ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ ഉയർന്ന് കേൾക്കുന്ന പേരാണ് വിജയ് മല്യ.ഒരു കാലത്ത് രാജ്യത്തെ കിരീടം വെക്കാത്ത രാജാവായി വിലസിയ അത്യാഢംബരങ്ങളുടെ തോഴൻ എന്തിന് ശബരിമലയിൽ 30 കിലോ സ്വർണ്ണം നൽകി??
ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്തുന്നതിന് മുമ്പ് വിജയ് മല്യ ആരാണെന്നറിയണം. വിജയ് വിറ്റൽ മല്യ ഒരു ഇന്ത്യൻ വ്യവസായിയും ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിലെ മുൻ അംഗവുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിറ്റ്സ് കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ മുൻ ചെയർമാനും യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ ചെയർമാനുമായിരുന്ന വിജയ് എന്നും വിവാദങ്ങളുടെ തൊഴനായിരുന്നു.
‘King of Good Times’ എന്നായിരുന്നു കാലത്ത് മല്യയെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നുത്. ഇന്ത്യയുടെ കിരീടം വയ്ക്കാത്ത മദ്യ രാജാവ് ആഗോള തലത്തില്‍ മികച്ച ബിസിനസുകാരന്‍ അയിരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ ശതകോടീശ്വരന്‍ ആയിരുന്ന അദ്ദേഹം നിമിഷ നേരം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു…
1983 ല്‍ പിതാവ് വിറ്റല്‍ മല്യ സ്ഥാപിച്ച യുബി ഗ്രൂപ്പ് (യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ്) ഏറ്റെടുത്തതോടെയാണ് വിജയ് മല്യ എന്ന ബിസിനസുകാരന്റെ കഥ ആരംഭിക്കുന്നത്. കമ്പനിയില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കിംഗ്ഫിഷര്‍ ബിയറിന്റെ റീബ്രാന്‍ഡിംഗ് ആയിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി ഇതു മാറി. മദ്യ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹം വിലസിയ നാളുകള്‍ ആയിരുന്നു ഇത്. സമ്പത്ത് കുമിഞ്ഞു കൂടി. അങ്ങനെയാണ് ‘നല്ല കാലത്തിന്റെ രാജാവ്’ എന്ന വിളിപ്പേര് നേടിയത്.
കിംഗ്ഫിഷര്‍ ബ്രാന്‍ഡിന്റെ വളര്‍ച്ച അദ്ദേഹത്തെ 2005 ല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് എന്ന ആശയത്തില്‍ എത്തിച്ചു. ആഡംബരത്തിലും ഗ്ലാമറിലും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ബിസിനസ് ആയിരുന്നു ഇത്. എന്നാല്‍ ഈ ആഡംബരം യഥാര്‍ത്ഥത്തില്‍ കമ്പനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അടിത്തറ തകരുന്നത് അദ്ദേഹം ഗൗനിച്ചില്ല. ഒരു ബിസിനസുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പരജായത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു.
എയര്‍ലൈന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടു. ഇതിനിടെ 2007 ല്‍ ആഗോള പ്രവേശനം ലക്ഷ്യം വച്ച് മല്യ ഡെക്കാന്‍ ഏവിയേഷനെ ഏറ്റെടുത്തു. ഇതു കമ്പനിയെ സംബന്ധിച്ച് കൂന്നിന്‍മേല്‍ കുരുവായി. ധനസ്ഥിതി കൂടുതല്‍ വഷളായി. കുറഞ്ഞ ചെലവിലുള്ള പ്രവര്‍ത്തന മിശ്രിതം കാരണം പ്രീമിയം സേവനങ്ങള്‍ സുസ്ഥിരമല്ലെന്ന് തെളിഞ്ഞു.
നഷ്ടം വര്‍ധിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് വമ്പന്‍ വായ്പകള്‍ എടുക്കേണ്ടി വന്നു. പക്ഷെ ഈ തകര്‍ച്ചയുടെ കഥകള്‍ അറിയാതെ മല്യ എന്ന ബിസിനസുകാരനെ വിശ്വസിച്ച് ബാങ്കുകള്‍ പണമൊഴുക്കി. എന്നാല്‍ എയര്‍ലൈന്‍ ബിസിനസിനെ സംബന്ധിച്ച് ഈ വായ്പകള്‍ എല്ലാം വെള്ളത്തില്‍ വരച്ച വരയായിരുന്നു. ഒടുവില്‍ 2012 ല്‍ കമ്പനിക്ക് അതിന്റെ ലൈസന്‍സ് നഷ്ടപ്പെട്ടു. ഇതോടകം 13 ബാങ്കുകളില്‍ നിന്നുള്ള വായ്പ 9,000 കോടിയിലധികംഅയിരുന്നു. മുന്നില്‍ മറ്റു വഴികള്‍ ഇല്ലെന്ന് മനസിലാക്കി അദ്ദേഹം യുകെയിലേയ്ക്ക് പറഞ്ഞു.
അതേസമയം അദ്ദേഹം നാടുവിടുകയായിരുന്നില്ലെന്നും, എല്ലാത്തിനും കാരണം സര്‍ക്കാര്‍ ആണെന്നുമാണ് നിലവില്‍ മല്യ പറഞ്ഞവയ്ക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ താന്‍ കണ്ടിരുന്നുവെന്നും, മുന്‍ നിശ്ചയിച്ചിരുന്ന ഒരു എഫ്ഐഎ വേള്‍ഡ് കൗണ്‍സില്‍ മീറ്റിംഗിനായി ജനീവയിലേക്ക് പോകുന്നുവെന്നു പറഞ്ഞിരുന്നുവെന്നും മല്യ പറയുന്നു. താന്‍ തിരിച്ചുവരുമെന്നും, ബാങ്കുകളോട് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നു അപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വിജയ്മല്യ വഴിപാടായി ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിയാന്‍ ആകെ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ചതായാണ് അന്നത്തെ പത്രവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, 2019ല്‍ ഇതില്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായി നല്‍കിയ രേഖകളില്‍ സ്വര്‍ണപ്പാളി എന്നതിന് പകരം ചെമ്പ് പാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1998 സ്വര്‍ണപ്പാളി ആയിരുന്നെങ്കില്‍ 2019ല്‍ എത്തിയപ്പോഴേക്കും അവ ചെമ്പുപാളികളായതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. 1998 സെപ്റ്റംബര്‍ നാലിനാണ് ചെമ്പ് തകിടുകള്‍ക്കുമേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പിച്ചത്.
ശ്രീകോവിലിന്റെ മേല്‍ക്കൂര, മേല്‍ക്കൂരയിലെ നാല് നാഗരൂപങ്ങള്‍, ശ്രീകോവിലിന്റെ സീലിങ്, രണ്ട് ദ്വാരപാലക ശില്‍പ്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതം എഴുതിയ തകിടുകള്‍ എന്നിവയിലാണ് സ്വര്‍ണം പൊതിഞ്ഞത്. ഇതിന് പുറമെ രണ്ട് കമാനങ്ങള്‍, ശ്രീകോവിലിലെ കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍ ,ശ്രീകോവിലിന്റെ മുഖ്യ കവാടം, കന്നിമൂല ഗണപതി കോവിലിന്റെ കലശം, നാഗരാജ കോവിലിന്റെ കലശം എന്നിവയിലും സ്വര്‍ണം പൊതിഞ്ഞതായി അന്ന് വിജയ് മല്യ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1998 സെപ്റ്റംബറില്‍ വന്ന പത്രവാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും ചുവടു പിടിച്ചാണ് ശബരിമല ശ്രീകോവിലിനും സ്വര്‍ണം പൂശിയതെന്നാണ് വിജയ്മല്യ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
അന്ന് ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നില്ല. 2019-ലാണ് അത് ചെയ്തത്. നിലമ്പൂര്‍ തേക്കുകൊണ്ട് പുതിയ വാതില്‍ നിര്‍മ്മിച്ച് അതില്‍ ചെമ്പ് തകിടുകള്‍ പാകി അതിനുമേല്‍ സ്വര്‍ണ്ണം പൊതിഞ്ഞു എന്നാണ് രേഖകളില്‍ കാണുന്നത്. അതിനു വേണ്ടി നാല് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചുവെന്നാണ് ഇതുസംബന്ധിച്ച് അന്ന് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. അന്ന് ഈ സ്വര്‍ണ്ണം പൊതിയാന്‍ വേണ്ടി വഴിപാടായി നല്‍കിയത് വ്യവസായികളാണ്. ആ വ്യവസായികളായ ഭക്തരുടെ കൂട്ടത്തില്‍ ഒരു പേര് ശ്രദ്ധേയമാണ്. അത് ഉണ്ണി തിരുമേനി എന്നൊരു പേരാണ്. അതാകണം ഇപ്പോഴത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
1998-ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരകാപാലകരുടെ ശില്‍പ്പത്തില്‍ നിന്നാണ് ഈ സ്വര്‍ണപ്പാളി എടുത്ത് മാറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. ഇതിനായി ദേവസ്വം ബോര്‍ഡ് നല്‍കിയ ഉത്തരവിലാണ് ഈ സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയത്. 1998ല്‍ സ്വര്‍ണമായിരുന്നത് 2019ലെത്തിയപ്പോള്‍ വെറും ചെമ്പുപാളി ആയി മാറിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.1998 വിജയ്മല്യ സമര്‍പ്പിച്ച സ്വര്‍ണം എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്.
















