കടലിനടിയിലൂടെ യാത്ര ചെയ്തിട്ടുണ്ടോ നിങ്ങൾ? യാത്ര ചെയ്യണം എന്ന് സ്വപ്നം കണ്ടിട്ടുണ്ടോ? എങ്കിൽ ആ യാത്ര യാഥാർഥ്യമാകുകയാണ്, അതും വേറെ എവിടെയുമല്ല, നമ്മളുടെ കേരളത്തിൽ! ഓരോ ദിവസവും സാങ്കേതികമായി വളർന്നുവരുന്ന കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെപ്പായി മാറാൻ ഒരുങ്ങുകയാണ് കടലിനെ അടിയിലൂടെ ഉള്ള ഈ തുരങ്ക പാത നിർമാണം. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണ്ണായകമായ ചുവടുവെപ്പ് ആയിരിക്കും ഈ പദ്ധതി.
ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് കടലിനടിയിലൂടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണത്തിനായി ഉടൻതന്നെ താല്‍പ്പര്യപത്രം (Expression of Interest – EOI) ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചു. 2672.25 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ വമ്പൻ പദ്ധതി, തീരദേശ ഹൈവേയുടെ ഭാഗമായാണ് നടപ്പാക്കുക. കൊച്ചിയിലെ പ്രധാന കപ്പൽച്ചാലിന് അടിയിലൂടെയുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കമെന്ന ഖ്യാതിയും ഈ പദ്ധതിക്ക് സ്വന്തമാകും. കെ-റെയില്‍ സമര്‍പ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പിന്റെ ഈ സുപ്രധാന നീക്കം. പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നിയമസഭയിൽ പങ്കുവെച്ചത്.
- പദ്ധതിയുടെ ഘടനയും സാമ്പത്തിക മാതൃകയും
കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണ്ണായകമായ ഈ പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പിനായി ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (DBFOT) മാതൃകയാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഇതനുസരിച്ച്, സ്വകാര്യ പങ്കാളിത്തത്തോടെ തുരങ്കം നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്ത ശേഷം ഒരു നിശ്ചിത കാലയളവിന് ശേഷം സർക്കാരിന് കൈമാറുകയും ചെയ്യും. 623 കിലോമീറ്റര്‍ ദൈർഘ്യമുള്ള, തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന തീരദേശ ഹൈവേയുടെ ഒരു പ്രധാന ഭാഗമാണിത്. ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ ഹൈവേയുടെ എറണാകുളം ജില്ലയിലെ ഭാഗം ചെല്ലാനം മുതല്‍ മുനമ്പംവരെ 48 കിലോമീറ്ററാണ്. വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ഭാഗത്തിനുപുറമെ, നിലവിൽ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, മുനമ്പം അഴിക്കോട് എന്നിവിടങ്ങളിലും പാത മുറിഞ്ഞുപോകുന്നുണ്ട്.
തുരങ്കപാതയിലെ സാങ്കേതികതയും സുരക്ഷാ സംവിധാനങ്ങളും
സാങ്കേതിക മികവിൻ്റെ കാര്യത്തിൽ ഈ പദ്ധതി ഏറെ ശ്രദ്ധേയമാണ്. നിർദ്ദേശിച്ചിട്ടുള്ള ഇരട്ട ടണലുകളിൽ, ഒന്ന് നാലര മീറ്റര്‍ വീതിയിലുള്ള ഹൈവേ ആയും മറ്റൊന്ന് മൂന്നര മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡ് ആയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവ പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് തുറക്കുക. കൊച്ചി തുറമുഖത്തെ പ്രധാന കപ്പല്‍ച്ചാലിന് കുറുകെ നിർമ്മിക്കുന്ന തുരങ്കം കടലിൽ 35 മീറ്റര്‍ ആഴത്തിലായിരിക്കും. കപ്പൽച്ചാലിൻ്റെ നിലവിലെ ആഴം 10 മുതൽ 13 മീറ്റർ വരെയാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, എല്ലാ 250 മീറ്ററിലും ഒരു എമര്‍ജന്‍സി സ്റ്റോപ്പ് ബേയും എല്ലാ 500 മീറ്ററിലും വെന്റിലേഷനോടുകൂടിയ എമര്‍ജന്‍സി എക്‌സിറ്റും ഉണ്ടാകും. പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ടര വര്‍ഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രണ്ട് അലൈൻമെന്റുകളും ഇതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഫോർട്ട് കൊച്ചിക്കും വൈപ്പിനുമിടയിലെ യാത്രാസമയവും നിലവിലെ റോ-റോ ഫെറി സർവീസുകളെ ആശ്രയിച്ചുള്ള ബുദ്ധിമുട്ടുകളും പൂർണ്ണമായും ഒഴിവാക്കാനാകും.
















