കള്ളത്തിനു മുകളില്‍ കള്ളം പറഞ്ഞ്, അതിനെ ന്യായീകരിച്ച് ജനങ്ങളെ പൊട്ടന്‍മാരാക്കി എന്നതിനപ്പുറം ലയണല്‍ മെസി വിഷയത്തില്‍ മറ്റൊന്നും ഉണ്ടായില്ല എന്നതാണ് സത്യം. നവംബറില്‍ മെസ്സി വരില്ല എന്നു മാത്രമല്ല, ഇന്ത്യയിലെവിടെയും കളിക്കില്ലെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീണത്, കായിക മന്ത്രി വി. അബ്ദുറഹിമാനും സ്‌പോണ്‍സറായി വന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും ഇതുവരെ പറഞ്ഞിരുന്ന നുണകളാണ്. മന്ത്രിയോ, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോ അര്‍ജന്റീനയില്‍ പോയി മെസിയുമായി നേരിട്ട് ബന്ധപ്പെടുകയോ, അവരുടെ ടീമുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
കാരണം, മെസ്സി വരുമെന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ മെസ്സി വരില്ലെന്നു പറയുന്നത്. മെസ്സി വരുമെന്നു പറഞ്ഞതിന് ഇതുവരെ പറഞ്ഞ നുണകളും കാര്യങ്ങളും മാറ്റിവെച്ചിട്ട് ഇപ്പോള്‍ മെസ്സി വരില്ല എന്ന കാര്യം അവതരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ദേഷം പിടിച്ച് ആന്റോ അഗസ്റ്റിനും, മറ്റേഭാഷയില്‍ പറയാന്‍ മനസ്സില്‍ തോന്നു രീതിയില്‍ തരംതാഴ്ന്ന് മന്ത്രിയും മാധ്യമങ്ങളുടെ മേല്‍ കുതിര കയറുന്നതും കാണാം. ഇതിനെല്ലാം കാരണക്കാര്‍ മന്ത്രിയും സ്‌പോണ്‍സറുമാണെന്നതാണ് സത്യം. അല്ലാതെ, കേരളത്തില്‍ നിന്നും ആരും മെസ്സിയെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടതായി അറിവില്ല. കേരളാ ഫുട്‌ബോള്‍ അസോസിയേഷനോ, എതെങ്കിലും ഫുട്‌ബോള്‍ ക്ലബ്ബുകളോ, എതെങ്കിലും സ്‌പോര്‍ട്‌സ് സ്‌കൂളുകളോ ഒന്നും ഇതുവരെ ആവശ്യപ്പെട്ടതായി മന്ത്രി പററഞ്ഞു കേട്ടില്ല.
അപ്പോള്‍ മെസ്സിയെ കൊണ്ടു വരുമെന്നു പറഞ്ഞത് ആര്‍ക്കു വേണ്ടിയാണ്. സര്‍ക്കാരിനു വേണ്ടിയോ. അതോ സ്‌പോണ്‍സര്‍ക്കു വേണ്ടിയോ. അര്‍ജന്റീനയും മെസ്സിയും വരുന്നത് സര്‍ക്കാരിന്റെ അതിഥിയായിട്ടാണോ അതോ സ്‌പോണ്‍സറുടെ ബന്ധുവായിട്ടോ. ആരുടെ ആവശ്യ പ്രകാരമാണ് മെസ്സിയെ എത്തിക്കുന്നതെന്ന് മന്ത്രിയാണ് പറയേണ്ടത്. സ്‌പോണ്‍സറുമായി ജനങ്ങള്‍ക്കു ബന്ധമില്ല. പക്ഷെ, ജനപ്രതിനിധിയായ മന്ത്രി മരുപടി പറഞ്ഞേ മതിയാകൂ. മെസ്സിയെ എത്തിക്കാന്‍ കഴിയാത്തത്, ഫിഫയുടെ അപ്രൂവല്‍ കിട്ടാത്തതാണെന്ന് പറഞ്ഞ് ഒഴിയുമ്പോള്‍, മെസ്സിയെ കൊണ്ടു വരാനായി ഇതുവരെ എടുത്ത പരിശ്രമത്തിന് എത്ര രൂപ ചെലവിട്ടു എന്നത് പറഞ്ഞേ മതിയാകൂ.
അല്ലാതെ, മെസ്സിയെ കൊണ്ടു വരുമെന്നു പറഞ്ഞ് വീമ്പടിച്ച് നടന്നപ്പോള്‍ വലിയ പ്രചാരം നല്‍കിയ മാധ്യമങ്ങളെ, ഇപ്പോള്‍ പുച്ഛിക്കുന്നത് ശരിയല്ല. മെസ്സി വരില്ലെന്ന് അവസാന നിമിഷം വരെ പറയാന്‍ തയ്യാറാകാതെ നിന്ന മന്ത്രിയും സ്‌പോണ്‍സറും മലയാളികളെ കോമാലികളാക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. വരുമെന്നു പറഞ്ഞതും വരില്ലെന്നു പറയുന്നതും ഒരേ ആള്‍ക്കാര്‍ തന്നെ. ഇവര്‍ ഇനിയും പറയുന്നത്, കേരളം വിശ്വസിക്കണമെന്നും തിട്ടൂരം ഇറക്കുമ്പോഴാണ് പ്രശ്‌നം. കേരളത്തിന്റെ രാഷ്ട്രീയക്കളരിയില്‍ കായിക ഇനമായിട്ടാണ് അബ്ദുറഹിമാന്‍ മെസ്സിയെ ഇറക്കിയത്. പക്ഷെ അത് നന്നായി ചീറ്റിപ്പോയിട്ടുണ്ട്. മെസ്സിയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനെ കേരളത്തില്‍ എത്തിച്ചാല്‍ സര്‍ക്കാരിനു കിട്ടാന്‍ പോകുന്ന മൈലേജ് ചെറുതല്ല.
മെസ്സി വരും, മെസ്സി വരും എന്നു പറഞ്ഞ് തെരഞ്ഞെടുപ്പു വരെ ജനങ്ങളെ പറ്റിച്ച് കൊണ്ടുപോകാനുള്ള അടവായിട്ടാണ് ഈ കള്ളത്തെ പ്രതിപക്ഷം കാണുന്നത്. എന്നാല്‍, അര്‍ജന്റീനയുടെ കളിയെകുറിച്ചുള്ള വിവരങ്ങള്‍ എ.എഫ്.എ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും, അത് അംഗോളയില്‍ വെച്ചാണെന്നും അറിഞ്ഞതോടെ മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ തേടി ഇറങ്ങി. അര്‍ജന്റീനിയന്‍ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ കേരളത്തിലേക്കുള്ള വരവ് ഉപേക്ഷിച്ചെന്ന് വാര്‍ത്തകള്‍ എഴുതി. വിശ്വസനീയമായ അര്‍ജന്റീനിയന്‍ വാര്‍ത്തകളെ മലയാള മാധ്യമങ്ങളും വാര്‍ത്തയാക്കി. ഫിഫയും എ.എഫ്.എയും ഇത് സ്ഥിരീകിരിച്ചു. അപ്പോഴും കേരളത്തിലെ സ്‌പോര്‍ട്‌സ് മന്ത്രി സ്‌പോണ്‍സര്‍ക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ചു.
മെസ്സിയുടെ ഒപ്പു കിട്ടിയ അര്‍ജന്റീന ടീമിന്റെ ജഴ്‌സി കിട്ടിയ അന്നു മുതല്‍ അബ്ദുറഹിമാന് ആകെപ്പാടെ ഹാലിളകിയ മട്ടായിരുന്നു. മെസ്സി നേരിട്ടു നല്‍കിയ ഒപ്പു പോലുമല്ല. എന്നാല്‍, മെസ്സി ഇട്ട ഒപ്പാണെന്നതില്‍ തര്‍ക്കമില്ല. ഇങ്ങനെ നിരവധി പേര്‍ക്ക് മെസ്സി ഒപ്പിട്ടു നല്‍കുന്നുണ്ടാകാം. അത്തരത്തില്‍ ഒന്നു മാത്രമായിരുന്നു അബ്ദുറഹിമാന് കിട്ടിയത്. എന്നാല്‍, അന്നുതൊട്ട് സ്‌പോര്‍ട്‌സ് മന്ത്രിയും സ്‌പോണ്‍സറും കൂടി എന്തൊക്കെയോ കേരളത്തില്‍ കാട്ടിക്കൂട്ടുകയായിരുന്നു. പറയുന്നതും, ചെയ്യുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത സ്ഥിതി. അതാണ് ഒടുവില്‍ മെസ്സി വരും വരും എന്നു പറഞ്ഞിടത്ത് വരില്ല എന്നു പറയേണ്ടി വന്നത്.
content high lights; ‘People are saying Messi will come or won’t come?: Did anyone ask to bring Messi?; Just a bunch of lies?
















