കഴിഞ്ഞ 18ന് രാത്രി തലസ്ഥാനത്തെ സ്റ്റാര്‍ ഹോട്ടലായ സൗത്ത് പാര്‍ക്കില്‍ നടന്ന തമ്മിലടിയും കുപ്പിയേറും ഹോട്ടലിനു പുറത്ത് കൂട്ടത്തല്ലും ഉണ്ടായി. തല്ലിയവര്‍ക്കും തല്ലു കൊണ്ടവര്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. അതുകൊണ്ട് പോലീസിന് തലവേദനയുമില്ല. കേസും പരാതിയും ഫോട്ടോ എടുപ്പും റിമാന്റും ഒന്നുമില്ലാത്തത് വാര്‍ത്തകളെയും ബാധിച്ചു. എന്നാല്‍, സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളിലും വാര്‍ത്തകളും വീഡിയോകളും പ്രത്യക്ഷപ്പെട്ടു. അതില്‍ പരാമര്‍ശിക്കുന്നത്, ഓംപ്രകാശിന്റെ ബി ടീമാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ്. സംഭവിച്ചത് മറ്റൊന്നാണെങ്കിലും വാര്‍ത്തകള്‍ക്ക് പ്രചാരം കിട്ടാനും, കൂട്ടത്തല്ലിന് കൂടുതല്‍ ബലം വരാനും വേണ്ടി ഓംപ്രകാശിന്റെ പേരുകൂടി വാര്‍ത്തയില്‍ ചേര്‍ത്തതാകാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. കാരണം, ഈ വിഷയത്തില്‍ എവിടെയും ഓംപ്രകാശ് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.
സത്യത്തില്‍ ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ നടന്നത്, ഡബിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ടകളുടെ സംഘവും ഡി.ജെ. പാര്‍ട്ടിക്കു വന്നവരും തമ്മിലുണ്ടായ അടിയാണ്. ഹോട്ടലിന് അകത്തു നടന്ന അടിയും ഹോട്ടലിനു പുറത്ത് റോഡില്‍ നടന്ന അടിയും തമ്മില്‍ പുലബന്ധവുമില്ല. ഹോട്ടലിന് അകത്തു വെച്ചു നടന്ന കൂട്ടത്തല്ല്, പെണ്ണുകേസാണെന്നും, ബൗണ്‍സേഴ്‌സുമായി നടന്ന തര്‍ക്കമാണെന്നുമാണ് സൂചന. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി നടത്തുന്നതിന് ഡബിള്‍സ് എന്ന അപരനാമത്തിലറിയപ്പെടുന്ന അരുണ്‍ അനൂപ് എന്നിവര്‍ക്ക് വിലക്കുണ്ട്. നഗരത്തിലെ വലിയ ഹോട്ടലുകളില്‍ ഡി.ജെ. പാര്‍ട്ടികള്‍ നടത്താന്‍ ഇവര്‍ക്ക് ബ്രാന്റ് ലാന്റ് എന്ന പേരില്‍ മോഡല്‍സ് കമ്പനിയുമുണ്ട്. ഇവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ടാണ് ഇവരുടെ ഡി.ജെ ബാന്‍ ചെയ്തിരുന്നത്.
നഗരത്തിലെ മറ്റൊരു വലിയ ഹോട്ടലില്‍ ആഴ്ചകള്‍ക്കു മുമ്പുനടന്ന ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിച്ച പെണ്‍കുട്ടികളുടെ പേരിലുണ്ടായ തര്‍ക്കമാണ് ഹോട്ടല്‍ സൗത്ത് പാര്‍ക്കിലെ അടിക്കു കാരണമായതെന്നാണ് സൂചന. വിലക്കുലംഘിച്ച് ഡബിള്‍സ്, സൗത്ത് പാര്‍ക്കില്‍ ഡി.ജെ.ക്ക് എത്തിയതും, പെണ്‍വിഷയത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചതുമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. തുടര്‍ന്ന് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും വെല്ലിവിളിയും തമ്മിലടിയുമായി. പരസ്പരം കുപ്പിയെറിഞ്ഞും തെറിവിളിച്ചും ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് ഹോട്ടലുകാര്‍ ഇരു വിഭാഗത്തെയും പുറത്താക്കുകയും ചെയ്തു. പോലീസും സംഭവ സ്ഥലത്തെത്തി സംഘര്‍ഷം ലഘൂകരിച്ചു.
എന്നാല്‍, ഈ സംഘര്‍ഷത്തിനിടയില്‍ യൂണിവേഴ്‌സിറ്റി കോളജിലുള്ള ഒരു പയ്യനെ ഹോട്ടലിലെത്തിയ സംഘം മര്‍ദ്ദിച്ചുവെന്ന കാരണമാണ് ഹോട്ടലിനു പുറത്തെ കൂട്ടത്തല്ലിന് ആധാരം. കോളജ് വിദ്യാര്‍ത്ഥിയെ തല്ലിയവരെയും ഹോട്ടലില്‍ ഗുണ്ടായിസം കാണിച്ചവരെയും റോഡിലിട്ട് ഒരു മറ്റൊരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവിടെയെങ്ങും ഓംപ്രകാശിന്റെ സാന്നിധ്യം ഇല്ലാതിരിക്കെ കൂട്ടത്തല്ലിലേക്ക് എന്തിന് ആ പേര് വലിച്ചിടുന്നുവെന്നതാണ് സംശയം. തലസ്ഥാനത്തു നടക്കുന്ന എല്ലാ ഗുണ്ടാപ്രവര്‍ത്തനത്തിലും ഓംപ്രാകശിന്റെ പേര് വെയ്ക്കുന്നത് ഫാഷനാക്കുന്നത് ശരിയായ പ്രവണതയല്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുന്നതില്‍ ന്യായമുണ്ട്. ഡി.ജെ. പാര്‍ട്ടിയും അതിനു പിന്നിലെ കൂട്ടത്തല്ലും സ്‌പോണ്‍സര്‍ ചെയ്തത് ഡബിള്‍സ് എന്നറിയപ്പെടുന്ന ഇരട്ടകളായ സഹോദരങ്ങളാണ് എന്ന് വ്യക്തമാണ്. അത് പോലീസിനും അറിയാം.
എന്നിട്ടും, ഓണ്‍ലൈന്‍ ന്യൂസുകളില്‍ ഓംപ്രകാശിന്റെ ബി ടീമാണെന്ന വാര്‍ത്ത വരുന്നതിനു പിന്നില്‍ അജണ്ടയുണ്ടെമ്മാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തന്റെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകാനും ഓംപ്രകാശ് തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പാളയം സന്തോഷ് എന്നയാളുടെ പിന്‍ബലത്തിലാണ് ഡബിള്‍സിന്റെ നഗരത്തിലെ ഇടപെടലുകള്‍. പാളയത്തെ പാര്‍ക്കിംഗ് പിരിവ് നടത്തുന്ന സന്തോഷിന്റെ കൂട്ടാളികളാണ് ഇവരെന്നാണ് സൂചന. ഹോട്ടല്‍ സൗത്ത്പാര്‍ക്കില്‍ രണ്ടാഴ്ചക്കു മുമ്പ് ഡബിള്‍സ് താമസിച്ചിരുന്നുവെന്നാണ്അറിയാന്‍ കഴിഞ്ഞത്. ഇവിടെ മദ്യപാനവും സ്ത്രീകളുമായുള്ള ഇടപാടുകളും നിരന്തരം നടക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് 18ന് നടന്ന കൂട്ടത്തല്ലും കുപ്പിയേറും.
കൂട്ടത്തല്ല് ഒന്നര മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഹോട്ടലിനുള്ളില്‍ വെച്ചും റോഡിലും നഗരഹൃദയംവരെയും സംഘം തിരിഞ്ഞ് ഇവര്‍ ഏറ്റുമുട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ച സമയത്തും സംഘര്‍ഷം നീണ്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഇടപെട്ടാണ് ഈ സംഘര്‍ഷത്തിന് ഒരു അയവ് വരുത്തിയത്. ഏറ്റുമുട്ടിയ രണ്ട് സംഘങ്ങളെയും പോലീസ് ഇടപെട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍, ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും, പൊതുസ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയിട്ടും, ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ തന്നെ പോലീസ് ഈ രണ്ട് സംഘങ്ങളെയും വിട്ടയക്കുന്നതാണ് ഉണ്ടായത്. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായി കഴിഞ്ഞാല്‍ പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ്. എന്നിട്ടും ഇതുവരെ കേസെടുത്തിട്ടില്ല എന്നതാണ് കൗതുകം.
CONTENT HIGH LIGHTS; Was the Thammilthallu at Hotel South Park sponsored by ‘Doubles’?; Attempt to tie it to Omprakash’s head; Want to know the truth? This is what happened?
















