ലോകം ആഗ്രഹിച്ചതു പോലെ ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും പശ്ചിമേഷയില്‍ ആശങ്ക ഒഴിയുന്നില്ല. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടു കൊടുക്കേണ്ടതുണ്ട്. എന്നാല്‍, ബന്ദികള്‍ക്ക് ഹമാസിന്റെ പക്കലുള്ള ബന്ദികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനി ബന്ദികളെ കൈമാറ്റം ചെയ്യാന്‍ മൃതദേഹങ്ങള്‍ മാത്രമേയുള്ളൂ. കൊന്നിട്ടും മൃതദേഹങ്ങള്‍ തിരിച്ചു കൊടുക്കാന്‍ എന്തുകൊണ്ട് ഹമാസ് തയ്യാറാകുന്നില്ല എന്നതാണ് ഇസ്രയേലിനെ ചൊടിപ്പിക്കുന്നത്. നാല് മൃതദേഹങ്ങളാണ് ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ നല്‍കിയിരിക്കുന്നത്. ബാക്കി മൃതദേഹങ്ങള്‍ എവിടെ എന്തു ചെയ്തു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ബാക്കി മൃതദേഹങ്ങള്‍ അടിയന്തരമായി വിട്ടു നല്‍കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതു വരെ നാല് മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് വിട്ടുകൊടുത്തത്. ഇതോടെ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രയേല്‍ ആരോപിക്കുകയും ചെയ്യുന്നുണ്ട്. ഇനി 24 മൃതദേഹങ്ങളാണ് വിട്ടു കിട്ടാനുള്ളത്. ഇന്നലെ തന്നെ ഇവ വിട്ടു നല്‍കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നത്. ഗൈ ഇല്ലൂസ്, യോസി ഷറാബി, ബിപിന്‍ ജോഷി, ഡാനിയേല്‍ പെരെറ്റ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് വിട്ടു നല്‍കിയതെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാല്‍ ബാക്കിയുള്ള മൃതദേഹങ്ങള്‍ എവിടെയാണ് ഉള്ളതെന്ന കാര്യം ഹമാസ് നേതൃത്വത്തിന് കൃത്യമായി പറയാന്‍ കഴിയുന്നില്ല.
ഇന്നലെ ഇസ്രായേല്‍ സൈന്യം രണ്ട് മൃതദേഹങ്ങള്‍ ഇസ്രായേല്‍ പൗരനായ ഗൈ ഇലൂസിന്റെയും നേപ്പാളില്‍ നിന്നുള്ള കാര്‍ഷിക വിദ്യാര്‍ത്ഥിയായ ബിപിന്‍ ജോഷിയുടെയും ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ബന്ദികളാക്കിയ മറ്റ് രണ്ട് പേരുടെ പേരുകള്‍ കുടുംബങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു. അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്. കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാഗങ്ങള്‍ മരിച്ചവരെ ഉചിതമായ രീതിയില്‍ സംസ്്ക്കരിക്കാന്‍ കഴിയാത്തതില്‍ ആശങ്കയിലുമാണ്. എന്നാല്‍ ചില മൃതദേഹങ്ങള്‍ ഹമാസ് ഭീകരര്‍ മനഃപൂര്‍വ്വം കൈവശം വച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്നതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
രണ്ടു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള തുരങ്കളില്‍ എവിടെയൊക്കെയോ ബന്ദികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും പറയപ്പെടുന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും, തുരങ്കങ്ങളില്‍ നിരന്തരം ആക്രണം ഉണ്ടാകുമ്പോള്‍ മാറ്റിടത്തേക്ക് മാറേണ്ട സാഹചര്യം ഉള്ളതു കൊണ്ട് മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള സാഹചര്യവും ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചെന്നും വിലയിരുത്തലുണ്ട്. ബന്ദികള്‍ക്കും കാണാതായവര്‍ക്കും വേണ്ടി ഇസ്രയേലില്‍ രൂപീകരിച്ച ഫോറം ഹമാസിന്റെ നീക്കം വെടിനിര്‍ത്തലിന്റെ നഗ്‌നമായ ലംഘനം ആണെന്നും കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ കരാര്‍ ലംഘനത്തിന് ഗുരുതരമായ പ്രതികരണം നടത്തണം എന്നും അവര്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ഇസ്രായേലി ബന്ദികളുടെ ശരീര അവശിഷ്ടങ്ങള്‍ ഗാസയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരികെ നല്‍കാത്ത മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഇസ്രായേല്‍, യുഎസ്, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത ബഹുരാഷ്ട്ര ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു വരികയാണ്. ഏഴ് മുതല്‍ ഒമ്പത് വരെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥര്‍ കണക്ക് കൂട്ടുന്നത്. അതേ സമയം 10 മുതല്‍ 15 വരെ ഇതിന്റെ എണ്ണം ഉയരാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം ഇസ്രയേലില്‍ വ്യക്തമാക്കിയത് 28 മൃതദേഹങ്ങളും ലഭിക്കും എന്നാണ്. നേരത്തേ ഹമാസ് വിട്ടു നല്‍കിയ ചില മൃതദേഹങ്ങള്‍ പരസ്പരം മാറിപ്പോയത് വിവാദമായിരുന്നു.
ഷിരി ബിബാസിന്റെയും കുട്ടികളുടേയും മൃതദേഹങ്ങള്‍ കൈമാറിയപ്പോള്‍ ഷിരിയുടെ മൃതദേഹത്തിന് പകരം മറ്റൊരാളുടേതാണ് നല്‍കിയിരുന്നത്. അതേ സമയം മോചിപ്പിക്കപ്പെട്ട 20 തടവുകാരേയും ഇസ്രയേലില്‍ എത്തിച്ചതിന് ശേഷം അവരെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്ക് വിധേയരാക്കുകയാണ്.
CONTENT HIGH LIGHTS;Where are the rest of the bodies, Hamas?: Is the hatred not satisfied even after killing the hostages?; Will Israel violate the ceasefire?
















