തമിഴക വെട്രി കഴകം കഴിഞ്ഞ ശനിയാഴ്ച കരൂരില്‍ നടത്തിയ യോഗത്തില്‍ നടന്ന തിക്കും തിരക്കും അതിനെ തുടര്‍ന്നുണ്ടായ മരണങ്ങളും ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്നാണ് തമിഴ് പ്രാദേശിയ മാധ്യമങ്ങളും യൂ ട്യൂബ് ചാനലുകളും ചോദിക്കുന്നത്. നിരവധി സംശയങ്ങളും തെളിവുകളും ഇതിനകം തമിഴ് പ്രാദേശിക മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയാ വാര്‍ത്തകളിലും പുറത്തുവന്നു കഴിഞ്ഞു. എം.ജി.ആറിനു ശേഷം തമിഴ്മക്കളെ ഇത്രയധികം തെരുവിലേക്ക് നയിച്ച മറ്റൊരു നേതാവും ഉണ്ടായിട്ടില്ല എന്നതു തന്നെയാണ് ഇതിനു കാരണവും. വിജയുടെ പാര്‍ട്ടി യോഗങ്ങള്‍ നടത്താന്‍ അനുമതി നിഷേധിക്കുന്നതില്‍ നിന്നു തുടങ്ങി നിരവധി നിബന്ധനകളാല്‍ വരിഞ്ഞു മുറുക്കിയിട്ടും പിന്‍മാറാതെ പോയതാണ് കൂട്ടക്കുരുതിക്കുള്ള ഗൂഢാലോചനയ്ക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം.
ഇതിനു തെളിവായി, വിജയ്ക്കു നേരെ ചെരുപ്പെറിഞ്ഞതും, ആള്‍ക്കൂട്ടത്തില്‍ നിന്നും വിജയ്‌ക്കെതിരേ മോശം ഭാഷയില്‍ സംസാരിച്ചിരുന്നവരും അവരുടെ ഇടപെടലുകളും ഗൂഢാലോചനയ്ക്ക് തെളിവുകളാണെന്നാണ് പറയുന്നത്. അനുമതി നിഷേധിച്ച് ആള്‍ക്കൂട്ടത്തിലേക്ക് പോവുകയും, അവിടെ വലിയൊരു അപകടം ഉണ്ടാക്കുകയും ചെയ്താല്‍ വിജയ്ക്കുണ്ടാകുന്ന രാഷ്ട്രീയ വളര്‍ച്ചയിലെ കറുപ്പ് തന്നെയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യമായിരുന്നത്. അത് കൃത്യമായി നടപ്പാവുകയും ചെയ്തുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇത് പുറത്തു കൊണ്ടു വരാന്‍ സി.ബി.ഐ അന്വേഷണമോ, മറ്റ് ഉന്നതതല അന്വേഷണമോ ഉണ്ടാകണം. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിത അന്വേഷണം നടത്തിയാല്‍ അത് സത്യം മൂടിവെയ്ക്കാനേ ഉതകൂ എന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നുണ്ട്.
കാരണം, വിജയ്ക്ക് കരൂരില്‍ യോഗം നടത്താന്‍ അവസാന നിമിഷമാണ് അനുമതി നല്‍കിയത്. കൂടാതെ, ജനത്തിരക്ക് അതിരു കടക്കുമെന്ന് കാട്ടി വിജയ്ക്ക് അങ്ങോട്ടേക്കുള്ള യാത്രാനുമതി നിഷേധിച്ചു. വിജയോട് മൂന്നു മിനിട്ടു മാത്രമേ സംസാരിക്കാവൂ എന്ന് വിലക്കി. തുടര്‍ന്ന് നിരവധി വിലക്കുകള്‍ കൊണ്ട് വിജയെ വരിഞ്ഞു മുറുക്കി. ഇതെല്ലാം ചെയ്തത് സ്റ്റാലിന്‍ സര്‍ക്കാരാണ്. അതുകൊണ്ടു തന്നെ ഈ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജയ്ക്ക് എതിരായി മാത്രമേ റിപ്പോര്‍ട്ട് വരൂ എന്നുറപ്പാണ്. എന്താണ് ശരിക്കും നടന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. വിജയുടെ യോഗത്തിലേക്ക് ചെരുപ്പേറ് രൂക്ഷമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഞ്ചോ ആറോ തവണ വീടുകളുടെ മുകളില്‍ നിന്നും ആള്‍ക്കൂട്ടത്തിലേക്ക് ചെരുപ്പം കുപ്പികളും വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇത് ചെയ്തത് വിജയെ കാണാനും കേള്‍ക്കാനും വന്നവരല്ല എന്നുറപ്പാണ്. മറ്റൊരു ആരോപണം വിജയ് രാവിലെ എത്തേണ്ടിയിരുന്നത്, ഏവു മണിക്കൂര്‍ വൈകി എന്നതാണ്. ഇതിനു കാരണം പോലീസ് അനുമതി നല്‍കാതിരുന്നതു കൊണ്ടാണ്. വിജയിനെ എത്ര നേരം പിടിച്ചുവെയ്ക്കാനാകുമോ അത്രയും സമയം തടയുകയും, ശേഷം യോഗ സ്ഥലത്തേക്കു വിട്ടാല്‍, വിജയ്ക്ക് പ്രശ്‌നമൊന്നുമുണ്ടാകില്ലെന്നും, പകരം വിജയെ കാണാന്‍ വന്നവര്‍ വിശന്നും, തളര്‍ന്നും വെള്ള കിട്ടാതെയും ക്ഷീണിക്കുമെന്നും ഉറപ്പാണ്. ഇതായിരുന്നു വിജയെ തടഞ്ഞവരുടെ ലക്ഷ്യം. ഇത് ചെയ്തതു തന്നെ യോഗ സ്ഥലത്ത് അപകടം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ക്ഷീണിച്ചു നില്‍ക്കുന്നവര്‍ക്കു നേരെ ഒരു ചെരുപ്പു വീണാല്‍ ജനക്കൂട്ടം നിയന്ത്രണാതീതമാകുമെന്നുള്ള കണക്കു കൂട്ടലായിരുന്നു ഇതിനു പിന്നില്‍.
അത് സംഭവിക്കുകയും ചെയ്തു. യോഗത്തിനു മുന്നേയും യോഗത്തിനു ശേഷവും എന്താണ് സംഭവിച്ചതെന്ന് വിജയ് പറയുകയാണ് വേണ്ടത്. അല്ലെങ്കില്‍ വിജയ്‌ക്കെതിരേയുള്ള ആരോപണങ്ങലുടെ എണ്ണം കൂടുകയേ ഉള്ളൂ. ഇത് ഒരു രാഷ്ട്രീയ ഗൂഞാലോചന മാത്രമാണ്. തമിഴ്‌നാട്ടിലെ ആള്‍ക്കാരെ തെരുവിലേക്കെത്തിക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാര്‍ കുറവാണ്. അതുകൊണ്ടാണ് സിനിമാക്കാര്‍ രാഷ്ട്രീയക്കാരാകുന്നത്. ഇവിടെ വിജയും അതേ പാത പിന്തുടര്‍ന്നു. രാഷ്ട്രീയത്തിലേക്ക് കയറാന്‍ സിനിമ ഒരു ആയുധം മാത്രമാണ്. ജനങ്ങളെ വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ആയുധം. വിജയ് അത് കൃത്യമായി ഉപയോഗിച്ചു എന്നിടത്താണ് വിജയിച്ചത്. വിജയ്ക്കു പിന്നാലെ കൂടിയ ആള്‍ക്കൂട്ടം സമുദ്രമായി മാറിയതോടെ ഭയന്നത് എതിരാളികളാണ്. അതായത്, സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന ഡി.എം.കെ. അടക്കമുള്ളവര്‍.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നതെന്നു കൂടി ഉറപ്പിച്ചതോടെ ഡി.എം.കെയെ ലക്ഷ്യമിട്ടുവെന്നുറപ്പിക്കാം. തമിഴ്‌നാട് ഭരണം പിടിക്കാനുള്ള ശക്തമായ നീക്കമാണ് വിജയ് നടത്തുന്നതെന്ന് ഉറപ്പാണ്. മാത്രമല്ല, വിജയ് സനിമി സ്റ്റൈലില്‍ തന്റെ നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചു പറയുമ്പോള്‍ ഭയക്കുന്നവരുടെ എണ്ണം കൂടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് മുഖ്യമന്ത്രിയായാല്‍ പലര്‍ക്കെതിരേയും അന്വേഷണവും വലിയ ആരോപണങ്ങളും വന്നേക്കാമെന്ന ഭയവും ഇതിനു പിന്നിലുണ്ട്. അതിന്റെ ഭാഗമാണ് ഈ കൂട്ടക്കുരുതിയുടെ ഗൂഢാലോചന എന്നാണ് മനസ്സിലാക്കുന്നതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
അതേസമയം, തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനറല്‍ സെക്രട്ടറി എന്‍.ആനന്ദിനും കരൂര്‍ ജില്ലാ ഭാരവാഹികള്‍ക്കുമെതിരെ മനഃപൂര്‍വമായ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ആരേയും അറസ്റ്റു ചെയ്തിട്ടില്ല. വിജയിയെ പ്രതിയാക്കുന്നതും പരിഗണനയിലുണ്ട്. കോടതി തീരുമാനങ്ങള്‍ അനുസരിച്ചാകും അന്തിമ നിലപാടുകള്‍ എടുക്കുക. വിജയ് ചെന്നൈയിലെ വീട്ടില്‍ തുടരുകയാണ്. ആസൂത്രിത അട്ടിമറിയാണ് നടന്നതെന്നു വിജയും അശ്രദ്ധ മൂലമുള്ള മനുഷ്യനിര്‍മ്മിത ദുരന്തമെന്നു മറുപക്ഷവും ആരോപിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പര്യടനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പൊതുപരിപാടികളില്‍ നേതാക്കള്‍ സമയകൃത്യത പാലിക്കണമെന്ന് മന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിജയെ കാത്ത് ജനങ്ങള്‍ നിന്നത് എട്ടുമണിക്കൂറിലേറെയാണ്. നേതാക്കള്‍ ഒരിക്കലും ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുത്. സമയം എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. പൊതുയോഗങ്ങളില്‍ ജനങ്ങളെ നിയന്ത്രിക്കേണ്ടത് രണ്ടാം നിര നേതാക്കളാണ്. അതിനവര്‍ക്ക് കരുത്തുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടുത്തരവാദിത്തമാണ്.
മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി ഏഴ് മന്ത്രിമാര്‍ വന്നിരുന്നു. ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുമ്പോള്‍ ജനങ്ങള്‍ സംയമനം പാലിക്കണം. മരിച്ചവരുടെ ബന്ധുക്കളോടും പരിക്കേറ്റവരോടും സഹാനുഭൂതിയോടെ പെരുമാറണം. തമിഴക വെട്രി കഴകത്തിന്റെ യോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി തമിഴക വെട്രി കഴകത്തിന്റെ നേതാവ് വിജയാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്കു 2 ലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വീതം പ്രഖ്യാപിച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി മൊത്തം ഒരു കോടി രൂപ നല്‍കുമെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ബി.ജെ.പിയും പ്രഖ്യാപിച്ചു. വിജയ്യുടെ വസതിക്ക് ബോംബ് ഭീഷണിയുമുണ്ട്. ചെന്നൈയിലെ നീലാങ്കരൈയിലുള്ള വസതിക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ സുരക്ഷ ശക്തമാക്കി. കരൂരിലെ റാലിയിലെ ദുരന്തത്തിനു പിന്നാലെ അന്ന് രാത്രി തന്നെ വിജയ് വീട്ടിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ചെന്നൈ സിറ്റി പൊലീസിനെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വീടിന് ചുറ്റും വിന്യസിച്ചു. ബോംബ് സ്‌ക്വാഡ് സ്നിഫര്‍ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തി.
CONTENT HIGH LIGHTS; Who threw shoes at Vijay’s meeting?: Did those who tried to disrupt the TVK meeting aim for mass murder? Tamil media demands high-level investigation; Watch the video
















