ഓപ്പറേഷന്‍ നുംഖോര്‍ ഇളക്കി വിട്ട നിരവധി സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. അതെല്ലാം ചെന്നു തറച്ചത് നടന്‍ ദുല്‍ഖര്‍ സല്‍മാനും, അദ്ദേഹം വാങ്ങിയ കാറുകളിലുമാണ്. ഒപ്പം നടന്‍ പൃഥ്വിരാജിനും മറ്റൊരു നടനും ഏറ്റിട്ടുണ്ട്. എന്നാല്‍, ഓപ്പറേഷന്‍ നുംഖോറിന് മറുപടി നല്‍കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ മാത്രമാണ്. മറ്റുള്ളവര്‍ ആരും തന്നെ കോടതിയെ സമീപിച്ചതായി വിവരങ്ങള്‍ വന്നിട്ടില്ല. വിവരങ്ങള്‍ പുറത്തു വരാത്തതിനാല്‍ അഴരാരും നിയമനടപടികള്‍ എടുത്തിട്ടില്ല എന്നര്‍ത്ഥമില്ല. എന്നാല്‍, ദുല്‍ഖര്‍, തന്റെ വാഹനങ്ങള്‍ വിട്ടു നല്‍കണമെന്നും, വാഹനവുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ എവിടെ വേണമെങ്കിലും കാണിക്കാന്‍ തയ്യാറാണെന്നും നിയമപരമായാണ് അറിയിച്ചിരിക്കുന്നത്. അതാണ് ഇവിടെ എടുത്തു പറയേണ്ടതും.
ഇനി ഓപ്പറേഷന്‍ നുംഖോര്‍ കൊണ്ട് കസ്റ്റംസ് ഉദ്ദേശിച്ചത് എന്താണെന്നും, ആരാണ് ദുല്‍ഖറിന്റെ മറുപടിക്ക് ബദല്‍ നല്‍കേണ്ടതെന്നുമാണ് അറിയേണ്ടത്. കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ ഓപ്പറേഷന്‍ നടത്തുകയും വൈകിട്ടോടെ അത് വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ പാതി വഴിയില്‍ നിര്‍ത്തിപ്പോകേണ്ടി വരാനുണ്ടായ സാഹചര്യവും നാടകീയത നിറഞ്ഞ സംഭവങ്ങളായി കേരളത്തില്‍ നില്‍പ്പുണ്ട്. പൃഥ്വിരാജിന്റെ വാഹനം പിടിച്ചെടുക്കാനായില്ലെന്നും, അതിനായി തിരയുകയാണെന്നും കസ്റ്റംസ് അധികൃതര്‍ പറയുകയും ചെയ്യുന്നുണ്ട്. മറ്റൊരു നടന്റെ വാഹനം പിടിച്ചെടുത്തെന്നും, അയാളില്‍ നിന്നും മൊഴിയെടുത്തെന്നും പറഞ്ഞു.
എന്നാല്‍ ദുല്‍ഖറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രണ്ടു വാഹനങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് കൂടുതലായും സംസാരിച്ചതും അതിലേക്കാണ് സംശയങ്ങള്‍ നീണ്ടതും. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകനും, തിരക്കേറിയ യുവനടനായതു കൊണ്ടും ദുല്‍ഖറിന്റെ പേരാണ് ഓപ്പറേഷന്‍ നുംഖോറില്‍ ഉയര്‍ന്നു കേട്ടതും. അതുകൊണ്ടു തന്നെ ദുല്‍ഖറിന്റെ വാഹനവുമായി ബന്ധപ്പെട്ടു നടന്ന വിഷയങ്ങളില്‍ സത്യം പുറത്തു വരേണ്ടത് അത്യാവശ്യമാണ്. അത് പറയേണ്ടത് ദുല്‍ഖറും കസ്റ്റംസുമാണ്. ഇതില്‍ കസ്റ്റംസിന്റെ റെയ്ഡില്‍ ദുല്‍ഖറിന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു എന്നത് വസ്തുതയാണ്. അത് ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന് രജിസ്‌ട്രേഷന്‍ മാറ്റിയതാണ് എന്നതു കൊണ്ടാണ് പിടിച്ചതെന്നും കസ്റ്റംസ് പറയുകയു ചെയ്തിട്ടുണ്ട്.
ഈ സമയത്തൊന്നും ദുല്‍ഖറിന്റെ പ്രതികരണണോ, പ്രസ്താവനയോ ഒന്നും വന്നിരുന്നില്ല. എന്നാല്‍, ഇന്ന് ദുല്‍ഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ കസ്റ്റംസിന്റെ നടപടിക്ക് മറുപടി കിട്ടിയിരിക്കുകയാണ്. ഇനി സത്യം പറയേണ്ടത് കസ്റ്റംസാണ്. എന്തനിയാരുന്നു ഓപ്പറേഷന്‍ നുംഖോര്‍ നടത്തിയത്. ആരെയാണ് ലക്ഷ്യമിട്ടത്. ലക്ഷ്യം നിറവേറപ്പെട്ടോ. കുറ്റകൃത്യം കണ്ടെത്തിയോ. അതോ സംശയത്തിന്റെ പേരിലാണോ വാഹനം പിടിച്ചെടുത്തത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കസ്റ്റംസ് ഉത്തരം നല്‍കേണ്ടി വരും. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും വിധേയമായാണ് താന്‍ വാഹനം വാങ്ങിയതെന്നും, നടപടികള്‍ ഒഴിവാക്കി തന്റെ വാഹനങ്ങള്‍ തിരികെ തരണമെന്നും ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയത്. എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത്. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പബ്ലിസിറ്റിയാണ് നല്‍കിയത്. എന്തു താല്‍പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുര്‍ഖര്‍ വാഹനം എങ്ങനെയാണ് താന്‍ വാങ്ങിയത് എന്നും വിശദീകരിക്കുന്നുണ്ട്.
ഭൂട്ടാന്‍ വാഹനമാണോ എന്നു നോക്കേണ്ടിയിരുന്നത് ഹിമാചലില്‍; ഇവിടെ പ്രധാനം എന്‍ഒസി മാത്രം, ആദ്യ റജിസ്‌ട്രേഷനില്‍ ശ്രദ്ധവേണം. ഇന്‍വോയിസ് അനുസരിച്ച് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡല്‍ഹിയിലെ റീജിണല്‍ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹല്‍ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥന്‍ ഹബീബ് മുഹമ്മദില്‍ നിന്നാണ് താന്‍ വാഹനം വാങ്ങിയ ആര്‍തീ പ്രൊമോട്ടേഴ്‌സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നത്. 2016ല്‍ ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള താജ് മഹല്‍ കമ്പനിയുടെ രേഖയും താന്‍ സമര്‍പ്പിച്ചിരുന്നു. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആര്‍തീ പ്രൊമോട്ടേഴ്‌സ് നല്‍കിയ രേഖകളും താന്‍ ഹാജരാക്കിയിരുന്നുവെന്ന് ദുല്‍ഖര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
വാഹന കൈമാറ്റം എല്ലാ വിധത്തിലും നിയമവിധേയമാണെന്നും വാഹനം ഗതാഗത വകുപ്പില്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണ് താന്‍ വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഇറക്കുമതിയും നിയമപരമാണെന്നാണ് ഇന്‍വോയിസും കസ്റ്റംസ് രേഖകളും തെളിയിക്കുന്നത് എന്നാണ് മനസിലായതും. അതല്ലാതെ 2004 മുതല്‍ ഒരു വാഹനം എങ്ങനെയൊക്കെ കൈമാറിയെന്ന് ഒരു വ്യക്തിക്ക് പരിശോധിച്ച് അറിയാനുള്ള സംവിധാനം ഇവിടെയില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ തന്റെ പ്രതിനിധി വാഹനം സംബന്ധിച്ച എല്ലാ രേഖകളും കൈമാറിയെങ്കിലും അതൊന്നു നോക്കാന്‍ കൂട്ടാക്കാതെയാണ് വാഹനങ്ങള്‍ കൊണ്ടുപോയത്. വാഹനത്തിന്റെ കൈവശാവകാശം, ഉടമസ്ഥാവകാശം, വാഹനം നേരത്തെ ആരെല്ലാം ഉപയോഗിച്ചിരുന്നു, ആരില്‍ നിന്നാണ് കൈമാറിയത് തുടങ്ങിയ രേഖകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കാം.
കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. തന്റെ പ്രതിനിധികള്‍ ചില രേഖകള്‍ ഹാജരാക്കിയെങ്കിലും അതൊന്നും പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തത്. എന്തൊക്കെ രേഖകള്‍ സ്വീകരിച്ചു എന്നതും അറിയിച്ചില്ല. വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധവും അത് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. നിയമപരമായി തന്നെയാണ് വാഹനം ഇറക്കുമതി നടത്തിയവര്‍ അത് ചെയ്തിരിക്കുന്നത് എന്നാണ് ബില്ലുകള്‍ തെളിയിക്കുന്നത്. അതിന്റെ ഇന്‍വോയിസ് അടക്കം ഹാജരാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എങ്ങനെയാണ് വാഹനം ഇവിടെ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാതെ പിടിച്ചെടുക്കാന്‍ പാടില്ല. വാഹനത്തിന്റെ നിയമപരമായ ഉടമസ്ഥന്‍ എന്ന കാര്യത്തിന് തെളിവുണ്ടെന്നിരിക്കെ, വെറും സംശയത്തിന്റെ പേരില്‍ ഇത്തരം നടപടികള്‍ പാടില്ലായിരുന്നു എന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഭൂട്ടാന്‍ വഴി ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് കേരളത്തില്‍ ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തതിന് പുറമെ, ഇത്തരത്തിലുള്ള കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളില്‍ പരിശോധന നടന്നത്.
- കസ്റ്റംസ് അധികൃതര്‍ റെയ്ഡിനു ശേഷം പറഞ്ഞത്
150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് കസ്റ്റംസിന്റെ വാദം. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജിഎസ്ടി തട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടര്‍ നടപടി. ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം. പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്കു വരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നീ നടന്‍മാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പൃഥിരാജിന്റെ വാഹനങ്ങള്‍ ഒന്നും നിലവില്‍ പിടികൂടിയിട്ടില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. 2014ല്‍ നിര്‍മിച്ച വാഹനം 2005ല്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ഒന്നാമത്തെ യൂസറായി കാണിച്ചിട്ടുണ്ട്. ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കാറുകളില്‍ സ്വര്‍ണവും മയക്കുമരുന്നുകളും കൊണ്ട് വരുന്നുണ്ടെന്ന് വിവരങ്ങളും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം വാങ്ങിയതും വിറ്റിട്ടുള്ളതും പൂര്‍ണ്ണമായും നിയമവിരുദ്ധമായ ഇടപാടുകളിലൂടെയാണ്. ഇത് ആരൊക്കെയാണ് വാങ്ങിയതെന്ന പട്ടിക കസ്റ്റംസ് തയ്യാറാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പിടിച്ചെടുത്ത മറ്റു വാഹനങ്ങളുടെ ഉടമസ്ഥര്‍ ഒന്നും കോടതിയെ സമീപിച്ചിട്ടില്ല എന്നാണ് അറിയുന്നത്. എന്നാല്‍, ദുല്‍ഖര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ വെട്ടിലായത് കസ്റ്റംസാണ്. കാരണം, ദുല്‍ഖറിന്റെ വാഹനങ്ങളുടെ നിജസ്ഥിതി കസ്റ്റംസിന് പറയേണ്ടിവരും. ഇല്ലെങ്കില്‍ ദുല്‍ഖര്‍ പറയുന്നത് കളവാണെന്നു പറയേണ്ടി വരും. നിയമപരമായി വാങ്ങിയ വാഹനത്തിന്റെ റെക്കോര്‍ഡുകള്‍ പരിശോധിക്കാതെ, ഭൂട്ടാന്‍ വാഹനമായതുകൊണ്ട് പിടിച്ചെടുത്തു എന്നു പറയുന്നതില്‍ ന്യായമില്ല. ടാക്‌സോ, ഇന്‍ഷുറന്‍സോ, വണ്ടിക്ക് ബുക്കും പേപ്പറും ഇല്ലാതെ വരികയോ, കല്‌ളക്കടത്തു നടത്തിയെന്ന് തെളിവുണ്ടെങ്കിലോ പിടിച്ചെടുക്കാം. അല്ലാതെ, സംശയത്തിന്റെ പുറത്ത് വാഹനങ്ങള്‍ പിടിക്കുന്നതിനെയാണ് ദുര്‍ഖര്‍ കോടതിയില്‍ ചലഞ്ച് ചെയ്തിരിക്കുന്നത്.
CONTENT HIGH LIGHTS;Dulquer Salmaan’s response to Operation Numkhor?: Was it a raid by customs or Dulquer’s demand?; Now what we need to know is the truth?
















