കുടിയേറ്റക്കാരനായെത്തി നമ്മുടെ നാട്ടിൽ സ്ഥാനം ഉറപ്പിച്ച പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. പോഷകസമൃദ്ധിയും ഔഷധമേന്മയും ഒരുപോലെ ഒത്തിണങ്ങിയ പഴവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്. ജീവകം സിയുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതിലെ രാസഘടകങ്ങള്‍ക്ക് നിരോക്‌സീകരണ ശേഷിയുണ്ട്. ജീവകം ബി, ബി2, ബി3, റിവോഫ്‌ളാബിന്‍, നിയാസിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും നല്ല അളവിലുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങൾ;
കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവയെ നിയന്ത്രിക്കും.
കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനു നല്ലതാണ്.
പ്രമേഹരോഗികള്‍ക്കും കഴിക്കാം.
അമിതമായ ശരീരഭാരം കുറക്കും.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
ഡ്രാഗണ്‍ ഫ്രൂട്ട് സ്ഥിരായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ചുമ, ആസ്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും.
പടര്‍ന്നുകയറുന്ന കള്ളിച്ചെടിയാണ് ഡ്രാഗണ് ഫ്രൂട്ട്. പഴത്തിന് 200 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഈ പഴത്തിൻ്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മധുരം മുതല്‍ ചെറിയ ചവര്‍പ്പുവരെയുള്ള രുചി ഭേദങ്ങളും പഴത്തിനുണ്ട്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള ഈ ചെടി കള്ളിച്ചെടികളുടെ കുടുംബത്തില്‍ പെടുന്നതിനാല്‍ മഴകുറഞ്ഞ വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഇതിന്റെ ഏറ്റവും നല്ലത്. ചരല്‍ കലര്‍ന്ന മണ്ണിലും നന്നായി വളരും.
മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍.
കൃഷി ചെയ്യേണ്ട രീതി;
1.അനുയോജ്യമായ സ്ഥലം കണ്ടെത്താം-
അതിവര്‍ഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണല്‍മണ്ണുമാണ് ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുവാനുള്ള ഉത്തമമായ സാഹചര്യം. കൂടാതെ ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. മൂപ്പെത്തിയ വള്ളികള്‍ മുട്ടുകളോടെ മുറിച്ച് മണല്‍ നിറച്ച ചെറുകവറുകളില്‍ നട്ടുവളര്‍ത്തി ഒരു വര്‍ഷം പരിചരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തികൃഷി ചെയ്യാം.
2. ജൈവവളം നൽകാം-
പിത്തായ കൃഷിക്കായി മണ്ണ് നന്നായി കിളച്ചു ജൈവവളം ചേര്‍ത്ത് ഒരുക്കാം. ചാണകപ്പൊടിയും കോഴിക്കാരവുമാണ് ഇതിന്റെ പ്രധാന ജൈവവളം. മണ്ണൊരുക്കിയതിന് ശേഷം 60 സെ. മീ നീളം, വീതി, താഴ്ച എന്ന അളവില്‍ കുഴിയെടുക്കണം, ശേഷം മേല്‍മണ്ണും തയ്യാറാക്കി വെച്ചിരിക്കുന്ന വളവും നന്നായി ഇളക്കി ചേര്‍ത്ത് കുഴി നിറക്കണം. കുഴികള്‍ തമ്മില്‍ ഏഴ് അടിയും വരികള്‍ തമ്മില്‍ ഒമ്പത് അടിയും വ്യത്യസത്തില്‍ വേണം ചെടികള്‍ നടാന്‍.
3.കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുക-
ചെടി വളര്‍ന്നു തുടങ്ങിയാല്‍ പടര്‍ന്നു കയറാനായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണം. ഓരോ തൂണിലും രണ്ടു തൈകള്‍ വീതം നടാവുന്നതാണ്.തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ക്രോസ്സ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ ചെടികള്‍ ഈ ടയറുകള്‍ക്കുള്ളിലൂടെ വളര്‍ന്ന് വരത്തക്കവിധം ഇതിനുള്ളിലൂടെ ബന്ധിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിലായിരിക്കണം ചെടി പടര്‍ത്തേണ്ടത്.
4.ജലസേചനം-
മറ്റുവിളകളെ അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം എത്തിക്കാന്‍ ശ്രമിക്കണം ഇതിനായി ഡ്രിപ് ഇറിഗേഷന്‍ രീതി അനുവര്‍ത്തിക്കാം.
5.തൈകൾ ഉണ്ടാക്കാം-
കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം.
6.വിത്തുകള്‍ ശേഖരിക്കാം-
നന്നായി പാകമായ പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമെത്തും. ആണ്ടില്‍ അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്.
















