ഇന്നലെ കേരളത്തെ സംബന്ധിച്ച് രണ്ടു പ്രധാന സംഭവങ്ങള്‍ അടയാളപ്പെടുത്തിയ ദിവസമാണ്. ആ രണ്ടു കാര്യങ്ങളും മലയാള സിനിമയെ ബന്ധപ്പെടുത്തിയതും. ഒന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതാണ്. മറ്റൊന്ന് കേരളത്തില്‍ നുംഖോര്‍ എന്നു പേരിട്ട കസ്റ്റംസ് റെയ്ഡില്‍ മലയാള സിനിമാ മേഖലയിലുള്ള വ്യക്തികള്‍ ഉപയോഗിക്കുന്ന കാറുകളുടെ പേരിലുള്ള കേസാണ്. ആധ്യത്തെ വിഷയം അഭിമാനവും രണ്ടാമത്തേത് അപമാനവുമായി മാറിയിരിക്കുകയാണ് കേരളത്തില്‍. എന്നാല്‍, രണ്ടാമത്തെ അപമാനിതമായ സംഭവം ആസൂത്രിതമാണോ എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു അതിന്റെ തുടക്കവും ഒടുക്കവും.
തിടുക്കത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ നടത്തുകയും എന്നാല്‍, അതിനു ശേഷം അത് വേഗത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുയും ചെയ്യുന്ന ഒരു നാടകീയത ആ വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിച്ച ഓരോരുത്തര്‍ക്കും മനസ്സിലാകും. മടയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ല എന്ന പഴഞ്‌ഛൊല്ലു പോലെയാണ് ആ വിഷയത്തിലെ ഓരോ കാര്യങ്ങളും നടന്നിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെവിടെയും കസ്റ്റംസ് റെയ്ഡുകള്‍ നടന്നിരുന്നുവെന്നോ, അത്തരം റെയ്ഡുകളില്‍ കടത്തിക്കൊണ്ടു വരികയോ, രജിസ്‌ട്രേഷന്‍ നടപടികള്‍ ശരിയായ രീതിയില്‍ നടത്താത്തതോ ആയ വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് വാര്‍ത്തകളില്ല. മാത്രമല്ല, ഒരു പ്രമുഖരുടെയും പേരുകള്‍ കേട്ടതുമില്ല.
അപ്പോള്‍ കേരളത്തിനു മാത്രമായൊരു കസ്റ്റംസ് റെയ്ഡ് നടന്നു എന്നുവേണം മനസ്സിലാക്കാന്‍. രാജ്യമെമ്പാടും റെയ്ഡ് നടക്കുന്നുവെന്നായിരുന്നു വിവരം കിട്ടിയത്. എന്നാല്‍, മറ്റിടങ്ങളില്‍ നടന്ന റെയ്ഡുകളെ കുറിച്ചോ അതില്‍ പിടിക്കപ്പെട്ട പ്രമുഖരെ കുറിച്ചോ ഒരു വിവരങ്ങളുമില്ല എന്നത് ദുരൂഹമാണ്. എന്നാല്‍, കേരളത്തിലെ 5 ജില്ലകളിലായി നടത്തിയ റെയ്ഡില്‍ 36 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു. ഇതില്‍ മലയാള സിനിമാ നടന്‍മാരായവരുടെ പേരുകളും പുറത്തു വന്നിരിക്കുന്നു. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എന്താണ് ഓപ്പറേഷന്റെ ഉദ്ദേശം. ഭൂട്ടാനില്‍ നിന്നും കേരളത്തിലേക്കു മാത്രമാണോ വാഹനങ്ങള്‍ കൊണ്ടു വരുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാകില്ലേ. അവിടെയുള്ള ചലച്ചിത്ര നടന്‍മാര്‍ ടാക്‌സ് വെട്ടിച്ച് വാഹനങ്ങള്‍ വാങ്ങുന്നില്ലേ. മലയാള സിനിമകളേക്കാള്‍ കൂടുതല്‍ വിദേശ ചിത്രീകരണം നടത്തുന്നത് അന്യ ഭാഷാ ചിത്രങ്ങളാണ്. അപ്പോള്‍ അവിടുള്ള നടീനടന്‍മംാര്‍ക്കല്ലേ വിദേശ വാഹനങ്ങളുടെ പട്ടിക കൂടുതല്‍ അവതരിപ്പിക്കാനാവുക. അതെല്ലാം ഒഴിവാക്കി കേരളത്തില്‍ മാത്രം റെയ്ഡ് നടത്തിയതിന്റെ ഉദ്ദേശ ലക്ഷ്യം എന്താണ്. റെയ്ഡ് നടത്തിയതിനെ ചോദ്യം ചെയ്യുകയോ, കുറ്റപ്പെടുത്തുകയോ അല്ല. പക്ഷെ, ആ റെയ്ഡു കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത്, അതിന്റെ പൂര്‍ണ്ണത കൈ വരിക്കാനായോ എന്നതാണ് ചോദ്യം.
ഇവിടെ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വി രാജിന്റെയും വാഹനങ്ങളാണ് കസ്റ്റംസ് സംശയമുനയില്‍ നിര്‍ത്തുന്നത്. അതില്‍ ദുല്‍ഖറിന്റെ രണ്ടു വാഹനങ്ങള്‍ പിടിത്തെടുക്കുകയും ചെയ്തിട്ടുണ്ട്. എംന്നാല്‍, പൃഥ്വി രാജിന്റെ വാഹനം കണ്ടു കിട്ടിയിട്ടുമില്ല. തട്ടിപ്പിനെ കുറിച്ച് നടന്മാര്‍ക്ക് അറിയാമായിരുന്നു എന്നാണ് കണ്ടെത്തലെങ്കില്‍ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നേരിടേണ്ടി വരും. ഇടനിലക്കാരുടെ തട്ടിപ്പാണ് നടന്നതെങ്കില്‍ നടന്മാര്‍ക്ക് രക്ഷപ്പെടാം. പക്ഷേ ഇടനിലക്കാരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടി വരും. പൃഥ്വിരാജും ഇത്തരമൊരു വാഹനം സ്വന്തമാക്കിയതായി കസ്റ്റംസിന് വിവരമുണ്ടെങ്കിലും കൊച്ചിയിലോ തിരുവനന്തപുരത്തോ ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വാഹനവും അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ പൃഥ്വിരാജിന് നോട്ടിസ് നല്‍കും.
ഉന്നതരുടെ പേരടക്കം വാര്‍ത്താ സമ്മേളനം വിളിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി. ടിജു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടന്നത്. ഇതു കൊണ്ടു തന്നെ വസ്തുതകള്‍ കൃത്യമായി പുറത്തെത്തി. ഇതിനിടെയാണ് വിവരം പുറത്തു വിട്ട വാര്‍ത്താ സമ്മേളനത്തില്‍ നാടകീയതകള്‍ അരങ്ങേറിയത്. വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജുവിന് ഒരു ഫോണ്‍ കോള്‍ വന്നു. ഏതാനും മിനിറ്റ് ഫോണിലൂടെ സംസാരിച്ച ശേഷം വാര്‍ത്താസമ്മേളനം തുടരാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതിന് മുമ്പ് റെയ്ഡുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരാണ് കൂടുതലായും ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറയുകയും ചെയ്തു.
നടന്മാര്‍ക്ക് പുറമെ വ്യവസായികള്‍ അടക്കമുള്ളവും വാഹന ഷോറൂം ഉടമകളും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്. ടിജുവിന് മേല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാന്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി എന്ന് സൂചനകളുണ്ട്. ആരാണ് അദ്ദേഹത്തെ വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ വിളിച്ചത്. വാര്‍ത്താ സമ്മേളനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് ആരാണ്. മലയാള സിനിമയിലെ പ്രമുഖ നടനും മറ്റൊരു വ്യവസായിയുമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയെങ്കിലും ഇവിടെ വാഹനവും ആളുകളും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് കസ്റ്റംസ് സംഘം മടങ്ങി. പനമ്പിള്ളി നഗറിലെ ദുല്‍ഖര്‍ സല്‍മാന്റെ വീടിനോടു ചേര്‍ന്നുള്ള ഗാരേജില്‍നിന്ന് രണ്ടു വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തു.
ദുല്‍ഖറിന്റെ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറും ലാന്‍ഡ് ക്രൂയിസറുമാണ് പിടിച്ചെടുത്തത്. ഇതില്‍ ഒരെണ്ണം കസ്റ്റംസ് ഓഫീസിലേക്ക് എത്തിച്ചു. രണ്ടാമത്തേതിനു ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ ദുല്‍ഖറിന്റെ ഗാരേജില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അമിത് ചക്കാലയ്ക്കലിന്റെ എട്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ മൂന്നെണ്ണം ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അമിത് ചക്കാലയ്ക്കലില്‍ നിന്ന് ഇന്നലെ വൈകുന്നേരം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫിറ്റ്‌നസ്, ഇന്‍ഷ്വറന്‍സ് എന്നിവയൊന്നുമില്ലാതെയാണു വാഹനങ്ങള്‍ ഓടുന്നത്. പുറത്തുനിന്ന് വാഹനങ്ങള്‍ എത്തിച്ചാല്‍ ഒരുമാസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നാണു നിയമം. എന്നാല്‍ എട്ടു മാസമായിട്ടും വാഹനം രജിസ്റ്റര്‍ ചെയ്യാതെ വിദേശനമ്പറുകളില്‍ കേരളത്തില്‍ ഓടുന്നുണ്ട്.
ദുല്‍ഖര്‍ തന്റെ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടി വരും. അതിനിടെ, അമിത് ചക്കാലയ്ക്കലിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ ഒരു ടൊയോട്ട ലാന്‍ഡ് ക്രൂയിസറും ഒരു ലെക്സസും കസ്റ്റംസിന്റെ കൊച്ചി ഓഫിസിന്റെ കസ്റ്റഡിയിലുണ്ട്. അമിത്തിനോട് ഇന്നു തന്നെ രേഖകളുമായി ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. താന്‍ 5 വര്‍ഷം മുമ്പ് ഗോവ സ്വദേശിയില്‍ നിന്നു വാങ്ങിയതാണ് ലാന്‍ഡ് ക്രൂയിസറെന്നും ലെക്സസ് ഒരു സുഹൃത്തിന്റെ വാഹനമാണെന്നുമാണ് അമിത് ചക്കാലയ്ക്കല്‍ പറയുന്നത്. ഭൂട്ടാന്‍ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നടക്കുന്ന വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോയും റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും നടത്തിയ അന്വേഷണത്തിനിടെ ഒരു ഇടനിലക്കാരനെ പിടികൂടിയതാണ് നിലവിലെ റെയ്ഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്.
ഉത്തരേന്ത്യക്കാരനായ ഈ വ്യക്തിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തിലേക്ക് മാത്രം കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയും ഭൂട്ടാനില്‍നിന്ന് അത് അനധികൃതമായി ഇന്ത്യയിലെത്തിക്കുകയും തുടര്‍ന്ന് ചില ആര്‍ടിഒ ഓഫിസ് ജീവനക്കാരുടെ കൂടി സഹായത്തോടെ അവയ്ക്ക് രേഖകള്‍ ഉണ്ടാക്കി വില്‍പന നടത്തുകയുമാണ് സംഘം ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ ഉള്ളതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന് എത്തും.
CONTENT HIGH LIGHTS; ‘Nankooramito’ Operation Numkhor?: Haste and dramatic ending?; Who was targeted by the operation?; Who called the Customs Preventive Officer?; Why is the information of other prominent people not coming out?
















