ആരോഗ്യമേഖലയെ ഞെട്ടിച്ച സംഭവമാണ് കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ തലവെട്ടിപ്പൊളിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച, അനയ എന്ന ഒമ്പത് വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡ്യൂട്ടി ഡോക്ടറെ വടിവാളിനു വെട്ടിയത്. ഡോക്ടര്‍ വിപിന്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍, അനയയുടെ അച്ഛന്‍ സനൂപിന് യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പോലീസിനു കീഴടങ്ങിയത്. ഈ വെട്ട്, ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും സനൂപ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഈ സംഭവത്തില്‍ കുറ്റക്കാര്‍ ആരാണ് എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ക്രിമിനല്‍ ആക്ടിവിട്ടി നടത്തിയ സനൂപിനെ ന്യായീകരിക്കുന്നില്ല. അതിനുള്ള ശിക്ഷ നല്‍കുക തന്നെവേണം. എന്നാല്‍, സനൂപിന്റെ മകള്‍ അനയയുടെ മരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലമാണോ എന്ന് അറിയേണ്ടതുണ്ട്. എങ്കില്‍, അതിനു കാരണക്കാര്‍ ആരാണ് ?. ഈ ആക്രമണം ഒരു സാധരണ ക്രിമിനല്‍ സംഭവം ആണോ?. അതോ നീതി നിഷേധിക്കപ്പെട്ട ഒരു പിതാവിന്റെ ഹൃദയ വേദനയില്‍ നിന്നുണ്ടായതോ?. എന്താണ് താമരശ്ശേരിയില്‍ നടന്ന യഥാര്‍ത്ഥ സംഭവം?.
ആ ആക്രമണത്തിന്റെ കാരണം തേടുമ്പോള്‍, സനൂപിന്റെ വേദന നിറഞ്ഞ ദിവസങ്ങളാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. മകള്‍ മരിച്ച് രണ്ട് മാസമായിട്ടും മരണകാരണം സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കുടുംബത്തിന് കൊടുത്തിരുന്നില്ല. മകളുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതോടെ സനൂപ് കൂടുതല്‍ ആശയക്കുഴപ്പത്തിലുമായി. മകള്‍ മരിച്ചത് അമീബിക് മസ്തിഷ്‌ക്ക ജ്വരം മൂലമാണെന്നു പറഞ്ഞതും ജോക്ടര്‍മാര്‍, അല്ലെന്നും പറഞ്ഞതും ഡോക്ടര്‍മാര്‍.
തന്റെ ദുരവസ്ഥ ഒരു മാധ്യമപ്രവര്‍ത്തകനുമായി പങ്കുവെച്ച വാക്കുകള്‍ ഏറെ ഹൃദയഭേദകമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാത്തതിന്റെ മനോവിഷമത്തില്‍ താനും കുടുംബവും ജീവനൊടുക്കിയേക്കാം. ‘എനിക്കാരും സഹായം ചെയ്യാന്‍ ഇല്ല, സാര്‍’ എന്ന സനൂപിന്റെ വാക്കുകള്‍, സഹായം തേടി അലഞ്ഞ ഒരു പിതാവിന്റെ നിസ്സഹായതയാണ് വെളിപ്പെടുത്തുന്നത്. ഒരു റിപ്പോര്‍ട്ടിനായി രണ്ട് മാസക്കാലം സര്‍ക്കാര്‍ ആശുപത്രിയുടെ പടികള്‍ കയറിയിറങ്ങിയിട്ടും ഒരു മറുപടി പോലും ലഭിക്കാതെ വന്നപ്പോള്‍, ആ പിതാവ് നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ദുരിതത്തിലായ ഒരു പൗരന് മാനസിക പിന്തുണയോ നിയമപരമായ വിവരങ്ങളോ നല്‍കാന്‍ കഴിയാത്ത സിസ്റ്റത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഈ ആക്രമണത്തിന് കാരണമായതെന്ന് പറയാതെ വയ്യ.
ഇത്രയും വലിയ അതിക്രമം കാട്ടിയ ശേഷം സനൂപ് മാധ്യമങ്ങളോട് പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു. ‘ഈ വെട്ട് മന്ത്രിക്കും ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു. എനിക്ക് കുറ്റബോധമില്ല.’ ഭരണകൂടത്തോടും ആരോഗ്യ സംവിധാനത്തോടുമുള്ള കടുത്ത അമര്‍ഷമാണ് ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്. എന്നാല്‍, സനൂപിന്റെ ഈ രോഷം ന്യായീകരിക്കാനാവുമോ?. അവിടെയാണ് ചില ചോദ്യങ്ങള്‍ ഉയരുന്നത്: ഒന്നാമതായി, എന്തുകൊണ്ട് ഡോക്ടര്‍ വിപിന്‍?. അനയയുടെ ചികിത്സയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഡോക്ടറെ ആക്രമിക്കാന്‍ സനൂപിനെ പ്രേരിപ്പിച്ചതെന്താണ്?. സൂപ്രണ്ടിനെ തിരഞ്ഞെത്തിയ ഡോക്ടര്‍ വിപിനെ കാത്തിരുന്ന് എന്റെ മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചു വെട്ടിയതിന്റെ ചേതോവികാരമാണ് ചോദ്യമായി ഉയരുന്നത്.
യഥാര്‍ത്ഥ ലക്ഷ്യം മറ്റൊരാളായിരിക്കുകയും, അമിതമായ മദ്യപാനവും മാനസിക സമ്മര്‍ദ്ദവും കാരണം ഡോക്ടര്‍ വിപിനെ തെറ്റിദ്ധരിച്ച് ആക്രമിച്ചതാകാനാണ് സാധ്യത എന്നാണ് പോലീസ് നിഗമനം. രണ്ടാമതായി ഉയരുന്ന ചോദ്യം ആശുപത്രി സുരക്ഷ ആണ്. എങ്ങനെയാണ് വടിവാളുമായി ഒരാള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്? ഡ്യൂട്ടിയില്‍ ഉള്ള ഡോക്ടര്‍മാരുടെ സുരക്ഷാ ഉറപ്പാക്കുന്നതില്‍ എവിടെയാണ് വീഴ്ച സംഭവിച്ചത്? താമരശ്ശേരിയിലെ ഈ സംഭവം കേവലം ഒരു ക്രമസമാധാന പ്രശ്നമായി മാത്രം ചുരുക്കാനാവില്ല. ഒരു വശത്ത്, നീതി നിഷേധിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന, നിസ്സഹായനായ ഒരു പിതാവിന്റെ അക്രമാസക്തമായ പ്രതികരണമുണ്ട്. മറുവശത്ത്, യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കപ്പെട്ട ഒരു ആരോഗ്യപ്രവര്‍ത്തകന്റെ ദുരവസ്ഥയും.

- മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒരു ഞെട്ടിക്കുന്ന സംഭവം…
അമീബിക് മെനിംഗോഎന്‍സെഫെലിറ്റിസിനെക്കുറിച്ചുള്ള ഒരു കഥ എഴുതുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് താമരശ്ശേരിയില്‍ അനയയുടെ കുടുംബത്തെ ഞാന്‍ കണ്ടുമുട്ടി. താമരശ്ശേരി ആശുപത്രിയില്‍ പരിചരണം വൈകുന്നതില്‍ അവളുടെ അച്ഛന്‍ സനൂപും അമ്മയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇന്നലെ രാത്രി സനൂപില്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചു. അദ്ദേഹം വളരെയധികം അസ്വസ്ഥനാണെന്ന് തോന്നി. ഇടയ്ക്കിടെ ആശുപത്രിയില്‍ പോയിട്ടും മകളുടെ മരണകാരണത്തെക്കുറിച്ച് ഇതുവരെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മകള്‍ക്ക് അമീബിക് മെനിംഗോഎന്‍സെഫെലിറ്റിസ് ഇല്ലെന്ന് ചില ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം മദ്യപിച്ചിരിക്കുന്നതായി തോന്നി..ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, ഞാന്‍ ഡിഎംഒയെ സമീപിക്കാമെന്ന് പറഞ്ഞു.. സംഭാഷണം ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു… മരണകാരണം അറിയാമെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് ചില പത്രപ്രവര്‍ത്തകരെയും അദ്ദേഹം ബന്ധപ്പെട്ടതായി തോന്നുന്നു.ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12.30 ഓടെ അദ്ദേഹം എന്നെ വീണ്ടും വിളിച്ച് അതൊന്നു പരിശോധിക്കാമോ എന്ന് ചോദിച്ചു… ഞാന്‍ അപ്പോള്‍ പുറത്തായിരുന്നു… വീട്ടിലെത്തിയാലുടന്‍ പരിശോധിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സനൂപ് പറഞ്ഞു, ”ആര്‍ക്കും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല സര്‍…’
ഏകദേശം 12.50 ഓടെ ഞാന്‍ രണ്ടുതവണ ഡിഎംഒയെ വിളിച്ചു. പക്ഷേ അദ്ദേഹം കോള്‍ അറ്റന്‍ഡ് ചെയ്തില്ല. അതിനാല്‍ ഉച്ചഭക്ഷണത്തിന് ശേഷം വിളിക്കാന്‍ ഞാന്‍ ആലോചിച്ചു.
പക്ഷേ അപ്പോഴേക്കും സനൂപ് നിയന്ത്രണം വിട്ടതായി തോന്നുന്നു..
അനയയുടെ ചികിത്സയുമായി ബന്ധമില്ലാത്ത ഒരു ഡോക്ടറുടെ നേരെയുള്ള ആക്രമണത്തിന് ഇത് ഒരു ന്യായീകരണവുമല്ല.
ദുരിതത്തിലായ ആളുകള്‍ക്ക് ഒരു പിന്തുണയും നല്‍കാത്തത് സിസ്റ്റത്തിന്റെ പൂര്‍ണ്ണ പരാജയമായിരുന്നു… സനൂപ് പറഞ്ഞത് ശരിയാണെങ്കില്‍, ഏകദേശം രണ്ട് മാസമായിട്ടും മരണകാരണം സംബന്ധിച്ച് മരിച്ചയാളുടെ കുടുംബത്തിന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല!
CONTENT HIGH LIGHTS;Did the system kill Amaya?: Was the doctor’s beating the helpless father’s reaction?; What does the journalist’s revelation say?
















