ദാരിദ്ര്യത്തിൻ്റെ കയ്പുനീർ മാത്രം കൈമുതലായ ഒരു കുടിലിൽ, ഒഡിഷയിലെ ഗോത്ര ഗ്രാമത്തിലെ മണ്ണിൽ ജനിച്ച ഒരു പെൺകുട്ടി. സ്വന്തമായി സ്വപ്‌നം കാണാനോ പഠിക്കാനോ പോലും അവകാശമില്ലായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സിംഹാസനമായ രാഷ്ട്രപതി ഭവനിലേക്ക് അവർ നടത്തിയ യാത്ര ഒരു രാജ്യത്തിന് മുഴുവൻ പ്രചോദനമാണ്. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗ വനിതയും, പ്രതിഭ പാട്ടീലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയുമാണ് ദ്രൗപദി മുർമു. കഷ്ടപാടുകൾക്കും ദുരന്ത ജീവിതത്തിനോ തളർത്താൻ കഴിയാതെ ആദ്മാവിശ്വാസത്തോടെ മുന്നേറി ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിയായി മാറി. ഒരു ദളിത് കുടുംബത്തിലെ സാധാരണക്കാരിയായി ജനിച്, സ്കൂൾ അധ്യാപിക, വാർഡ് കൗൺസിലർ, എം.എൽ.എ, സംസ്ഥാന മന്ത്രി, ഗവർണർ, ഒടുവിൽ രാജ്യത്തിന്റെ രാഷ്‌ട്രപതി!
- ആരായിരുന്നു ദ്രൗപദി മുർമു?
1958 ജൂൺ 20-ന് ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഉപർബേദ ഗ്രാമത്തിലെ സന്താളി കർഷക കുടുംബത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്. ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ബാല്യം .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന ആ കാലഘട്ടത്തിൽ, ഭുവനേശ്വറിലെ രമാദേവി വനിതാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടിയെടുക്കാൻ അവർ കാണിച്ച ദൃഢനിശ്ചയം ശ്രദ്ധേയമാണ്. ഗോത്ര സമൂഹത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആദ്യ വനിതകളിൽ ഒരാളായിരുന്നു അവർ.
ജലസേചന വകുപ്പിലെ ക്ലർക്ക് ജോലിക്ക് ശേഷം, റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ സ്കൂളിൽ ശമ്പളമില്ലാത്ത അധ്യാപികയായി സേവനം അനുഷ്ഠിച്ചുകൊണ്ടാണ് അവർ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. 1997-ൽ വാർഡ് കൗൺസിലറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ദ്രൗപദി മുർമു പിന്നീട് ഒഡിഷയിൽ രണ്ടു തവണ എം.എൽ.എ. ആവുകയും, ബിജെഡി-ബിജെപി സഖ്യ സർക്കാരിൽ ഗതാഗത, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചകൾ തുടരുമ്പോഴും, വ്യക്തിജീവിതത്തിൽ വലിയ ദുരന്തങ്ങളാണ് ഈ വനിതയെ തേടിയെത്തിയത്. 2009-നും 2015-നും ഇടയിലുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ, ഹൃദയാഘാതം മൂലം ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും, കൂടാതെ രണ്ട് ആൺമക്കളെയും, അമ്മയെയും സഹോദരനെയും അവർക്ക് നഷ്‌ടപ്പെട്ടു.
ഈ കനത്ത ദുഃഖക്കടലിൽ തളരാതെ, ആത്മീയ പാതയിൽ (ബ്രഹ്മകുമാരീസ്) അഭയം തേടിയാണ് ആ അമ്മ അതിജീവിച്ചത്. “എന്റെ ഭർത്താവിന് എന്നെപ്പോലെ ധ്യാനം ചെയ്യാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ ദുരന്തം താങ്ങാൻ കഴിയാതിരുന്നത്” എന്ന് അവർ പിന്നീട് ഈ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ സങ്കടക്കടലിനെ തന്റെ ഇച്ഛാശക്തിയാക്കി മാറ്റിയ അവർ 2015-ൽ ഝാർഖണ്ഡ് ഗവർണറായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ ഗോത്രവിഭാഗം വനിതയായി മാറിയ അവർ, ഝാർഖണ്ഡിന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ഏക ഗവർണറും കൂടിയാണ്.
2022-ൽ ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയായി ചുമതലയേറ്റതോടെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അവർ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു. ദാരിദ്ര്യം, ദുരന്തം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയെല്ലാം തകർത്തെറിഞ്ഞിട്ടും, രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവിയിലേക്ക് അവർ നടന്നുകയറിയത്, വിധിക്ക് പോലും തകർക്കാൻ കഴിയാത്ത അവരുടെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യമാണ്. ഈ അവിശ്വസനീയമായ പോരാട്ടത്തിന്റെ പൂർണ്ണരൂപം, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവനും സ്വപ്നം കാണാൻ പ്രചോദനമാകുന്ന ഒരു ജീവിതാഗ്നിയാണ്.
















