കൊച്ചിയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ മുസ്ലീം കുട്ടിക്ക് ഹിജാബ് ധരിച്ച് പഠിക്കാന്‍ വരാന്‍ പറ്റില്ലെന്ന മാനേജ്‌മെന്റിന്റെ നിലപാടില്‍ മതേതര കേരളം വിവാദ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും, ഹിജാബിനും വിദ്യാര്‍ത്ഥിനിക്കും ഒപ്പം നിലകൊണ്ടപ്പോള്‍, ആര്‍.എസ്എസ്സും ഹിന്ദു സംഘടനകളും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിന്റെ നിലപാടിനെ അനുകൂലിച്ചു. ആദ്യം കോടതിയും സ്‌കൂളിന്റെ യൂണിഫോം ബൈലോയെ അനുകൂലിച്ചെങ്കിലും പിന്നീട് അത് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു.
ഇനി വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ എന്താകുമെന്നത് കണ്ടു തന്നെ അറിയണം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും നല്ലതാണെന്നുള്ള തരത്തിലൊക്കെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതില്‍ ശ്രദ്ധേയമായൊരു പോസ്റ്റുണ്ട്. മുസ്ലീംങ്ങള്‍ അവരുടെ കുട്ടികളെ വളര്‍ത്തുന്ന രീതിയും പഠിപ്പിക്കുന്ന പ്രവൃത്തികളെയും കുറിച്ചുള്ള പോസ്റ്റാണിത്.
- ആ പോസ്റ്റ് ഇങ്ങനെ
മുസ്ലിങ്ങള്‍ അവരുടെ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മൂത്രമൊഴിച്ചാല്‍ കഴുകാന്‍ പഠിപ്പിക്കും, പല്ലു തേക്കാന്‍ പഠിപ്പിക്കും, സ്‌കൂളില്‍ പോവാന്‍ നിര്‍ബന്ധിക്കും, കൂട്ടത്തില്‍ ദീനും പഠിപ്പിക്കും. യൂണിഫോമിന്റെ കൂടെ ശിരോവസ്ത്രം ധരിക്കാന്‍ ഉപദേശിക്കും. കൈക്കൂലി, പലിശ, മദ്യം, പരദൂഷണം ഒക്കെ ഹറാമെന്ന് പഠിപ്പിക്കും.! അങ്ങിനെ പല പല കാര്യങ്ങള്‍. എല്ലാറ്റിന്റെയും ആധാരം വിശുദ്ദ ഖുര്‍ആനും തിരുനബിയുടെ ജീവിതപാഠങ്ങളും തന്നെ. 18 വയസ്സ് കഴിഞ്ഞാലും ചിലര്‍ മാതാപിതാക്കളുടെ അത്തരം ശാസനകളും ഉപദേശങ്ങളും പിന്‍തുടരും. പലരും അതില്‍ യുക്തിയും, ബോധ്യങ്ങളും കണ്ടെത്തും. അവര്‍ ഇസ്ലാം മതമായി സ്വീകരിച്ചു എന്നര്‍ത്ഥം.
വേദം വീണ്ടും വായിച്ച് ജീവിതത്തെ നവീകരിക്കും. എല്ലാ കുഞ്ഞുങ്ങളും ശുദ്ദ പ്രകൃതിയില്‍ (മുസ്ലിങ്ങളായി) ജനിക്കുന്നു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവര്‍ മുസ്ലിങ്ങളായി തന്നെ ജീവിതം തുടരാന്‍ തീരുമാനിച്ചു എന്നേ അര്‍ത്ഥമുള്ളൂ. പൊങ്ങുതടി പോലെ നവീകരണമില്ലാതെ ചിലര്‍ ഒഴുകുന്നുണ്ടാവാം. മതം ഒരു ലേബല്‍ ആയി മാത്രം കൊണ്ട് നടക്കുന്നവര്‍. അതില്‍ വല്യ കാര്യമില്ലെന്നാണ് തോന്നുന്നത്. എവിടെയെങ്കിലും തട്ടി തടഞ്ഞു നില്ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ‘വിശ്വസിച്ചവരേ നിങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുവിന്‍’ എന്നൊക്കെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്.
മറ്റു ചിലര്‍ പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ ശീലിപ്പിച്ചത് ഉപേക്ഷിക്കും. എക്‌സ് മുസ്ലിം ആയി അവര്‍ക്കിഷ്ടപ്പെട്ട പല ‘സ്വാതന്ത്ര്യങ്ങളും’ വീണ്ടെടുക്കും. ആരും തടയാറില്ല. എക്‌സ് മുസ്ലിം സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുക പോലും ചെയ്യുന്നുണ്ട്. മനുഷ്യര്‍ക്ക് അവരുടെ സ്രഷ്ടാവായ പടച്ചോനെ നിഷേധിക്കാന്‍ പോലും സ്വാതന്ത്ര്യം കിട്ടിയുണ്ടെന്നിരിക്കെ എല്ലാം ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ വിഷയമാണല്ലോ? ദീനില്‍ യാതൊരു നിര്ബന്ധവും പടച്ചോന്‍ വച്ചിട്ടില്ലാത്ത സ്ഥിതിക്ക് പടപ്പുകള്‍ വാശി കാണിക്കേണ്ട കാര്യവുമില്ല. ശിരോവസ്ത്രം അണിയാനും, ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
രണ്ടും രണ്ടുമതമാണല്ലോ? എന്നിട്ടും തലയില്‍ തട്ടമിട്ട മുസ്ലിം കുട്ടികളെ കന്യാസ്ത്രീകളടക്കം ഭയക്കുന്നതും അവരുടെ വിദ്യാഭ്യാസം തടയുന്നതും വെറുപ്പ് കൊണ്ടാണ്. അതിന് പ്രേരിപ്പിക്കുന്നത് വര്‍ഗീയതയും! യൂണിഫോമിനോടൊപ്പം തട്ടം ചുറ്റിയത് കണ്ടാല്‍ പേടിക്കുന്നവര്‍ ഫോട്ടോ നോക്കേണ്ടതില്ല.
CONTENT HIGH LIGHTS;They will teach you to wash your face if you urinate: They will teach you to brush your teeth, force you to go to school, and they will also teach you religion; Facebook post on the hijab issue goes viral
















