ല. അങ്ങനെയാണെങ്കിൽ ഏതൊരു ശിക്ഷയും ഞാൻ സ്വീകരിക്കുന്നു. എന്നാൽ പ്രവാചകനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചതിന് മുസ്ലിങ്ങളെ ശിക്ഷിക്കരുത്.
കാൺപൂരിലെ ബാനറിനെച്ചൊല്ലി പ്രാദേശികമായി തുടങ്ങിയ തർക്കം ഇപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം, മതവികാരം, സാമുദായിക സൗഹാർദ്ദം എന്നിവയെക്കുറിച്ചുള്ള ഒരു ദേശീയ ചർച്ചയായി വളർന്നിരിക്കുയാണ്.
















