പോഷകഗുണങ്ങൾ സമ്പന്നമാണ് ബീറ്റ്റൂട്ട്. രക്തസമ്മർദം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ബീറ്റ്റൂട്ട് മികച്ചതാണ്. ബീറ്റ്റൂട്ടിനായി വിപണിയെയാണ് ഏറെപ്പേരും ആശ്രയിക്കുന്നത്. എന്നാല്‍ നമുക്ക് തന്നെ വിളയിച്ചെടുക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട്. തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണയായി ഇതു കൂടുതലായി വളരുന്നതെങ്കിലും അനായാസം തന്നെ ഇതു നമ്മുടെ അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം.
ബീറ്റ്‌റൂട്ട് കൃഷിയില്‍ ഒരു പരീക്ഷണത്തിന് തയ്യാറാണെങ്കില്‍ നടാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്. ഡെട്രോയിറ്റ് ഡാര്‍ക്ക് റെഡ്, ക്രോസ്ബി ഈജിപ്ഷ്യൻ, ഏര്‍ലി വണ്ടര്‍ തുടങ്ങിയ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്‌ക്ക് ഏറെ അനുയോജ്യം.
മണ്ണില്‍ തടമെടുത്തോ ഗ്രോ ബാഗിലും പ്ലാസ്റ്റിക് പത്രങ്ങളിലുമായോ ബീറ്റ്‌റൂട്ട് വളര്‍ത്താം. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് ബീറ്റ്‌റൂട്ട് കൃഷിക്ക് ഏറെ അനുയോജ്യം. മണ്ണിൻ്റെ pH: 6.0 നും 7.0 നും ഇടയിൽ അഭികാമ്യം. മണ്ണിൻ്റെ ഫലഭൂയിഷ്ഠതയും ഘടനയും മെച്ചപ്പെടുത്തുന്നതിന് ധാരാളം കമ്പോസ്റ്റോ നന്നായി അഴുകിയ വളമോ ഉപയോഗിക്കുക.
വിത്ത് മുളപ്പിച്ചോ അല്ലെങ്കില്‍ കിഴങ്ങിൻ്റെ മുകള്‍ ഭാഗത്ത് നിന്നും പുതിയ തൈകൾ ഉൽപാദിപ്പിച്ചോ ബീറ്റ്‌റൂട്ട് നടാം. വിത്തുകള്‍ നേരിട്ട് മണ്ണിലേക്ക് നടാം. ഇതിന് മുമ്പ് ഒരു 10-30 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തുവക്കുന്നത് നല്ലതാണ്. വിത്തുകൾ ഏകദേശം 1-2 സെൻ്റീമീറ്റർ ആഴത്തിൽ നടുക. ഓരോന്നും തമ്മില്‍ 4-6 ഇഞ്ച് അകലത്തിലാണ് വയ്‌ക്കേണ്ടത്.
മണ്ണ് എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്താനുള്ള നനവ് വേണം. എന്നാല്‍ വെള്ളം കെട്ടിനിൽക്കരുത്. കാലാവസ്ഥയെ ആശ്രയിച്ച് ഓരോ 2-3 ദിവസത്തിലും നന്നായി നനയ്ക്കുക. ഇല രോഗങ്ങൾ തടയാൻ ചെടിയുടെ ചുവട്ടിൽ തന്നെ വെള്ളം വീഴ്‌ത്താന്‍ ശ്രദ്ധിക്കണം. ബീറ്റ്റൂട്ട് പൂർണ്ണ സൂര്യപ്രകാശത്തിൽ നന്നായി വളരും. ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ഉറപ്പുവരുത്തുക.
വേരുകൾ വീർക്കാൻ തുടങ്ങുമ്പോൾ (ഏകദേശം ഒരു ഗോൾഫ് ബോളിൻ്റെ വലുപ്പം), കുറഞ്ഞ അളവിൽ നൈട്രജൻ അടങ്ങിയതും പൊട്ടാസ്യം അടങ്ങിയതുമായ വളം പ്രയോഗിക്കാം. ചാണകപ്പൊടി പോലുള്ളവ ജൈവ ഓപ്‌ഷനാണ്. ഇലകളുടെ അമിത വളര്‍ച്ച തടയുന്നതിനായി ഉയർന്ന അളവിലുള്ള നൈട്രജൻ്റെ പ്രയോഗം ഒഴിവാക്കുക. വിതച്ച് 2-3 മാസത്തിനുള്ളിൽ ബീറ്റ്റൂട്ട് വിളവെടുപ്പിന് തയ്യാറാകും.
















