ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാര്‍ ഇന്നലെ കനകക്കുന്ന് കൊട്ടാര നടയില്‍ നിന്ന് പിണങ്ങിപ്പോയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. പറയേണ്ടത് എന്തായാലും അത് തുറന്നു പറുന്ന പ്രകൃതക്കാരനായതു കൊണ്ട്, മൈക്കിലൂടെ ആയാലും, മൈതാനത്തെ സ്റ്റേജിലായാലും അദ്ദേഹം പറയും. അതാണ് ഇന്നലെ കേട്ടത്. ഒരു ഉദ്യോഗസ്ഥനെതിരേ തല്‍ക്ഷണം നടപടി എടുക്കുമെന്നും അദ്ദേഹം മൈക്കിലൂടെ പറഞ്ഞു. അതാണ് വലിയ വിഷമം തോന്നിയതെന്ന് സോഷ്യല്‍ മീഡിയ, മന്ത്രിക്കു മറുപടി നല്‍കുന്നുണ്ട്. മാത്രമല്ല, കുടുംബ ശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സദസ്സ് നിറയ്ക്കുന്ന സംവിധാനമൊന്നും ഇന്നലത്തെ പരിപാടിയില്‍ വിലപ്പോയില്ല എന്നതാണ് വസ്തുത.
മോട്ടോര്‍ വാഹന വകുപ്പിന്റെയും കെ.എസ്.ആആര്‍.ടി.സി വാങ്ങിയ പുതിയ ബസുകളുടെയും ഉദ്ഘാടനമാണ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന്റെ മുന്‍വശത്ത് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, കനകക്കൂന്ന് കൊട്ടാര വളപ്പില്‍ ഇട്ടിരുന്ന തറയോടുകള്‍(ടൈല്‍സ്) പൊട്ടുമെന്ന് അവിടുത്തെ ജീവനക്കാര്‍ പറഞ്ഞതോടെ ഉദ്ഘാടന വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്യേണ്ടി വന്നു. വാഹനങ്ങളില്ലാത്ത കനകക്കുന്നില്‍ ഒരുക്കിയ സ്റ്റേജില്‍ ഇരുന്ന മന്ത്രി ഗണേശ്കുമാറിനാണെങ്കില്‍ സദസ്സിലെ ശുഷ്‌ക്കിച്ച കാഴ്ചക്കാരെ കണ്ട് കണ്‍ട്രോള്‍ പോവുകയായിരുന്നു. തന്റെ പാര്‍ട്ടിയിലെ തിരുവനന്തപുരത്തെ കുറച്ച് ആരാധകരും, പിന്നെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചു വന്ന കുറച്ച് ജീവനക്കാരുമല്ലാതെ മറ്റാരുമില്ല.
മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ പോലും പരിപാടിക്കു വന്നില്ല എന്നതാണ് മന്ത്രിയുടെ വേദന. അതുകൊണ്ടു തന്നെ ആളില്ലാത്ത പരിപാടി ഉദ്ഘാടനം ചെയ്യാനോ, കനകക്കുന്നില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്ത വാഹനങ്ങളോ ഫ്‌ളാഗ് ഓഫ് ചെയ്യാനോ മന്ത്രിക്കു താല്‍പ്പര്യമില്ലാതായി. പരിപാടിയും റദ്ദാക്കി, വേറൊരു ദിവസം ആള്‍ക്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യാമെന്നും പറഞ്ഞ് ക്ഷമയും ചോദിച്ച് മന്ത്രി വന്നവഴി തിരിച്ചു പോയതോടെ ജീവനക്കാരെല്ലാം പേടിച്ചു വിറച്ചു നില്‍പ്പായി. മൈക്കിലൂടെ മന്ത്രി പറഞ്ഞതു കേട്ട് അന്തംവിട്ടു നിന്നത് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. അദ്ദേഹത്തിന് നോട്ടീസ് കൊടുക്കുകയും ചെയ്തു. വാഹനങ്ങള്‍ ഉദ്ഘാടനത്തിനായി കനകക്കുന്നിലേക്ക് കയറ്റിയാല്‍ ടൈല്‍സ് പൊട്ടുമെന്നു പറഞ്ഞ ജീവനക്കാരന്‍ ആറെന്നാണ് മന്ത്രിയുടെ മറ്റൊരു സംശയം.
കനകക്കുന്ന് കൊട്ടാരം ടൂറിസം വകുപ്പിന്റെ കീഴിലാണ്. ടൈല്‍സ് പൊട്ടുമെന്നു പറഞ്ഞ ജീവനക്കാരനെതിരേ വകുപ്പ് മന്ത്രിക്ക് കത്തു കൊടുക്കുമെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസാണ്. കത്ത് കൊടുത്തോ എന്തോ ?. കനകക്കുന്നിലെ ടൈല്‍സാണോ കെ.എസ്.ആര്‍.ടി.സിയുടെ ബസാണോ സര്‍ക്കാരിന് വലുത് എന്നൊരു ചോദ്യം ഇവിടെ സ്വാഭാവികമായും ഉയരും. ഇത്രയും മോശം ടൈല്‍സ് വാങ്ങി കനകക്കുന്ന് കൊട്ടാര മുറ്റത്ത് പാകിയതിനാണ് ബന്ധപ്പെട്ട മന്ത്രിക്ക് കത്തു കൊടുക്കുന്നത്. വാഹനം കയറിയാല്‍ പൊട്ടുന്ന ടൈല്‍സ് പാകിയതില്‍ അഴിമതിയുണ്ടോ എന്നും അന്വേഷിക്കണമെന്നാണ് ഗണേശ്കുമാര്‍ പറയാതെ പറഞ്ഞത്.
ഗണേശ്കുമാര്‍ മൈക്കിലൂടെ പറഞ്ഞത്
എല്ലാവരും ക്ഷമിക്കണം. ഈ പരിപാടി ഇവിടെ റദ്ദാക്കുകയാണ്. ഇതിന്റെ മുറ്റത്ത് വണ്ടി കയറ്റി ഇട്ടാല്‍ ടൈല്‍സ് പൊട്ടും എന്നൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ട്. വാഹനം കയറ്റിയിട്ടാല്‍ പൊട്ടുന്ന ടൈല്‍സ് ആണ് ഇവിടെ ഇട്ടതെങ്കില്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ബന്ധപ്പെട്ട മന്ത്രിക്ക് കത്തു കൊടുക്കും. കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും 52 വാഹനങ്ങള്‍ വാങ്ങിയിട്ട്, അത് കൃത്യമായി ഈ കനകക്കുന്ന് കൊട്ടാരത്തിന്റെ മുറ്റത്ത് നിരത്തിയിട്ട് അതുവെച്ച് മനോഹരമായി പ്രോഗ്രാം നടത്തണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ അതിന് യാതൊരു ഉത്തരവാദിത്വവും കാണിച്ചില്ല. മാത്രമല്ല, ഈ ചടങ്ങിലേക്ക് വന്നിരിക്കുന്നത് എന്റെ പാര്‍ട്ടിക്കാരും എന്റെ പേഴ്‌സണല്‍ സ്റ്റാഫും കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും മാത്രമാണ്.
ഒരാളെ പുറത്തു നിന്നു വിളിക്കുകയോ ഈ പരിപാടിക്കുവേണ്ടി ഒന്നും തന്നെ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കും. ഈ പരിപാടി ദയവുചെയ്ത് ക്ഷമിക്കണം. ഈ പരിപാടി ഇവിടെ റദ്ദ് ചെയ്യുകയാണ്. ഞാനിവിടെ എല്ലാ വണ്ടികളും നിരത്തിയിടണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വണ്ടി വരുന്നതിനു മുമ്പ് തന്നെ നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുന്നു. എല്ലാവരും ക്ഷമിക്കണം. ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കുന്നു. ഈ പരിപാടിയില്‍ എന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും, കെ.എസ്.ആര്‍.ടി.സിയിലെ ഉദ്യോഗസ്ഥരും വന്നിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാന്‍ ഈ വ്യക്തിക്കു കഴിഞ്ഞില്ല. എന്റെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണ്. എല്ലാവരും ക്ഷമിക്കുക.
സംഭവിച്ചത് ഇതാണോ ?
എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി അന്വേഷിച്ചാല്‍ മനസ്സിലാകുന്നത് മറ്റൊന്നാണ്. ഗതാഗത വകുപ്പിന്റെ പഴയ മന്ത്രിയും തിരുവനന്തപുരം എം.എല്‍.എയുമായ ആന്റണി രാജുവും പുതിയ മന്ത്രി ഗണേശ്കുമാറും തമ്മിലുള്ള ഈഗോയാണ് പ്രധാന പ്രശ്‌നം. ഇതിനിടയില്‍ ബലിയാടായത് മോട്ടോര്‍ വാഹന വകുപ്പിലെ പാവം ഉദ്യോഗസ്ഥനും. വാഹനങ്ങളുടെ ഉദ്ഘാടനങ്ങള്‍ സ്വാഭാവികമായും നടക്കുന്നത് സെക്രട്ടേറിയറ്റിനടുത്തുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലോ കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മൈതാനിയിലോ ആണ്. ഈ രണ്ടു ഗ്രൗണ്ടുകളിലും വെച്ചാണ് പരിപാടി നടത്തിയിരുന്നുവെങ്കില്‍ അത് ആന്റണി രാജുവിന്റെ മണ്ഡലത്തിലാകും വരിക. അങ്ങനെയെങ്കില്‍ ആ മണ്ഡലത്തിലെ എം.എല്‍.എ എന്ന രീതിയില്‍ ആന്റണിരാജുവാകും അധ്യക്ഷന്‍. മുന്‍ ഗതാഗതമന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും തമ്മില്‍ കടുത്ത ശത്രുതയിലാണെന്ന് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും അറിയാം.
അപ്പോള്‍ ആന്റണി രാജുവിനെ പരിപാടിയില്‍ ഉള്‍പ്പെടുത്താതെ വാഹനങ്ങള്‍ ഇറക്കേണ്ടത് ഗണേഷ്‌കുമറിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് കനകക്കുന്ന് കൊട്ടാരം ഉദ്ഘാടനത്തിനായി കണ്ടെത്തിയത്. മണ്ഡലം മാറ്റി എന്നുവേണം പറയാന്‍. കനകക്കുന്ന് പാലസ് ഇരിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. അവിടെ വി.കെ. പ്രശാന്ത് എം.എല്‍.എംയും. എന്നാല്‍, മണ്ഡലം മാറ്റിയപ്പോള്‍ ഗണേശ്കുമാറിന് വീണ്ടും പണികിട്ടി. പരിപാടിക്ക് ആളെകിട്ടിയില്ല എന്നതാണ് അവിടെ കിട്ടിയ പണി. അതിന്റെ അരിശം മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനില്‍ മന്ത്രി തീര്‍ക്കുകയും ചെയ്തു. ഫലത്തില്‍ മുന്‍ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും തമ്മിലുള്ള കളിയുടെ ഭാഗമായാണ് പരിപാടി പാളിപ്പോയത്.
CONTENT HIGH LIGHTS; What happened to the embattled Minister Ganesha?: Does the government love the tiles in the palace courtyard or the MVD vehicle?; Ego between the old minister and the new minister?; Was the official a scapegoat?; Watch the video
















