കേന്ദ്രസർക്കാരിൻ്റെ 1500 കോടിയുടെ വിദ്യാഭ്യാസ സഹായം! ഇത് വേണ്ടെന്ന് വെച്ചാൽ രാഷ്ട്രീയ പരാജയം, സ്വീകരിച്ചാൽ ‘ആർഎസ്എസ് അജണ്ട’. ഇടതുമുന്നണിയിൽത്തന്നെ പിളർപ്പുണ്ടാക്കി കേരളം ഒടുവിൽ പി.എം.-ശ്രീ (PM Schools for Rising India) പദ്ധതിയിൽ ഒപ്പുവെച്ചതിനെ തുടർന്ന് വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ‘പണം വലിച്ചെറിയുന്നതിനേക്കാൾ നല്ലത് വാങ്ങുന്നതാണ്’ എന്ന പ്രായോഗിക വാദവും ‘ആശയപരമായ വിട്ടുവീഴ്ച പാടില്ല’ എന്ന സി.പി.ഐയുടെ രാഷ്ട്രീയ നിലപാടും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. എന്താണ് ഈ പി.എം.-ശ്രീ പദ്ധതി? എന്തുകൊണ്ടാണ് ഇത് ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-മായി ബന്ധപ്പെട്ട് ഇത്രയധികം രാഷ്ട്രീയ കൊടുങ്കാറ്റ് കേരളത്തിൽ സൃഷ്ടിക്കുന്നത് ?
- എന്താണ് പി.എം.-ശ്രീ പദ്ധതി?
2022-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പി.എം.-ശ്രീ. 2026-27 വർഷത്തേക്ക് വിഭാവനം ചെയ്ത ഈ സംരംഭം രാജ്യത്തെ 14,500-ൽ അധികം നിലവിലുള്ള സ്കൂളുകളെ നവീകരിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) മികവ് പ്രദർശിപ്പിക്കുന്ന മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നവയാണ്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സ്കൂളുകളെയാണ് പ്രധാനമായും വികസിപ്പിക്കുക. ഈ സ്കൂളുകൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നു. സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, സംയോജിത സയൻസ് ലാബുകൾ, അടൽ ടിങ്കറിംഗ് ലാബുകൾ എന്നിവ ഇതിൻ്റെ ഭാഗമാണ്. NEP 2020-ൽ ഊന്നൽ നൽകിയിട്ടുള്ള യോഗ്യത അടിസ്ഥാനമാക്കിയുള്ള പഠനം, വിമർശനാത്മക ചിന്ത, അനുഭവപരവും അന്വേഷണാത്മകവുമായ, വിദ്യാർത്ഥികേന്ദ്രീകൃത അധ്യാപന രീതി എന്നിവ ഇവിടെ നടപ്പാക്കും. കൂടാതെ, ജലസംരക്ഷണം, സൗരോർജ്ജം, മാലിന്യ സംസ്കരണം തുടങ്ങിയ ഹരിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഒരു സ്കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുന്നത്. പൊതു സംസ്ഥാനങ്ങൾക്ക് 60:40 എന്ന അനുപാതത്തിലാകും ഫണ്ടിംഗ്. ഈ പദ്ധതിയിൽ ചേരുന്നതിലൂടെ സ്കൂൾ ക്വാളിറ്റി അസസ്‌മെൻ്റ് ഫ്രെയിംവർക്ക് (SQAF) പോലുള്ള ശക്തമായ ഒരു മോണിറ്ററിംഗ് സംവിധാനത്തിന് കീഴിൽ സ്കൂളുകൾ വരും.
- എന്താണ് എൻ.ഇ.പി?
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ സമഗ്രമായി പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ 2020-ൽ അംഗീകരിച്ച നയരേഖയാണ് ദേശീയ വിദ്യാഭ്യാസ നയം (National Education Policy – NEP) 2020. 1986-ലെ വിദ്യാഭ്യാസ നയത്തിന് പകരമായി വന്ന ഇത്, ഇന്ത്യയെ ഒരു ആഗോള വിജ്ഞാന ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.
നിലവിലുണ്ടായിരുന്ന 10+2 അതായത് പത്ത് വർഷത്തെ സ്കൂൾ പഠനവും തുടർന്ന് രണ്ട് വർഷത്തെ ഹയർ സെക്കൻഡറിയും എന്ന ഘടന മാറ്റി, 3 വയസ്സുമുതലുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസം ഉൾപ്പെടുത്തി 5+3+3+4 എന്ന പുതിയ ഘടന പദ്ധതി കൊണ്ടുവന്നു. കൂടാതെ കല, ശാസ്ത്രം, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവ തമ്മിലുള്ള കർശനമായ വേർതിരിവ് ഇല്ലാതാക്കുന്നു. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യം ഈ പദ്ധതിയിലൂടെ നൽകുന്നു. വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത, വിശകലന ശേഷി എന്നിവ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോഗ്യത അടിസ്ഥാനമാക്കിയുള്ള പഠനത്തിനാണ് (Competency-Based Learning) ഇവ പ്രാധാന്യം നൽകുന്നു. അഞ്ചാം ക്ലാസ് വരെയും, സാധിക്കുമെങ്കിൽ എട്ടാം ക്ലാസ് വരെയും പ്രാദേശിക ഭാഷ/മാതൃഭാഷ പഠനമാധ്യമമാക്കാൻ നയം ശുപാർശ ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഒരു കോഴ്സിൽ നിന്ന് ആവശ്യമുള്ളപ്പോൾ പുറത്തുപോകാനും ഉദാഹരണത്തിന്, ഒരു വർഷത്തിന് ശേഷം സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തിന് ശേഷം ഡിപ്ലോമ അങ്ങനെ പിന്നീട് തിരികെ പ്രവേശിക്കാനും അവസരം നൽകുന്ന മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുകൾ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളാണ് ശുപാർശ ചെയുന്നത്
- എന്തുകൊണ്ട് എതിർക്കുന്നു?
പി.എം.-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പ് ഉയർത്തിയത് ദേശീയ വിദ്യാഭ്യാസ നയം 2020-നോടുള്ള നയപരമായ വിയോജിപ്പുകളുടെ പേരിലാണ്. എൻഇപി ഒരു ആർഎസ്എസ് അജണ്ടയാണെന്നും വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കാനും വാണിജ്യവത്കരിക്കാനും കേന്ദ്രീകരിക്കാനും ശ്രമിക്കുന്നുവെന്നും സി.പി.ഐ ആരോപിക്കുന്നു.
- പ്രധാമായും ഉയർന്ന വിമർശനങ്ങൾ :
1 : ദേശീയത അടിച്ചേൽപ്പിക്കുക, ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുക എന്നിവയാണ് എൻഇപിയിലൂടെ ലക്ഷ്യമിടുന്നതെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.
2 : പി.എം.-ശ്രീ സ്കൂളുകളിൽ സംസ്ഥാന സിലബസിന് പകരം എൻസിആർടിയുടെ സിലബസ് നടപ്പാക്കേണ്ടിവരും. കൂടാതെ, നിലവിലെ 10 ,+2 ഘടന മാറ്റി 5+3+3+4 എന്ന രീതിയിലേക്ക് വിദ്യാഭ്യാസ ഘടന മാറ്റേണ്ടിവരും. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേർന്ന പോകുന്നതല്ല.
3 : പദ്ധതിയുടെ ഭാഗമായി പി.എം.-ശ്രീ സ്കൂൾ എന്ന ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കണം. സംസ്ഥാനം പണം മുടക്കി വികസിപ്പിച്ച സ്കൂൾ കേന്ദ്രത്തിൻ്റെ ബ്രാൻഡിംഗിനായി വിട്ടുകൊടുക്കുന്നതും എതിർപ്പിന് കാരണമാണ്.
- ഫണ്ട് തടഞ്ഞപ്പോൾ കേരളം വഴങ്ങി; ഒപ്പിടാതെ തമിഴ് നാട് :
പി.എം.-ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാനങ്ങൾ ധാരണാപത്രം (MoU) ഒപ്പിടണമെന്ന് കേന്ദ്രം നിർബന്ധം പിടിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഒപ്പുവെക്കാത്ത കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കുള്ള സമഗ്ര ശിക്ഷാ അഭിയാൻ (SSA) പദ്ധതി പ്രകാരമുള്ള കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞത് നിയമപരവും വസ്തുതാപരവുമായി നിലനിൽക്കുന്നതല്ലെന്നും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ചേരാത്തതിന് നിയമപരമായ മറ്റൊരു പദ്ധതിയുടെ ഫണ്ട് തടയുന്നത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും വിമർശനമുയർന്നു.
ഏകദേശം 1466 കോടി രൂപയുടെ കേന്ദ്ര ഫണ്ടാണ് കേരളത്തിന് നഷ്ടമാകാതെ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നത്. ഈ വലിയ തുക നഷ്ടപ്പെടുത്തേണ്ടതില്ല എന്ന പ്രായോഗിക സമീപനം സ്വീകരിച്ചാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രി വി. ശിവൻകുട്ടി പി.എം.-ശ്രീ പദ്ധതിയിൽ പങ്കുചേരാൻ തീരുമാനിച്ചത്. അതേസമയം, തമിഴ്‌നാട് സർക്കാർ കേന്ദ്രത്തിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും, സമഗ്ര ശിക്ഷാ പദ്ധതിയുടെ വിഹിതം നിയമപോരാട്ടത്തിലൂടെ നേടിയെടുക്കുകയും ചെയ്തു. സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താമെന്ന മന്ത്രിയുടെ വാദമാണ് ഒടുവിൽ കേരളത്തിൽ അംഗീകരിക്കപ്പെട്ടത്. എങ്കിലും, ഈ തീരുമാനം ഇടതുമുന്നണിയിലെ സി.പി.ഐയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനത്തിന് വഴിവെക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിലെ കേന്ദ്രീകരണം, വർഗീയവത്കരണം, വാണിജ്യവത്കരണം എന്നിവയെ ചെറുക്കണമെന്ന നിലപാട് ഉയർത്തിപ്പിടിക്കുമ്പോഴും, സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി ഫണ്ട് സ്വീകരിക്കാനുള്ള ഈ നീക്കം കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ വെല്ലുവിളികളും സാധ്യതകളുമാണ് തുറന്നുവിടുന്നത്. ധാരണാപത്രം ഒപ്പിട്ടതോടെ എൻഇപി പൂർണ്ണതോതിൽ നടപ്പാക്കേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, എൻഇപിയിലെ തെറ്റായ അജണ്ടകൾ കേരളത്തിൽ നടപ്പാക്കില്ലെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്.
















