KSRTC ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലെ ഫോണ്‍ഗ്യാലറികളെല്ലാം ഇപ്പോള്‍ നിറഞ്ഞു കവിയുകയാണ്. അത്, പോണ്‍ വീഡിയോകള്‍ സേവ് ചെയ്തതു കൊണ്ടോ, ട്രോളും കോമഡി വീഡിയോകളും രാഷ്ട്രീയ ചര്‍ച്ചകളും സേവ് ചെയ്തതു കൊണ്ടോ അല്ല. KSRTCയിലെ മരിച്ചു പോകുന്ന സഹപ്രവര്‍ത്തകരുടെ ഫോട്ടോകള്‍ കൊണ്ടാണ് ഗാലറി നിറയുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മരണപ്പെട്ടത് അഞ്ചുപേര്‍. ഇന്ന് രണ്ട് പേരാണ് ഒരു ഡിപ്പോയില്‍ (ചെങ്ങന്നൂര്‍) മരിച്ചത്. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ മുക്തമാകുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍, അതിനൊപ്പം മറ്റൊരു പ്രഖ്യാപനം കൂടി നടത്തുന്നത് ക്രെഡിറ്റാകും. ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ മരണപ്പെടുന്ന വകുപ്പ് എന്ന നിലയില്‍ KSRTCയെ അതിദാരിദ്ര്യ മുക്ത കേരളത്തിനൊപ്പം ഉയര്‍ത്തണം.
KSRTCയിലെ മരണ നിരക്കില്‍ അഭിമാനം കൊള്ളണം. നമ്പര്‍വണ്‍ കേരളമെന്ന് വാഴ്ത്തിപ്പാടണം. ഇടയ്ക്ക് ആരോഗ്യ വകുപ്പിനെയും എടുത്തുയര്‍ത്തി കാട്ടണം. തെരുവു നായ സംരക്ഷണ സേന മുതല്‍ കുട്ടനാട്ടിലെ പത്തു താറാവ് ചത്താല്‍പ്പോലും റിപ്പോര്‍ട്ടു തേടലും, നടപടി എടുക്കലും, നഷ്ടപരിഹാരം കൊടുക്കലും, പരിഹാരം കണ്ടെത്തുലും ഒക്കെയായി കാടിളക്കുന്ന സര്‍ക്കാരിനോ ഗതാഗത വകുപ്പിനോ ഇങ്ങനെയൊരു കാര്യം ഗൗരവതരമാണെന്നു പോലും തോന്നിയിട്ടില്ല. KSRTCയിലെ ജീവനക്കാരുടെ മരണങ്ങള്‍ സ്വാഭാവികവും സര്‍വ്വ സാധാരണവുമാണെന്ന അവസ്ഥ സംജാതമാക്കി. ‘അസുഖമുള്ളവര്‍ മരിക്കും’ എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനില്ലെന്ന ‘കരുതല്‍’ സര്‍ക്കാരിനുണ്ട്. KSRTC ജീവനക്കാരുടെ അസ്വാഭാവിക മരണങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ മരണ വാര്‍ത്തകള്‍ക്ക് വായനക്കാരും പ്രേക്ഷകരും കുറവാണെന്നതു കൊണ്ട് മാധ്യമങ്ങള്‍ക്കും വലിയ താല്‍പ്പര്യമില്ല. നഷ്ടക്കച്ചവടമെന്ന് നാഴികയ്ക്കു നാല്‍പ്പതു വട്ടം പച്ചക്കള്ളം പറഞ്ഞ് സത്യമാക്കി വെച്ചിരിക്കുന്ന KSRTCയില്‍ ആരു ചത്താലും ഒരു കുഴപ്പവുമില്ലെന്ന ധാരണയാണ് ജനങ്ങള്‍ക്കും. അതുകൊണ്ട് ഇത്തരം വാര്‍ത്തകളും വിവരങ്ങളും, ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതും KSRTC ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും മാത്രമാണ്. കാരണം നഷ്ടപ്പെടുന്നത്, കൂടെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ്. ആ നഷ്ടം അനുഭവിക്കുന്നതോ, അയാളുടെ കുടുംബവും. ഇതാണ് അവരുടെ വേദനയ്ക്കും ഭയത്തിനും ആധാരം.
നോക്കൂ, കേരളത്തിലെ മറ്റു സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മരണ നിരക്ക് എങ്ങനെയാണ്. അതേക്കുറിച്ചുള്ള ആധികാരിക പഠനം ഗതാഗത വകുപ്പോ ആരോഗ്യ വകുപ്പോ നടത്തിയിട്ടുണ്ടോ ?. KSRTCയിലെ മാത്രം മരണ നിരക്കിനെ കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ ?. KSRTCയിലെ ജോലി കിട്ടുന്നതിനു മുമ്പ് രോഗിയായിരുന്നോ, അതോ ജോലിക്കു കയറിയ ശേഷം രോഗം വന്നതാണോ എന്നെങ്കിലും പരിശോധിക്കണം. സോഷ്യല്‍ മീഡിയയിലും KSRTC ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മരണപ്പെട്ടവരുടെ ഫോട്ടോകളും ആദരാഞ്ജലികളും നിറയുമ്പോള്‍, അടുത്തത് ആരെന്ന ഉള്‍ഭയത്തോടെയാണ് ഓരോ ജീവനക്കാരനും ജോലിക്കിറങ്ങുന്നത്.
ഇത് വലിയൊരു ആശങ്കയാണ്. മാനസികമായ പിരിമുറക്കത്തിനപ്പുറം എപ്പോള്‍ മരിക്കുമെന്ന ചിന്തയോടെ ജോലി ചെയ്യുക എന്നത്. സ്വന്തം മരണം കാത്തുള്ള ജോലി ചെയ്യല്‍. മറ്റേതു വകുപ്പിനുണ്ട് ഇങ്ങനെയൊരു അപൂര്‍വ്വത. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, സമൂഹത്തില്‍ അവഹേളനം, മന്ത്രിവക അസഭ്യം പറച്ചിലും നടപടികളും, സര്‍ക്കാരിന്റെ അവഗണന, കൂലിയില്ലാത്ത നരക ജീവിതം, ലോണെടുത്തും, വട്ടിപ്പലിശയക്ക് പണമെടുത്തും മുടിഞ്ഞ കുടുംബം എന്നിട്ടും, ജോലി ചെയ്യാന്‍ രോഗിയായാലും എത്തുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് KSRTCക്കാരന്‍ മരണത്തിലേക്ക് വണ്ടിയോടിക്കുന്നത്.
പത്തു ദിവസത്തിനുള്ളില്‍ മരണപ്പെട്ടവരെല്ലാം ഡ്യൂട്ടി ചെയ്യുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോഴോ ആണ് കുഴഞ്ഞു വീണിരിക്കുന്നത്. ഈ പത്തു ദിവസത്തിനുമപ്പുറത്തെ ഇടവിട്ട ദിവസങ്ങളിലും മരണവാര്‍ത്തകള്‍ എത്തുന്നുണ്ട്. ഒരു മാസത്തെയോ ഒരു വര്‍ഷത്തെയോ മരണമടഞ്ഞവരുടെ കണക്കെടുത്താല്‍ അത് ബോധ്യമാകും. ഭരണകൂടത്തിനും, ഗതാഗതവകുപ്പിനും ആരോഗ്യ വകുപ്പിനും KSRTC മാനേജ്‌മെന്റിനും ബോധ്യമാകാന്‍ വേണ്ടിയാണിത്. ഇത്രയും മനുഷ്യര്‍ മരണപ്പെട്ടിട്ടും, വളരെ ലാഘവത്തോടെ കാണുന്ന മാനേജ്‌മെന്റും, ജീവനക്കാരുടെ യൂണിയനുകളും വകുപ്പുമന്ത്രിയും മാസ്സാണ്. വെറും മാസ്സല്ല, മരണമാസാണ്. ചത്തവരൊക്കെ ചത്തു, ഇനി ചാകാനുള്ളവര്‍ നാവടക്കി പണിയെടുക്കൂ എന്ന ലൈനിലാണ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതു പോലെ ഊഴംകാത്തു വളയം പിടിക്കുന്നവര്‍ക്ക് ദൈവം തുണ.
- സ്മിത ഗോപാല്‍, ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ വരികളാണ് ശ്രദ്ധേയം
മരിച്ചു പോകുന്ന സഹപ്രവര്‍ത്തകരുടെ ഫോട്ടോകള്‍ കൊണ്ട് ഗാലറി നിറയുന്ന KSRTC ജീവനക്കാരുടെ ഫോണ്‍.കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഉള്ളവരുടെ ലിസ്റ്റ്. ഇന്ന് രണ്ട് പേരാണ് ഒരു ഡിപ്പോയില്‍ (ചെങ്ങന്നൂര്‍) മരിച്ചത്. നിത്യരോഗികളായി ദാരിദ്ര്യ മുക്ത നമ്പര്‍ വണ്‍ കേരളത്തില്‍ DA ഇല്ലാത്ത ശമ്പളത്തില്‍ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാര പരീക്ഷണങ്ങള്‍ക്ക് വിധേയരായി ചത്തൊടുങ്ങുന്ന ഞങ്ങള്‍. എതിര്‍ത്ത് പറഞ്ഞാല്‍, ചോദ്യം ചെയ്താല്‍ വരുമാന മാര്‍ഗ്ഗം ഇല്ലാതാക്കുന്ന നടപടികള്‍. അന്നേടം കഴിഞ്ഞ് പോകാന്‍ മിണ്ടാതെ പണിയെടുക്കുന്നവര്‍.അന്ധമായ രാഷ്ട്രീയത്തിനടിമകളായ സംഘടന, എല്ലാ പ്രതിഷേധങ്ങളേയും റദ്ദ് ചെയ്ത് ഒത്താശ ചെയ്യുമ്പോള്‍
രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പണിയെടുത്തവരേ നിങ്ങള്‍ തന്നെ എടുത്തോളൂ ഈ കബന്ധങ്ങളും.
അടുത്തത് നീയോ ഞാനോ ?

എല്ലാം നല്ല രീതിയിലാണ് നടന്നു പോകുന്നതെന്നും, അതിനിടയില്‍ നെഗറ്റീവ് പറയുന്നവരുണ്ടെന്നും മന്ത്രി പറയുമ്പോള്‍, ഇതിനെ നെഗറ്റീവായി കാണരുത്. കാരണം, ഇത് ജീവനക്കാരുടെ അവകാശങ്ങളോ, ആവശ്യങ്ങളോ അല്ല. KSRTCയെ കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തയുമല്ല. ഇത് മരണത്തെ കുറിച്ചാണ്. മരണത്തിന്റെ വാപാരിയെന്നോ, മരണത്തിന്റെ ദൂതനെന്നോ മന്ത്രിയെ നാളെ വിളിക്കാതിരിക്കാന്‍ വേണ്ടിയുള്ള മുന്നറിയിപ്പാണ്. ഇതുവരെ അത് തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍, ഇപ്പോഴെങ്കിലും മനസ്സിലാക്കണം. കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉണ്ടാകുന്നതിനേക്കാള്‍ മരണനിരക്ക് KSRTCയിലുണ്ട്. അത് എന്തുകൊണ്ടാണെന്നും അതിനുള്ള പരിഹാരമെന്തെന്നും കണ്ടെത്തിയേ മതിയാകൂ.
- മറ്റൊരു KSRTC ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം
പത്ത് ദിവസത്തിനുള്ളില്‍ മരിച്ച, നിലവില്‍ സര്‍വ്വീസിലുള്ള KSRTC ജീവനക്കാരാണ് ഇവര്‍.. എന്തുകൊണ്ടാണ്ട് KSRTC യില്‍ ഇത്രയും മരണങ്ങള്‍ നടക്കുന്നത്… 22000 ജീവനക്കാര്‍ മാത്രമുള്ളുത്താണ് ഈ മരണങ്ങള്‍… സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബദമാകുന്നത്.. കുട്ടനാട്ടില്‍ പത്ത് താറാവ് ചത്താല്‍ പോലും അന്വേഷിക്കുന്നവര്‍ മനുഷ്യ ജീവന് പുല്ല് വില കല്പിക്കുന്നു… മന്ത്രി പഴയ കുപ്പി പെറുക്കി നടക്കുന്നു… ‘MD റീത്ത് വാങ്ങി രസിക്കുന്നു ‘

ഇതാണ് ഓരോ ജീവനക്കാരന്റെയും മാനസികാവസ്ഥ. ഈ നിലയിലാണ് മുന്നോട്ടു പോക്കെങ്കില്‍ ജീവനക്കാരുടെ മരണങ്ങളുടെ വേഗത വര്‍ദ്ധിക്കുമെന്നുറപ്പാണ്. ആരോഗ്യ പരിശോധനകളും, മരുന്നുകള്‍ സൗജന്മായി നല്‍കാനും, ചികിത്സകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമൊക്കെയുള്ള നടപടികള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ നാളെ ചാകാനുള്ളവര്‍ ഇന്നേ ചത്തെന്നിരിക്കും. അതുണ്ടാകാതിരിക്കാനുള്ള നടപടികള് വേഗത്തിലാക്കുകയാണ് വേണ്ടത്.
CONTENT HIGH LIGHTS; KSRTC employees’ phone gallery is filling up?: Who’s next? You or me?; The dreaded waiting time at work?
















