തന്റെ ലൈംഗികാസക്തി തീര്‍ക്കാന്‍ ഒരു സ്ഥാപനം തന്നെ നടത്തുകയും, അവിടെ പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളെ തന്റെ പ്രഭാവലയത്തിലാക്കി ലൈംഗിക ബന്ധം നടത്തുകയും ചെയ്യുകയാണ് ഒരു ആള്‍ദൈവം. ഡെല്‍ഹി വസന്ത് കുഞ്ച് കേന്ദ്രമായുള്ള ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയാണ് ഈ ആള്‍ ദൈവം. ഇക്കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ് മാധ്യമങ്ങളില്‍. നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ആള്‍ദൈവത്തിന്റെ കപടമുഖം അഴിഞ്ഞു വീണിരിക്കുകയാണ്.
രാത്രി വളരെ വൈകിയും ചൈതന്യാനന്ദയുടെ ക്വാര്‍ട്ടേഴ്‌സിലെത്താന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചിരുന്നു ഇയാള്‍. വിദ്യാര്‍ഥികളില്‍ ഒരാളുടെ പേര് മാറാന്‍ പോലും നിര്‍ബന്ധിച്ചുവെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. 30 ഓളം വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചൈതന്യാനന്ദക്കെതിരെ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 17 വിദ്യാര്‍ഥിനികളാണ് പാര്‍ത്ഥ സാരഥി എന്നും അറിയപ്പെടുന്ന ഈ ആള്‍ദൈവത്തിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാതൃ ആശ്രമത്തിന്റെ മേധാവികളില്‍ ഒരാളുമാണ് ഇയാള്‍.
ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാര്‍ത്ഥസാരഥിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. ബിരുദാനന്തര ബിരുദ മാനേജ്മെന്റ് ഡിപ്ലോമ വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികളെ സ്‌കോളര്‍ഷിപ്പോടെ പഠിപ്പിക്കുന്ന സ്ഥാപനമാണ് ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ്. സ്വാമി ചൈതന്യാനന്ദ നിരന്തരം അശ്ലീല ഭാഷ ഉപയോഗിക്കുന്നുവെന്നും മോശം സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്നും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നും പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.
പ്രതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ചില വനിതാ ജീവനക്കാരടക്കമുള്ളവര്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുടെയും വിശദമായ മൊഴിയെടുക്കലിന്റെയും അടിസ്ഥാനത്തില്‍ സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗികാതിക്രമത്തിനുള്‍പ്പടെ കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇയാള്‍ ഒളിവിലായതിനാല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ അവസാന ലൊക്കേഷനായി കാണിക്കുന്നത് ആഗ്രയാണ്.
ഇയാള്‍ക്കായി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന വോള്‍വോ കാറില്‍ നിന്ന് വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം വഹിച്ചിരുന്ന പദവികളില്‍ നിന്ന് ഇയാളെ നീക്കിയതായി ആശ്രമം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ ആരും കാണാതെ കാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു.
സ്വാമിക്ക് വഴങ്ങിയില്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയിരുന്നതായും എഫ്.ഐ.ആറിലുണ്ട്. അനുസരിച്ചാല്‍ വിദേശയാത്രയടക്കമുള്ള വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. പരാതിയില്‍ വസന്ത് കുഞ്ജ് നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവില്‍ പോയ ചൈതന്യാനന്ദയെ കണ്ടെത്താന്‍ പൊലീസ് വ്യത്യസ്ത സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ഇയാള്‍ രാജ്യംവിടുന്നത് തടയാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
- സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥിനിയായിരുന്ന 21 കാരി പറയുന്നു
കഴിഞ്ഞ വര്‍ഷമാണ് ചൈതന്യാനന്ദയെ പരിചയപ്പെട്ടത്. അദ്ദേഹമായിരുന്നു ചാന്‍സലര്‍. അദ്ദേഹത്തിന്റെ ഓഫിസ് കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്‌ലോറിലായിരുന്നു. ഞങ്ങളുടെ ക്ലാസും അതേ നിലയിലായിരുന്നു. ഒരു പരിക്കിനെ അതിജീവിച്ചാണ് ഞാന്‍ കോളിലെത്തിയത്. എന്റെ സീനിയറായി പഠിച്ചിരുന്നയാള്‍ അതിന്റെ മെഡിക്കല്‍ രേഖകള്‍ ചൈതന്യാനന്ദക്ക് കൈമാറാന്‍ പറഞ്ഞു. ആ റിപ്പോര്‍ട്ടുകള്‍ കൈമാറിയതിന് പിന്നാലെ അയാള്‍ അനുചിതമായ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി.”ബേബി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്നെ ഞാന്‍ ആരാധിക്കുന്നു. ഇന്ന് നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്”എന്നൊക്കെയുള്ള മേസേജുകളാണ് അയച്ചിരുന്നത്. മുടിയെ കുറിച്ചും വര്‍ണിച്ചു.
ഒറ്റ മെസേജിനും ഞാന്‍ മറുപടി അയച്ചില്ല. അതിനു ശേഷം ആദ്യമയച്ച മെസേജുകള്‍ ടാഗ് ചെയ്ത് മറുപടി അയക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതെ കുറിച്ച് അസോസിയേറ്റ് ഡീനിന് പരാതി നല്‍കി. എതിര്‍പ്പ് പരസ്യമാക്കിയപ്പോള്‍ ഹാജര്‍നിലയില്‍ ക്രമക്കേട് കാണിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ വന്നുതുടങ്ങി. പരീക്ഷ പേപ്പറുകളില്‍ മാര്‍ക്കുകളില്‍ കൃത്രിമത്വം കാണിച്ചു. 2025 മാര്‍ച്ചില്‍ അയാള്‍ പുതിയ ബി.എം.ഡബ്ല്യു കാര്‍ വാങ്ങിയപ്പോള്‍ പൂജക്കായി സഹപാഠികളെ ക്ഷണിച്ച് ഋഷികേശിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നപ്പോഴും മോശം കമന്റുകള്‍ അയക്കുന്നത് തുടര്‍ന്നു. ഒരിക്കല്‍ ഫോണില്‍ ചൈതന്യാനന്ദ അയച്ച സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുതിര്‍ന്ന അധ്യാപികമാര്‍ സമീപിച്ചു.
ഹോളി കഴിഞ്ഞ ശേഷം അയാള്‍ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചു. ബേബി എന്ന് വിളിച്ചാണ് സംസാരിച്ചു തുടങ്ങിയത്. എന്നെ അങ്ങനെ വിളിക്കരുതെന്ന് ഞാനയാളോട് പറഞ്ഞു. അയാള്‍ ഉടനെ മൊബൈല്‍ എടുത്ത് എന്റെ ഒരു വിഡിയോ റെക്കോഡ് ചെയ്യാന്‍ തുടങ്ങി. അത് എന്റെ ഫോണിലേക്ക് അയച്ചു തന്നിട്ട് നീ വളരെ സുന്ദരിയാണെന്ന് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ അര്‍ധരാത്രിയില്‍ ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു.”
- ഒരു പെണ്‍കുട്ടിക്ക് അയച്ച സന്ദേശം : “എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ട”- എന്നാണ്
- മറ്റൊരു വിദ്യാര്‍ഥിനിക്ക് അയച്ച സന്ദേശം : ‘അനുസരിച്ചില്ലെങ്കില്‍ നിന്റെ മാര്‍ക്ക് കുറയും, കരിയര്‍ തന്നെ നശിപ്പിക്കും’ എന്നായിരുന്നു.
- മൂന്ന് വനിത വാര്‍ഡര്‍മാര്‍ ചൈതന്യാനന്ദയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിരന്തരം വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചിരുന്നതായും പരാതിയുണ്ട്. അവരെയും കൂട്ടുപ്രതികളായി ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
- 28 ഓളം പുസ്തകങ്ങള്‍ എഴുതിയെന്നാണ് ചൈതന്യാനന്ദ അവകാശപ്പെടുന്നത്. ആ പുസ്തകങ്ങളില്‍ റിവ്യൂ എഴുതിയിരിക്കുന്നത് പ്രമുഖരാണ്.
- ചൈതന്യാനന്ദയുടെ അക്കാദമിക് പ്രൊഫൈലിലെ വിവരങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നാണ് പൊലീസ് കരുതുന്നത്.
യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ‘ട്രാന്‍സ്‌ഫോര്‍മിങ് പേഴ്‌സണാലിറ്റി’ എന്ന പുസ്തകത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നതായി ചൈതന്യാനന്ദയുടെ ഒരു പുസ്തകത്തിലെ പ്രൊഫൈലില്‍ അവകാശപ്പെടുന്നുണ്ട്. യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിനന്ദന സന്ദേശവും പുസ്തകത്തിലുണ്ട്. ഈ പുസ്തകങ്ങളുടെയെല്ലാം പുറംചട്ടയില്‍, 28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച ‘അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്‍’ എന്നാണ് ചൈതന്യാനന്ദ സ്വയം പരിചയപ്പെടുത്തുന്നത്. ഫോര്‍ഗെറ്റ് ക്ലാസ്‌റൂം ലേണിങ് എന്ന പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ആണ്. ‘മാനേജ്‌മെന്റിന്റെ പ്രായോഗിക ലോകത്തേക്കുള്ള അഭൂതപൂര്‍വമായ തയാറെടുപ്പിനും വഴികാട്ടിയുമാണ്’ ചൈതന്യാനന്ദയുടെ പുസ്തകമെന്ന് സ്റ്റീവ് ജോബ്‌സ് പറഞ്ഞതായി പുസ്തകത്തിന്റെ മുന്‍പേജില്‍ ഉദ്ധരിക്കുന്നു. ഇയാള്‍ക്കെതിരെ അഞ്ചു കേസുകള്‍ നിലവിലുണ്ട്.
ഇതൊക്കെയാണ് ആള്‍ദൈവത്തിന്റെ കേളികള്‍. പെണ്‍കുട്ടികളെ കാണാതെയും, അവരോട് സംസാരിക്കാതെയും ഒരു ദവിസം കടന്നു പോകാത്ത കള്ള സ്വാമി. പോലീസിന്റെ വലയില്‍ ഈ കള്ളസ്വാമി വീഴുമെന്നുറപ്പാണെങ്കിലും രക്ഷപ്പെടാന്‍ ആയിരം മാര്‍ഗങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഭരണകൂടം.
CONTENT HIGH LIGHTS; Godman and sex addiction?: ‘Come to my room, let’s go abroad, don’t spend a single penny,’ the message says; What are Chaitanya Nanda Saraswati’s leela addresses like?
















