നിരവധി ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴമാണ് റംബുട്ടാൻ. ജൈവകൃഷിയോട് നന്നായി പ്രതികരിക്കുന്ന വിളയാണ് റംബുട്ടാൻ. അതിനാൽ ജൈവരീതിയിൽ കൃഷി ചെയ്യുന്നത് നല്ല വിളവ് നൽകും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ റംബുട്ടാൻ നിന്ന് മിക്ക വീടുകളിലും വളർത്തുന്നുണ്ട്.
ശരിയായ വളർച്ചയും ഉൽപാദനവും ഉറപ്പാക്കുന്നതിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ വളപ്രയോഗം ആവശ്യമുണ്ട്. ഐസിഎആർ- ഐഐഎച്ച്ആർ ശുപാർശ പ്രകാരം മരത്തിന്റെ പ്രായം അനുസരിച്ച് ഒരു വർഷം പ്രായമായ ചെടിക്ക് 5 കിലോയും 12 വർഷവും അതിൽ കൂടുതലും പ്രായമുള്ള മരങ്ങൾക്ക് പരമാവധി 25 കിലോയും ജൈവവളങ്ങൾ ഒരു വര്‍ഷം നൽകണം. കൂടാതെ 400 ഗ്രാം ഡോളമൈറ്റ്, 435 ഗ്രാം യൂറിയ, 147 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 217 ഗ്രാം പൊട്ടാഷ് എന്നിവയും മരത്തിന്റെ പ്രായത്തിന്റെ ഗുണിതങ്ങളായി നൽകണം. ഇപ്രകാരം നൽകുമ്പോൾ 12 വർഷവും അതിനു മുകളിലും പ്രായമായവയ്ക്ക് പരമാവധി 4 കിലോ ഡോളമൈറ്റ് , 5.2 കിലോ യൂറിയ,1.7 കിലോ റോക്ക് ഫോസ്ഫേറ്റ് 2.6 കിലോ പൊട്ടാഷ് എന്നിവ ഒരു വർഷം ആവശ്യമുണ്ട്. 4 വർഷം പ്രായമുള്ള മരങ്ങൾക്ക് 3 മാസം ഇടവേളയിൽ ആവശ്യമുള്ള അളവിന്റെ നാലിലൊന്ന് നൽകണം. അഞ്ചാം വർഷം മുതൽ ആവശ്യമുള്ള അളവിന്റെ 50% ശതമാനം വിളവെടുപ്പ് കഴിഞ്ഞാൽ ഉടനെയും 25% വിളവെടുപ്പിന് 9 ആഴ്ചകൾക്കു ശേഷവും ബാക്കി 25% കായ് പിടിച്ച് 4 ആഴ്ചകൾക്കു ശേഷവും നൽകാം. മരങ്ങൾ തളിർത്തുനിൽക്കുമ്പോൾ വളപ്രയോഗം ഒഴിവാക്കേണ്ടതാണ്.
എൻപികെയ്ക്കൊപ്പം എല്ലാ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ പോഷകങ്ങളും നൽകാം. അവ നൽകുന്ന കാലം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പൂവിടുന്ന സമയത്തും കായ്കളുണ്ടാവുമ്പോഴും പത്രപോഷണത്തിലൂടെ സൂക്ഷ്മമൂലകങ്ങൾ നൽകാം. ബോറോൺ അപര്യാപ്തതയുള്ളയിടങ്ങളിൽ ചെടി പൂവിടുന്നതിന് മുന്‍പ് 2 ഗ്രാം സോലുബോർ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചു കൊടുക്കുന്നതു കൊള്ളാം. വേനൽക്കാലത്ത് എംഒപി നൽകിയാൽ ദോഷമായേക്കാം. എന്നാൽ മഴക്കാലത്ത് എംഒപി നല്‍കുന്നതു കൊണ്ടു കുഴപ്പമില്ല. നിറയെ പൂവിട്ടെങ്കിലും കായ്കൾ കുറവാണ്.
കായ്പിടിത്തം കുറയുന്നതിനു പല കാരണങ്ങളുണ്ട്. പ്രധാന കാരണം പൂവിടുന്ന കാലത്തെ കൂടിയ താപനിലയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുള്ളപ്പോഴും പൂവ് കൊഴിയാറുണ്ട്. വേണ്ടത്ര പരാഗകാരികളില്ലാത്തതും ചില സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തതയും കായ്പിടിത്തത്തെ ബാധിക്കാം. ശാസ്ത്രീയ പോഷണത്തിലൂടെ പ്രശ്നം പരിഹരിക്കാം.വളർച്ചയെത്തിയ റംബുട്ടാൻ തോട്ടത്തിൽ ഇടവിളകൾക്കു സാധ്യതയില്ല. ചെയ്യുകയുമരുത്. എങ്കിൽ മാത്രമേ പരമാവധി ഉൽപാദനക്ഷമത നേടാനാകൂ. എന്നാൽ ആദ്യ രണ്ടു വർഷങ്ങളിൽ പൈനാപ്പിൾ, ഇഞ്ചി, ചേന എന്നിവയൊക്കെ ഇടവിളയാക്കാം. പപ്പായ, വാഴ എന്നിവയും ആദ്യവർഷം നടാം. എന്നാൽ ഇവ റംബുട്ടാൻ തൈകളിൽനിന്നു കുറഞ്ഞത് 3 മീറ്റർ അകലത്തിൽ വേണം. ഇടയകലം കൂടുതലുണ്ടെങ്കിൽ പരമാവധി ഒരു വർഷം കൂടി ഇവ ചെയ്യാം. എന്നാൽ വാഴ മൂന്നാം വർഷം നടരുത്. റംബുട്ടാൻ ഉയർന്നു വളരാൻ ഇതിടയാക്കും.
റംബുട്ടാൻ മൺകൂനകളിൽ വയ്‌ക്കേണ്ടതുണ്ടോ?
അവ്ക്കാഡോയിലും ദുരിയാനിലും വേരുകൾ നശിച്ചുപോകാനുള്ള സാധ്യത കൂടുമെന്നതിനാല്‍ അവയ്ക്ക് ഉയർന്ന തടങ്ങള്‍ വേണം. റംബുട്ടാന് അത്രയും ഭീഷണിയില്ലെങ്കിലും അൽപം ഉയർന്ന തടത്തിൽ നടുന്നതുതന്നെ നന്ന്. ഏതായാലും റംബുട്ടാൻ നടുന്ന ഭാഗം കുഴിയായിരിക്കരുത്. ആഴത്തിൽ വളരുന്ന തായ്‌വേര് ഇല്ലാത്തതുകൊണ്ട് പാർശ്വവേരുകൾക്ക് വളരാവുന്ന വിധത്തില്‍ വലിയ തടമെടുത്താണ് നടേണ്ടത്.
പരമ്പരാഗതമായി 40x 40 അടി ഇടയകലത്തിലാണ് റംബുട്ടാൻ നടുക. ഏക്കറിൽ 27 ചെടികൾ മാത്രം. കാലക്രമത്തിൽ മരങ്ങൾ പടർന്നുവളർന്ന് മികച്ച ഉൽപാദനക്ഷമത നൽകുമെന്നതാണ് ഇതിന്റെ മെച്ചം. എന്നാൽ പരമാവധി ഉൽപാദനത്തിലെത്താൻ (5–7 ടൺ) 6–8 വർഷം വേണ്ടിവരുമെന്നത് ഈ രീതിയുടെ ന്യൂനതയും. ആദ്യ വർഷങ്ങളിൽ കളനിയന്ത്രണത്തിനു കൂടുതൽ പണം ചെലവാക്കേണ്ടിവരുമെന്നതും ഈ രീതിയുടെ ദോഷമാണ്. ഇതിനു പരിഹാരമായി 20×20 അടി അകലത്തിൽ അതിസാന്ദ്രതാക്കൃഷി നടത്താം. ഏക്കറിന് 108 മരങ്ങൾ നടാം. നല്ല പരിചരണം നൽകിയാൽ മൂന്നാം വർഷം 2–2.5 ടൺ ഉൽപാദനം കിട്ടുമെന്നതാണ് ഇതിന്റെ മേന്മ. അഞ്ചാം വർഷം ഇത് 5 ടണ്ണായി വർധിക്കുകയും ചെയ്യും. അതായത്, മുൻരീതിയെ അപേക്ഷിച്ച് 3 വർഷംമുൻപ് പരമാവധി ആദായം ഉറപ്പാക്കാം. എന്നാൽ കൂടുതൽ അടുത്തു വളരുന്നതിനാൽ എല്ലാ വർഷവും നല്ല രീതിയിൽ പ്രൂണിങ് വേണ്ടിവരും. ശ്രമകരമായ ഈ ജോലി നടപ്പാക്കാൻ കഴിയുന്നവർക്ക് ഈ രീതിയിലേക്കു മാറാം. ഇതിനു രണ്ടിനുമിടയിൽ 20×40 അടി അകലത്തിൽ ഏക്കറിന് 54 റംബുട്ടാൻ നടുന്ന രീതിയുമുണ്ട്. കാലാവസ്ഥ,സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ സ്വഭാവം എന്നിവ അനുസരിച്ച് 27 അടി മുതൽ 40 അടി വരെ അകലത്തിലും നടാം. ഇങ്ങനെയെങ്കില്‍ ഏക്കറിൽ 35–40 തൈകൾ നടാം.
മികച്ച റംബുട്ടാൻ ഇനങ്ങള്‍
എൻ18, റോങ് റിയാൻ, മൽവാന, സ്കൂൾ ബോയ്, സീസർ, കിങ് തുടങ്ങി ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും ഉയർന്ന ഉൽപാദനവും സൂക്ഷിപ്പുകാലാവധിയുമുള്ള N18 ആണ് വാണിജ്യക്കൃഷിക്കു കൂടുതൽ ഉപയോഗിച്ചുവരുന്നത്. സ്ഥലത്തിനു യോജിച്ച ഇനം കണ്ടെത്തണം. തൈ വാങ്ങുമ്പോള്‍ നന്നായി ചേർന്നൊട്ടിയ ബഡ് ആണെന്ന് ഉറപ്പാക്കണം. ഒട്ടുകമ്പ് (സയൺ) നല്ല മാതൃവൃക്ഷത്തിൽനിന്നുള്ളതായിരിക്കണം. പ്രായമുള്ളതും നല്ല വിളവ് നല്‍കുന്നതുമായ മരങ്ങളിൽനിന്നുള്ള റൂട്ട് സ്റ്റോക്കാണ് നന്ന്.
















