പല മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന നിരവധി അവാര്‍ഡുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ നോബേല്‍ സമ്മാനം പോലും കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാധാനത്തിന് നോബേല്‍ സമ്മാനം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, ഫലമുണ്ടായില്ല. എന്നാല്‍, ഒട്ടും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരു ആവാര്‍ഡ് കിട്ടിയാല്‍ എങ്ങനെ ഇരിക്കും. അതും നാണം കെടുത്തുന്ന ആവാര്‍ഡാണെങ്കിലോ. അങ്ങനെയൊരു അവാര്‍ഡ് ദാനം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ നടന്നു. അത് സോഷ്യല്‍ മീഡിയയിലാകെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാമുകയും ചെയ്തു.
സംഭവം ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പോലെയോ, നോബേല്‍ സമ്മാനം പോലെയോ ഒന്നുമല്ല. പക്ഷെ, അവാര്‍ഡ് ദാനവും, ആ അവാര്‍ഡ് നേടാന്‍ അവാര്‍ഡിതന്‍ നടത്തിയ കുത്സിത പ്രവൃത്തിയും സോഷ്യല്‍ മീഡിയയിലൂടെ ലോകം കണ്ടു. മികച്ച രീതിയില്‍ മോഷണം നടത്തിയതിനാണ് മീശമാധവന്‍ അവാര്‍ഡ് നല്‍കി കള്ളനെ ആദരിച്ചത്. ഈ സംഭവം കടയ്ക്കാവൂര് കാര്‍ക്ക് നാണക്കേടും ഉണ്ടാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ. തിരക്കേറിയ കടയില്‍നിന്ന് അതിവിദഗ്ധമായി സാധനം മോഷ്ടിച്ചയാള്‍ക്ക് കടയുടമയുടെ വകയായാണ് അപ്രതീക്ഷിതമായി സമ്മാനം നല്ഡകിയത്. മോഷ്ടാവിനെ തേടിപ്പിടിച്ച് ‘മീശമാധവന്‍’ പുരസ്‌കാരം എന്നു പേരിട്ട അവാര്‍ഡ് നല്‍കിയാണ് കടയുടമ ആദരിച്ചത്. ഇതോടെ മോഷണത്തിന് മുതിര്‍ന്ന യുവാവിന് കിട്ടിയത് ജീവിതത്തില്‍ മറക്കാനാവാത്ത കിടിലം പണിയായിപ്പോയി.
കടയ്ക്കാവൂരിലെ ഒരു ബേക്കറിയിലാണ് സംഭവം. അനീഷിന്റെ ബേക്കറിയില്‍ എത്തിയ വര്‍ക്കല ഞെക്കാട് സ്വദേശി നബീബ് ആണ് ഭക്ഷണം കഴിച്ച ശേഷം മോഷണവും നടത്തി മുങ്ങിയത്. ബേക്കറിയില്‍ നിന്നും പുറത്തേക്ക് വന്നയാള്‍ ക്യാഷ് കൗണ്ടറില്‍ വരാതെ പുറത്തേക്കിറങ്ങിയതോടെ കൗണ്ടറില്‍ ഇരുന്ന അനീഷ് ചോദിച്ചെങ്കിലും കടയില്‍ വെറുതേ കയറിയതാണെന്ന മറുപടിയാണ് അയാള്‍ നല്‍കിയത്. പിന്നീട് സ്റ്റാഫിനോട് സംസാരിച്ചപ്പോള്‍ ഷവായ്, ലൈം ജ്യൂസ് എന്നിവ കഴിച്ചെന്നും എന്തെക്കയോ എടുത്താണ് ഇയാള്‍ പുറത്തേക്ക് വന്നതെന്നും മനസിലായി. കടയില്‍ ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ 500 രൂപയോളം വിലവരുന്ന സാധനവും എടുത്തു.
മോഷണം ആരും കണ്ടില്ലെന്ന് കരുതി യുവാവ് സ്ഥലം വിട്ടെങ്കിലും, എല്ലാം കടയിലെ സി.സി.ടി.വി.യില്‍ കൃത്യമായി പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കണ്ട കടയുടമ ആദ്യം പോലീസില്‍ പരാതി നല്‍കാന്‍ ആലോചിച്ചെങ്കിലും, പീന്നീട് മോഷ്ടാവിന് ഒരു മറക്കാനാവാത്ത പാഠം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആരും കാണാതെ കലാപരമായും വളരെ സൂക്ഷ്മതയോടെയും സാധനങ്ങള്‍ അടിച്ചു മാറ്റുന്നവരുടെ ‘കഷ്ടപ്പാടിനെയും കലാവിരുതിനെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും’ വേണമെന്ന രസകരമായ നിലപാടാണ് കടയുടമ സ്വീകരിച്ചത്.
തുടര്‍ന്ന്, സി.സി.ടി.വി. ദൃശ്യത്തില്‍ നിന്നുള്ള മോഷ്ടാവിന്റെ ചിത്രം പതിപ്പിച്ച് ഒരു പ്രത്യേക ഫലകം തയ്യാറാക്കി. ഒരു പൊന്നാടയും വാങ്ങി കടയുടമ ഭാര്യയേയും കൂട്ടി യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ കടയുടമ, ഞെട്ടലോടെ നിന്ന യുവാവിനെ പൊന്നാട അണിയിക്കുകയും ‘മീശമാധവന്‍’ പുരസ്‌കാരം എന്ന് പേരിട്ട ഫലകം കൈമാറുകയും ചെയ്തു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഉടമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ”തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്ന്” യുവാവ് പറയുമ്പോള്‍ ”അതൊന്നും സാരമില്ല”എന്ന് കടയുടമ മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. മോഷണം നടത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനുമാണ് താന്‍ ഇത് ചെയ്തതെന്ന് കടയുടമ പറയുന്നു.
”കടവും വായ്പയുമെടുത്താണ് കട നടത്തുന്നത്. അതിനിടയില്‍ ആളുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ വലിയ നഷ്ടമുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഷണത്തിനുള്ള ഈ വേറിട്ട ശിക്ഷാ രീതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇനി മേലില്‍ ഒരു സാധനം വഴിയില്‍ കിടന്നു കിട്ടിയാല്‍ പോലും എടുക്കില്ലെന്ന തീരുമാനത്തിലാണ് കള്ളന്‍. മനസാന്തരപ്പെടാന്‍ ഈയൊരു അവാര്‍ഡ് കൊണ്ട് സാധിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും പോലീസില്‍ പറഞ്ഞ്, കള്ളനെ ശിക്ഷിക്കാനോ, ജയിലില്‍ അടയ്ക്കാനോ തുനിയാതെ, അവാര്‍ഡു നല്‍കി മനസ്സുമാറ്റിക്കാന്‍ കാണിച്ച കടയുടമയുടെ മനസ്സിന് വലിയൊരു സല്യൂട്ട്. ഇപ്പോള്‍ കടയ്ക്കാവൂരില്‍ മീശമാധവന്‍ അവാര്‍ഡ് വലിയ ചര്‍ച്ച ആയിരിക്കുകയാണ്.
CONTENT HIGH LIGHTS; Meesamadhavan Award?: What award is that?; Is the award winner who embarrassed the people of Kadakvaur here?
















