ശബരിമല ശ്രീ ശാസ്താവിന്റെ ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ക്ഷേത്രവും ശബരിമലയാണ്. ഇന്ത്യയില്‍പ്പോലും ഇത്രയും അധികം പുരുഷ ഭക്തര്‍ മലചവിട്ടുന്ന ക്ഷേത്രം വേറെയില്ല എന്നു തന്നെ പറയാം. ശബരിമലയിലെ സ്ത്രീ പ്രവേശനം, വാവര് പള്ളി, മകര ജ്യോതിയുമൊക്കെയായി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ശബരിമലയില്‍ എത്ര സ്വത്തുണ്ടെന്നോ, അവിടുത്തെ നിധികളെ കുറിച്ചോ ഒരു വിവരങ്ങളും പുറത്തു വന്നിട്ടില്ല. ഇപ്പോള്‍ സ്വര്‍ണ്ണ പീഠം കാണാതായതും, അത് തിരികെ കിട്ടയതുമൊക്കെ വലിയ ദുരൂഹതയും വിവാദവും ആയിരിക്കുകയാണ്. ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിലെ നിധി കണ്ടെത്തേണ്ടി വന്നതും ഇത്തരം വിവാദങ്ങളുടെ പിന്നാലെയായിരുന്നു.
ഒടുവില്‍ നിധി കണ്ടെത്തിയതോടെ പദ്മനാഭന്‍ ലോകത്തെ ഏറ്റവും വലിയ ധാനാഢ്യനായ ദൈവമായി മാറി. ഇനിയും ഒരു നിലവറ കൂടി തുറക്കാനുണ്ട്. ബി നിലവറ കൂടി തുറന്നാല്‍ പദ്മനാഭന്റെ സ്വത്തിന്റെ വെല്ലാന്‍ വേറെയാരുമുണ്ടാകില്ല. എന്നാല്‍, പദ്മനാഭനെ വെല്ലുവിളിക്കുന്ന തരത്തിലാണോ ശബരീശന്റെ സ്വത്തുക്കളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകളായി ശബരിമലയിലേക്ക്െത്തുന്ന ഭക്തരുടെ ഒഴുക്ക് ഇതാണ് തെളിയിക്കുന്നത്. ഈ ഭക്തര്‍ നല്‍കിയിട്ടുള്ള സ്വര്‍ണ്ണവും പണവുമെല്ലാം എന്തു ചെയ്യുന്നു എന്നതിന് കണക്കുണ്ടോ. ഉള്ള കണക്കുകള്‍ കൃത്യമാണോ. ഇനിയും പുറത്തു അറിയേണ്ടതായി എന്തെങ്കിലും ഉണ്ടോ. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുണ്ട്. ഭക്തര്‍ക്കും ജനങ്ങള്‍ക്കും.
ഇത് അറിയണമെങ്കില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണം. അതിപ്പോള്‍ സുപ്രീം കോടതിയുടേതാണെങ്കില്‍ അങ്ങനെ തന്നെ വേണം. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എന്തൊക്കെയാണ് ഉള്ളതെന്നും, മലകയറി എത്തുന്നത് നിധിയുടെയും സമ്പത്തിന്റെയം അധിപനെ കാണാനാണോ എന്നും അറിയേണ്ടതുണ്ട്. ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതിയുടെ നിര്‍ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്.പി കോടതിയെ അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം സംബന്ധിച്ച വിവരങ്ങള്‍ തിരുവാഭരണം രജിസ്റ്ററിലാണ് രേഖപ്പെടുത്തേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശബരിമലയിലെ സ്ട്രോങ്റൂം വിശദമായി പരിശോധിച്ചിരുന്നതായും വിജിലന്‍സ് എസ്പി അറിയിച്ചു. സ്വര്‍ണപാളികളുടെയും പീഠത്തിന്റെയും രണ്ടാമതൊരു സെറ്റ് കൂടി ഉണ്ടെന്നും അത് ശബരിമലയിലെ സ്ട്രോങ് റൂമിലോ മറ്റോ ഉണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്ട്രോങ്റൂം അടക്കം വിജിലന്‍സ് പരിശോധിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒന്നുംതന്നെ സ്ട്രോങ്റൂമില്‍ ഇല്ലായിരുന്നു എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. 1999ല്‍ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം സ്വര്‍ണപാളികൊണ്ട് പൂശിയതിന് 30 കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചതായാണ് ഏകദേശ കണക്ക്. കൊടിമരത്തിന് സ്വര്‍ണം പൂശിയതിന് എത്രമാത്രം സ്വര്‍ണം ചെലവായി, ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങളുടെ മൂല്യം എത്രയാണ് എന്നതടക്കം ഒരുകാര്യത്തിലും, പ്രത്യേകിച്ച് സ്വര്‍ണത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു കണക്കും ഇല്ലാ എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
സ്ട്രോങ്റൂമില്‍ സ്വര്‍ണാഭരണങ്ങള്‍ ഒരു പെട്ടിയിലും സ്വര്‍ണനാണയങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. രജിസ്റ്ററുകളില്‍ ഒന്നിനെയും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ശബരിമലയിലുള്ള വസ്തുക്കളെ സംബന്ധിച്ച ഒരു കണക്കുകളും വിവരങ്ങളും രജിസ്റ്ററുകളില്‍ ലഭ്യമല്ല എന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണത്തിന്റെയടക്കം മൂല്യ നിര്‍ണയത്തിനായി ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ നിയമിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരിക്കുകയാണ്. ശബരിമലയിലെ കെടുകാര്യസ്ഥതയെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അടക്കമുള്ള പങ്ക് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ദ്വാരപാലക പീഠത്തിന്റെയും സ്വര്‍ണപാളികളുടെയും വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മാത്രമല്ല ദേവസ്വം ഉദ്യോഗസ്ഥരുടെ അടക്കം പങ്ക് അന്വേഷിക്കാനാണ് കോടതിയുടെ നിര്‍ദേശം.
CONTENT HIGH LIGHTS;Is not only Sree Padmanabhan, but also Sree Ayyappa of Sabarimala the guardian of the treasure?: Is the information about Shasta’s golden treasure still to come?
















