മിക്കവരുടെയും വീടുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചിലന്തി ശല്യം. അടുക്കള മുതൽ ബെഡ് റൂമിലും ബാത്റൂമികളിലും വരെ ചിലന്തി ശല്യം രൂക്ഷമാണ്. വീടിന്‍റെ മുക്കും മൂലയും പല തവണ വൃത്തയാക്കിയാലും നിമിഷ നേരം മതി ചിലന്തി വല കൊണ്ട് നിറയാൻ. പൊതുവെ നിരുപദ്രവകാരികളാണെങ്കിലും ചിലയിനം വിഷമുള്ള ചിലന്തിയുടെ കടിയേൽക്കുന്നത് ചൊറിച്ചിൽ ഉൾപ്പെടെ മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും.
അതിനാൽ വീടുകളിൽ നിന്ന് ചിലന്തിയെ തുരത്തേണ്ടത് അത്യാവശ്യമാണ്. ചിലന്തി ശല്യം ഒഴിവാക്കാൻ പല മാർഗങ്ങളും പരീക്ഷിച്ച് മടുത്തവരായിരിക്കും മിക്കവരും. എന്നാൽ ചില ചെടികൾ നട്ടുവളർത്തുന്നത് വീടിനകത്ത് ചിലന്തികൾ കയറാതെ തടയാൻ സഹായിക്കും.
ഇതിനു പുറമെ വീടിന്‍റെ അകത്തളങ്ങൾ കൂടുതൽ മനോഹരമാക്കാനും ഇതിലൂടെ സാധിക്കും. അത്തരത്തിൽ ചിലന്തിയുടെ ശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
തുളസി
എട്ടുകാലികളെ തുരത്താൻ ഏറ്റവും ഫലപ്രദമായ ഒരു സസ്യമാണ് തുളസി. ഇതിന്‍റെ രൂക്ഷ ഗന്ധം എട്ടുകാലികളെ അകറ്റി നിർത്താൻ സഹായിക്കും. അതിനാൽ വീടിന്‍റെ ജനാലകൾ, വാതിലുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളുടെ സമീപം തുളസി തൈകൾ വളർത്താം. ഇങ്ങനെ ചെയ്യുന്നത് വഴി വീടിനകത്തേക്ക് എട്ടുകാലികൾ പ്രവേശിക്കുന്നത് തടയാൻ സാധിക്കും. ഇതിനുപുറമെ തുളസിയില കൊണ്ടുണ്ടാക്കിയ ലായനി സ്പ്രേ ചെയ്‌ത് കൊടുക്കുന്നതും എട്ടുകാലി ശല്യം ഇല്ലാതാക്കാൻ സഹായിക്കും.
പുതിന
പുതിനയുള്ള ഇടങ്ങളിലും എട്ടുകാലികൾക്ക് വസിക്കാൻ കഴിയില്ല. ജനലുകൾ, അടുക്കള എന്നിവിടങ്ങളിൽ പുതിന ചെടി വളർത്താം. ഇതിന്‍റെ ഗന്ധമുള്ള ഇടങ്ങളിൽ പൊതുവെ എട്ടുകാലികളെ കാണാറില്ല. പുതിന ലായനി വീടിന്‍റെ മുക്കിലും മൂലയിലും സ്പ്രേ ചെയ്യുന്നതും എട്ടുകാലി ശല്യം ഒഴിവാക്കാൻ സഹായിക്കും.
യൂക്കാലിപ്റ്റസ്
നല്ല സുഗന്ധം പരത്തുന്ന മറ്റൊരു സസ്യമാണ് യൂക്കാലിപ്റ്റസ്. ചിലന്തികളെയും മറ്റ് കീടങ്ങളെയും അകറ്റാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വീടിനകത്ത് ഒരു ചെടിച്ചട്ടിയിൽ യൂക്കാലിപ്റ്റസ് ചെടിയുടെ തണ്ടുകൾ നട്ടുവളർത്താം. വീടിനകത്ത് തങ്ങുന്ന എട്ടുകാലികളെ ഓടിക്കാൻ ഇത് ഫലപ്രദമാണ്. മാത്രമല്ല വായു ശുദ്ധീകരിക്കാനും വീടിനുള്ളിൽ സുഗന്ധം പരത്താനും ഈ ചെടി സഹായിക്കും.
ലെമൺ ബാം
കാഴ്‌ചയിൽ പുതിനയോട് സാമ്യമുള്ള ഒരു ചെടിയാണ് ലെമൺ ബാം. ഇവയും എട്ടുകാലികളെ തുരത്താൻ സഹായിക്കുന്ന ഒരു സസ്യമാണ്. ഇതിന്‍റെ സിട്രസ് സുഗന്ധം എട്ടുകാലികളെ അകറ്റി നിർത്താനും വീടിനുള്ളിൽ സുഗന്ധം പരത്താനും ഗുണകരമാണ്. ഇവയുടെ ഇലകൾ ചേർത്തുണ്ടാക്കിയ ലായനിയും എട്ടുകാലികളെ അകറ്റാൻ ബെസ്റ്റാണ്.
ലാവെൻഡർ
എട്ടുകാലി ശല്യം ഒഴിവാക്കാൻ ലാവെൻഡർ ചെടികൾ സഹായിക്കും. ഇതിന്‍റെ ഗന്ധം എട്ടുകാലികൾക്ക് താങ്ങാൻ കഴിയില്ല. വീടിന്‍റെ അകത്തങ്ങളിലോ ബാൽക്കണിയിലോ ലാവെൻഡർ ചെടി വളർത്തുന്നത് ദീർഘകാലത്തേക്ക് എട്ടുകാലികളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും. വീട്ടിനുള്ളിൽ ഇത് വളർത്തുന്നത് സുഗന്ധം പരത്താനും സമ്മർദ്ദം കുറയ്ക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഗുണപ്രദമാണ്.
















