സ്വര്‍ണ്ണപ്പാളി വിവാദത്തിനു പിന്നാലെയാണ് യൂത്തുകോണ്‍ഗ്രസ് മാര്‍ച്ചും ഷാഫി പറമ്പില്‍ എം.പിയയ്ക്കെതിരേയുണ്ടായ മര്‍ദ്ദനവും. മാര്‍ച്ചിനു നേരേ ലത്തിച്ചാര്‍ജ്ജ് നടന്നിട്ടില്ല എന്ന് പോലീസും, തല്ലിയത് പോലീസാണെന്ന് യൂത്തു കോണ്‍ഗ്രസും ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഷാഫി പറമ്പിലിന്റെ മൂക്കുപൊട്ടി ചോരവന്നു എന്നത് വസ്തുതയാണ്. മൂക്കില്‍ നിന്നും ചോര വന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അന്നുതൊട്ടേ വിരുദ്ധാഭിപ്രായങ്ങളും അനുകൂല പോസ്റ്റുകളും ഉണ്ടായി. ഇടത് സൈബര്‍ ഹാന്റിലുകള്‍ നിരന്തരം ഷാഫിയുടെ ചോരയെ വെറും പെയിന്റാക്കി മാറ്റാനുള്ള തീവ്രശ്രമം നടത്തിക്കൊണ്ടിരുന്നു. മാത്രമല്ല, ഷാഫിയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ അപ്പെക്സ് അള്‍ട്ടിമ എന്നു വരെ കളിയാക്കുകയും ചെയ്തു. മഷിക്കുപ്പിയും ചുവന്ന പെയിന്റുമായി യൂത്തുകോണ്‍ഗ്രസ്സുകാരുടെ മെയ്യ് അനങ്ങാത്ത സമരങ്ങളാണ് ഇതിനു കാരണമെന്ന് പറയാതെ വയ്യ.
സമരത്തിനിറങ്ങിയാല്‍ ലത്തിച്ചാര്ജ്ജുണ്ടാകും. പോലീസ് മര്‍ദ്ദനത്തില്‍ തലയും കാലും കൈയ്യുമെല്ലാം പൊട്ടുമെന്ന് ഏത് രാഷ്ട്രീയക്കാരനാണ് അറിയാത്തത്. എന്നാല്‍, അടിയും വടിയും പേടിയുള്ള, ഷര്‍ട്ട് ചുളുങ്ങാത്ത യൂത്തന്മാര്ക്ക് രക്തം കണ്ടാലേ പേടിയാണ്. അതുകൊണ്ടാണ്, സമരത്തിനിറങ്ങി തല്ലുകൊണ്ടെന്നു കാണിക്കാന്‍ മഷിക്കുപ്പി പ്രയോഗം കണ്ടെത്തിയത്. അത് തുടക്കത്തിലേ പാളിയെന്നു മാത്രമല്ല, പിന്നീടിങ്ങോട്ട് സത്യസന്ധമായി പാര്‍ട്ടിപ്രവര്‍ത്തനം നടത്തി സമരങ്ങളില്‍ അടികൊണ്ട് തലപൊട്ടുന്നവരുടെ ശരീരത്തില്‍ നിന്നു വന്നതെല്ലാം ചുവന്ന പെയിന്റായി എന്നതാണ് വസ്തുത. ഇത് എല്ലാക്കാലത്തും അങ്ങനെ പറയാനുമാവില്ല. ചില നേതാക്കളുടെ കാര്യത്തില്‍ അഏത് യോജിക്കുകയുമില്ല.
ഷാഫിയുടെ മൂക്കിന്റെ പാലത്തില്‍ അടിച്ചത് പോലീസിലെ ചിലരാണെന്ന് പോലീസ് തന്നെ അംഗീകരിച്ചിട്ടുണ്ട്. എ.സി.പി. ബൈജുവിന്റെ കുറ്റ സമ്മതം വന്നത് ഷാഫിയെ അടിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ പുറത്തു വിട്ടപ്പോഴാണ്. അടിച്ചതും, കൊണ്ടതും സത്യമാണെന്ന് വന്നതോടെ പോലീസിന് ഷാഫിയെ അടിച്ചെന്നു സമ്മതിക്കേണ്ടി വന്നു. അതുവരെ അടിച്ചിട്ടില്ലെന്നു പറഞ്ഞ പോലീസും മഷിക്കുപ്പി കമിഴ്ത്തിയതാണെന്നു പറഞ്ഞ ഇടതു സൈബര്‍ ഹാന്റിലുകളും ചെറുതായൊന്നടങ്ങി. ഷാഫിക്ക് താടിയും മീശയും വെച്ചു നടത്തിയ സര്‍ജറിയെയും വെറുതേ വിട്ടില്ല. മൂക്കില്‍ നിന്നും മഷി വന്നതിന് ചികിത്സിക്കാന്‍ കഴിയുമോ എന്ന ചോദ്യവും കേട്ടു. ഇതിനെല്ലാം ഒടുവിലാണ് സത്യം വീഡിയോ ആയും വാക്കുകളായും പുറത്തു വന്നത്.
പക്ഷെ, അപ്പോഴും ഷാഫിക്കും ഷാഫിയുടെ മൂക്കിനും കിട്ടുന്ന മൈലേജിനെ ഇടതുപക്ഷത്തെ നേതാക്കള്‍ വരെ ഭക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ചോരവീണ സമരങ്ങളാണ് കേരളത്തിന്റെ ഭരണമാറ്റത്തിനു കാരണമായിട്ടുള്ളതെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. പിണറായി വിജയന് സര്‍ക്കാരിനു മാത്രമാണ് ചോരവീഴാതെയുള്ള ഭരണവും തുടര്‍ ഭരണവും കിട്ടിയത്. അതുകൊണ്ട് ഷാഫിയുടെ മൂക്കിനെ കുറിച്ച് അല്‍പ്പമൊന്ന് എവുതാതെ പോകാനാവില്ലെന്ന നിലപാടായിരുന്നു പ്രൊഫസറും മന്ത്രിയും ഡോക്ടറുമൊക്കെയായ കെ.ടി. ജലീല്‍. പറയുമ്പോള്‍ കൊള്ളിച്ചു തന്നെ പറയുന്ന ശീലമുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കാരണം, ജലീല്‍ ഷാഫിയുടെ മൂക്കിനെ മൂക്കേ അല്ലെന്നു സ്ഥാപിക്കാന്‍ കൂട്ടു പിടിച്ചത് വൈക്കം മുഹമ്മത് ബഷീറിനെയാണ്. അദ്ദേഹത്തിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന ചെറുകഥയെ ഉപമിച്ചാണ് ഷാഫിയുടെ മൂക്കിനിട്ട് വീണ്ടും ഇടിച്ചിരിക്കുന്നത്.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
‘വിശ്വവിഖ്യാതമായ മൂക്ക്’
സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടാനും, ജനങ്ങളുടെ ഭ്രാന്തമായ ആവേശത്തെ കളിയാക്കാനും, രാഷ്ട്രീയ പാര്‍ട്ടികളുടെ അപചയം സൂചിപ്പിക്കാനുമാകണം വൈക്കം മുഹമ്മദ് ബഷീര്‍ ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കൊച്ചു നോവല്‍ രചിച്ചത്.
”മഹാഭാരതം’ ലോകാവസാനം വരെയുള്ള കഥയാണെന്ന് പറഞ്ഞ കുട്ടികൃഷ്ണ മാരാര്‍, എല്ലാ കാലത്തും ആ കഥയുടെ പുനരാവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബഷീറിന്റെ കഥകള്‍ക്കും അത്തരമൊരു സിദ്ധി ഉള്ളതായാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ വായിച്ചിട്ടുണ്ടെങ്കിലും ഓര്‍മ്മത്താളുകളില്‍ കഥയുടെ ഇതിവൃത്തത്തിന് മങ്ങലേറ്റിരുന്നു. അതൊരാവര്‍ത്തി കൂടി ഇന്നലെ വായിച്ചു. കഥാസാരം ഇങ്ങനെ:
”വിശ്വവിഖ്യാതമായ മൂക്കി’ലെ കഥാനായകന് ഒരു കുശിനിക്കാരനാണ്. കുശിനിപ്പണി മാത്രമേ അയാള്‍ക്കറിയൂ. ഇരുപത്തിനാലാമത്തെ വയസ്സില്‍ കഥാനായകന്റെ ജീവിതത്തില്‍ ഒരു മഹാത്ഭുതം സംഭവിച്ചു.
മറ്റൊന്നുമല്ല, നാള്‍ക്കുനാള്‍ നായകന്റെ മൂക്കിന് നീളം വെക്കാന്‍ തുടങ്ങി. നീണ്ടു നീണ്ട് പൊക്കിള്‍ വരെ അതെത്തി. അതോടെ നായകന് ”മൂക്കന്’ എന്നു പേരു വീണു. ‘മൂക്കന്റ’ മൂക്ക് കാണാന്‍ വിദൂര ദിക്കുകളില്‍ നിന്നു പോലും രാപ്പകലില്ലാതെ ആളുകള്‍ തിക്കും തിരക്കും കൂട്ടി ഒഴുകിയെത്തി.
”മൂക്കന്റെ’ അമ്മ മകനെ കാണാന്‍ ഫീസ് നിശ്ചയിച്ചു. എന്നിട്ടും തിരക്ക് കുറയാതായപ്പോള്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. അങ്ങനെ മൂക്കുകൊണ്ട് കുശിനിപ്പണിക്കാരന്‍ ലക്ഷപ്രഭുവായി. വലിയ വീടു വെച്ചു. രണ്ടു സുന്ദരികളായ സെക്രട്ടറിമാര്‍ ഇടംവലം നിന്ന് ”മൂക്കനെ’ പരിചരിച്ചു.
ലോകത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെ കുറിച്ചും ‘മൂക്കന്’ അഭിപ്രായം പറഞ്ഞു. അയാള്‍ അഭിപ്രായം പറയാത്ത വിഷയങ്ങള്‍ വളരെ നിസ്സാരമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി.
‘നാസിക പ്രമുഖന്’ എന്ന ബഹുമതിയും മെഡലും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആ നാട്ടിലെ പ്രമുഖ പാര്‍ട്ടി അയാളെ നേതാവാക്കി. എതിര് പാര്ട്ടിക്കാര് മൂക്കന്റ മൂക്ക് ഒറിജിനല്ല റബ്ബര്‍ മൂക്കാണെന്ന് ആരോപിച്ചു. തുടര്‍ന്ന് സര്‍ക്കാരിനെതിരെ അവര്‍ വന്‍ ലഹള നടത്തി. അവസാനം ”മൂക്കന്’ അറസ്റ്റിലായി.
”മൂക്കന്റെ’ പരസ്യ വിചാരണക്കായി 48 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തി. അവരുടെ സാന്നിദ്ധ്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ‘മൂക്കന്റ’ മൂക്ക് പരിശോധിച്ചു. അതില്‍ ഒരു ഡോക്ടര്‍ മൊട്ടുസൂചി കൊണ്ട് ‘മൂക്കന്റ’ മൂക്കിന് തുമ്പത്ത് കുത്തി. അപ്പോഴതാ ഒരു തുള്ളി പരിശുദ്ധമായ ചുവന്ന ചോര താഴേക്ക് ഉറ്റി വീഴുന്നു. മൂക്ക് ഒറിജിനലാണെന്ന് ഭിഷഗ്വരന്മാര് പ്രഖ്യാപിച്ചു. ഇതുകേട്ട ജനങ്ങള്‍ ആര്‍ത്തു വിളിച്ചു; അല്‍ഭുത ‘മൂക്കന്’ സിന്ദാബാദ്…
രാജ്യത്തിന്റെ പ്രസിഡന്റ് മൂക്കന് ‘മൂക്കശ്രീ’ എന്ന ബഹുമതി നല്കി. ദേശത്തെ പ്രമുഖ പാര്‍ട്ടി അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. അങ്ങനെ അല്‍ഭുത ”മൂക്കന്’ എം.പിയായി. നീണ്ട മൂക്കുകൊണ്ട് കഥാനായകന് ലോകമെങ്ങും അറിയപ്പെട്ടു.
അര്‍ത്ഥമില്ലായ്മയുടെ ‘അര്‍ത്ഥം’ മനോഹരമായി അവതരിപ്പിക്കുന്ന ഈ കഥ എക്കാലത്തും പ്രസക്തമാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഏറ്റവും പുതിയ കവര്‍ ചിത്രമാണ് ഇമേജില്‍. ബേപ്പൂര്‍ സുല്‍ത്താന്റെ ക്രാന്തദര്‍ശിത്വം എത്ര അപാരം!
CONTENT HIGH LIGHTS; Shafi’s “nose” and Basheer’s “world-famous nose”?: Is KT Jaleel’s anti-Shafi sentiment?; Was the dust blood or paint?
















