രാഷ്ട്രപതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളത്തിലെ അധികൃതര്‍ എന്തു ചെയ്തു എന്നതിനേക്കാള്‍ എന്തു ചെയ്തില്ല എന്നു ചോദിക്കുന്നതാകും നല്ലത്. രാഷ്ട്രപതി എന്നാല്‍, ഇന്ത്യയുടെ പ്രഥമ പൗരന്‍ കൂടിയാണ്. മറ്റാരെക്കാലും സുരക്ഷയും സൗകര്യങ്ങളും ബഹുമാനവും കൊടുക്കപ്പെടേണ്ട ആള്‍. ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നാലും അത് നല്‍കുക തന്നെ വേണം. എന്നാല്‍, ദ്രൗപതി മുര്‍മു രാഷ്ട്രപതി ആയപ്പോള്‍ രണ്ടുകാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന് പ്രഥമ വനിത എന്നതും രണ്ടാമതായി ദളിത് വിഭാഗത്തില്‍പ്പെട്ട വനിത എന്നതുമാണ്. മറ്റേതൊരു സംസ്ഥാനത്തിലും ലഭിക്കാത്ത അത്ര സുരക്ഷയും ക്രമീകരണങ്ങളും നല്‍കേണ്ട ഇടം കൂടിയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.
പ്രസിഡന്റ് ദ്രൗപതി മുര്‍മു ശബരിമലയില്‍ പോയ ഹെലിക്കോപ്ടറിന്റെ വീലുകള്‍ സിമന്റില്‍ താഴ്ന്നു. പോലീസുകാരും ഫര്‍ ഫോഴ്‌സും ഹെലിക്കോപ്ടര്‍ തള്ളിയാണ് മാറ്റിയത്. ഈ സുരക്ഷാ വീഴ്ചയെ വിലയിരുത്തുമ്പോള്‍, കേരളത്തിന് ഇത് പുത്തരിയല്ല. രണ്ടു സംഭവങ്ങളെ വെച്ച് വിലയിരുത്തിയാല്‍ ഹെലിക്കോപ്ടര്‍ തള്ളിയതില്‍ കേരളാ പോലീസിനെ അഭിനന്ദിക്കാനേ തരമുള്ളൂ. തള്ളുകളുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് നവകേരളാ സദസ്സിനു വേണ്ടി വാങ്ങിയ ബസ് തള്ളിയപ്പോഴേ തെളിയിച്ചതാണ്. അന്ന് വയനാടും കോഴിക്കോടും ബസിന്റെ വീലുകള്‍ താഴ്ന്നു പോയിരുന്നു. കേരളാ പോലീസംും നാട്ടുകാരും അത് തള്ളിക്കയറ്റുന്ന ഫോട്ടോയും വീഡിയോകളും ഇന്നും സോഷ്യല്‍ മീഡിയ.കളില്‍ വൈറലാണ്.
അന്ന്തള്ളിയ അതേ കേരളാ പോലീസ് തന്നെയാണ് ഇന്ന് ഹെലിക്കോപ്ടര്‍ തള്ളിയതും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍, ‘നാട് മാറിയ മാറ്റം കണ്ടോ’ എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നത്’. ഇതാണ് കാണേണ്ടത്’. നവകേരള ബസ് തള്ളിക്കൊണ്ടിരുന്ന പോലീസ് ഇപ്പോള്‍ ഹെലിക്കോപ്ടര്‍ തള്ളുകയാണ്. എത്ര വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇങ്ങനെയാണ് ട്രോളര്‍മാര്‍ ട്രോളുന്നത്. കേരളാ പോലീസിനും മാറ്റമുണ്ടായിട്ടുണ്ട്. അവരുടെ കാര്യക്ഷമതയും ശാരീരിക ക്ഷമതയും എവിടെയും എടുത്തു പറയാനാകും. ബസ് തള്ളിയിരുന്ന കാലമെല്ലാം പോയി. ഇപ്പോള്‍ ഹെലിക്കോപ്ടറാണ് തള്ളുന്നത്. തള്ളുമ്പോള്‍ ഹെവിയായി തള്ളണമല്ലോ. അങ്ങനെയൊരു വലിയ മാറ്റത്തിനു വഴിയൊരുക്കിയിരിക്കുകയാണ് പ്രസിഡന്റിന്റെ ശബരിമല ദര്‍ശനം.
എന്താണ് പ്രമാഡത്തെ ഹെലിപാഡിന് സംഭവിച്ചത്. അത് എന്നാണ് നിര്‍മ്മിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടായ വീഴ്ചയെ എങ്ങനെയാണ് കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയെ ന്യായീകരിക്കുന്നത് എങ്ങനെ. രാഷ്ട്രപതിയുടെ ജീവന് അല്‍പ്പംപോലും വിലയില്ലാത്ത വിധം ക്രമീകരണം നടത്തിയത് എന്തിന്. ഹെലിപാഡ് ഇല്ലെങ്കില്‍ റോഡ് മാര്‍ഗം യാത്ര മാറ്റാമായിരുന്നില്ലേ. ഹെലികോപ്ടര്‍ ലാന്റ് ചെയ്തപ്പോള്‍ വീലുകള്‍ പുതഞ്ഞതു വഴി മറ്റെന്തെങ്കിലും അപായം സംഭവിച്ചിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നോ. പ്രസിഡന്റ് കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍, കേരളത്തിന്റെ ആഥിത്യ മര്യാദയില്‍ സന്തോഷം പങ്കുവെച്ചാല്‍, അതിന്റെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാരിനല്ലേ. അങ്ങനെയെങ്കില്‍ പ്രസിഡന്റിന് ഉണ്ടാകുന്ന ഓരോ അസ്വസ്ഥതകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരിക്കും കുറ്റക്കാരും.
ക്രെഡിറ്റിനൊപ്പം കുറ്റവും ഏറ്റെടുക്കേണ്ടതുണ്ട്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ സംഭവം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയറുകള്‍ പത്തനംതിട്ടയിലെ പ്രമാടത്ത് ഒരുക്കിയ ഹെലിപാഡില്‍ കുടുങ്ങിപ്പോയ സംഭവമാണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയത്. രാജ്ഭവനില്‍ നിന്ന് രാവിലെ 7:30 ഓടെ തിരിച്ച രാഷ്ട്രപതി, രാവിലെ 9 മണിയോടെ പ്രമാടത്തെത്തി. നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം അവസാന നിമിഷം ഹെലികോപ്ടര്‍ ലാന്‍ഡിംഗ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ, തിരക്കിട്ട് ഹെലിപാഡ് കോണ്‍ക്രീറ്റ് ചെയ്ത് സജ്ജമാക്കേണ്ടി വന്നിരുന്നു. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ, ചക്രങ്ങള്‍ കോണ്‍ക്രീറ്റ് തറയില്‍ ആഴ്ന്ന്‌പോയി. കോണ്‍ക്രീറ്റ് 70 ശതമാനം എങ്കിലും കട്ടിയാകാന്‍ 7 ദിവസം എടുക്കും എന്ന ബുദ്ധിപോലും ഉന്നതര്‍ക്ക് വന്നില്ല എന്നുള്ളതാണ് ഇവിടെ ഊന്നി പറയേണ്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കാന്‍ ആവശ്യമായ സമയം ലഭിക്കാതിരുന്നതാണ് വീലുകള്‍ താഴാന്‍ കാരണം. രാഷ്ട്രപതി സുരക്ഷിതമായി താഴെ ഇറങ്ങിയ ശേഷമാണ് സംഭവം നടന്നതെങ്കിലും, രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് സുരക്ഷാ വീഴ്ചയുണ്ടായത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഹെലികോപ്ടര്‍ താഴ്ന്നുപോയതോടെ അധികൃതര്‍ പരിഭ്രാന്തരാകുകയായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളിനീക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരാഴ്ച മുന്‍പ് യാത്ര നിശ്ചയിച്ചിരുന്നിട്ടും, അവസാന നിമിഷം ലാന്‍ഡിംഗ് സ്ഥലം മാറ്റിയതിന്റെ പേരില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഹെലിപാഡ് ഒരുക്കിയതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് പ്രധാന ആരോപണം. ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രമാടത്തു നിന്നും മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിച്ചത് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള ശ്രമമാണെന്നും വിമര്‍ശനമുയര്‍ന്നു. സുരക്ഷാ വീഴ്ചകള്‍ യാത്രയ്ക്ക് തടസ്സമുണ്ടാക്കിയില്ല. പ്രമാടത്തുനിന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോയ രാഷ്ട്രപതി, അവിടെ പരമ്പരാഗതമായ കാല്‍കഴുകി ശുദ്ധീകരണ ചടങ്ങ് നടത്തി. തുടര്‍ന്ന് പമ്പാ ഗണപതി കോവിലില്‍ ഇരുമുടിക്കെട്ട് നിറച്ചു.
ദേവസ്വത്തിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. രാവിലെ 11:50 ഓടെ സന്നിധാനത്തെത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണ്ണകുംഭത്തോടെ സ്വീകരിച്ചു. പിന്നീട് ഇരുമുടിക്കെട്ടേന്തി, പതിനെട്ടാം പടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം സന്നിധാനത്തെ ഓഫീസ് കോംപ്ലക്സില്‍ ഒരുക്കിയ പ്രത്യേക മുറിയില്‍ രണ്ട് മണിക്കൂര്‍ വിശ്രമം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായി, രാഷ്ട്രപതി തിരിച്ചുപോകുന്നതുവരെ മറ്റ് തീര്‍ത്ഥാടകരെ നിലയ്ക്കലിനപ്പുറം പ്രവേശിപ്പിച്ചില്ല.
CONTENT HIGH LIGHTS; “The police who pushed the bus in New Kerala are now pushing the helicopter”: What has changed in Kerala?; Trollers say that the efficiency and physical fitness of the police have increased
















