ബസിന്റെ ബോണറ്റിനു മുന്‍വശത്ത് കാലി പ്ലാസ്റ്റിക് കുപ്പി കിടന്നതിന്റെ പേരില്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രവൃത്തിയില്‍ അപമാനിതനായ ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിന് KSRTC വക ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ജയ്‌മോന്‍ ജോസഫ് ചെയ്തത്, ഗുരുതരമായ തെറ്റാണെന്നും ചട്ട ലംഘനമാണെന്നും സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കിയെന്നുമാണ് കഴിഞ്ഞ 24ന് നല്‍കിയ കുറ്റാരോപണ പത്രികയില്‍ പറയുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിക്ക് തൂക്കിക്കൊല്ലും മുമ്പ് പുറപ്പെടുവിക്കുന്ന വാറണ്ടാണ് ബ്ലാക്ക് വാറണ്ട്. സംസ്ഥാനത്തെ ഒരു ജയിലുകളിലും ഇപ്പോള്‍ വധശിക്ഷ നാടപ്പാക്കുന്നില്ല. അതുകൊണ്ട് ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കേണ്ട സാഹചര്യവും ഇപ്പോഴില്ല.
എന്നാല്‍, KSRTCയിലെ ജീവനക്കാരന് കിട്ടിയിരിക്കുന്ന ‘കുറ്റാരോപണ പത്രിക’ ഒരു ബ്ലാക്ക് വാറണ്ടാണ്. നടുറേഡിലെ മന്ത്രിയുടെ ചിത്രവധത്തിനും നാണംകെടുത്തലിനും ശേഷം നല്‍കുന്ന പത്രികയായതു കൊണ്ടാണ് ഇതിനു പ്രാധാന്യം ഏറുന്നത്. ഈ മാസം ഒന്നാം തീയതി ഉണ്ടായ സംഭവത്തില്‍ വകുപ്പുതല നടപടിയെന്ന പേരില്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിക്കൊണ്ട് KSRTC ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കോടതി ഇടപെട്ട് അദ്ദേഹത്തിന്റെ സ്ഥലംമാറ്റം റദ്ദു ചെയ്യുകയും ചെയ്തു. എന്നാല്‍, കോടതി സ്ഥാലം മാറ്റരുതെന്നേ പറഞ്ഞിട്ടുള്ളൂ, വകുപ്പുതല നടപടി എടുക്കരുതെന്നു പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടം ഭാഷ്യം. അതായത്, കോടതിയല്ല ആര് പറഞ്ഞാലും ജീവനക്കാരനെതിരേ നടപടി എടുത്തിരിക്കുമെന്നര്‍ത്ഥം.
മന്ത്രിയുടെ ഈ മാടമ്പിത്തമാണ് കുറ്റാരോപണ പത്രികയെ ബ്ലാക്ക് വാറണ്ട് ആക്കി മാറ്റിയിരിക്കുന്നത്. ആര് സംരക്ഷിക്കാന്‍ വന്നാലും രക്ഷയില്ല. ഏതു വിധേനയും ജീവനക്കാരനെ ശിക്ഷിച്ചിരിക്കുമെന്ന പിടിവാശിയാണ് കോടതിയെപ്പോലും മറികടന്നുള്ള ഈ കുറ്റാരോപണ പത്രിക കൊണ്ട് ഉദ്ദേശിക്കുന്നത്. കാലിക്കുപ്പിയോടൊപ്പം ചിലന്തിവല, പൈപ്പ് വെല്‍ഡിംഗ് പൊട്ടിയത്, പ്ലാസ്റ്റിക് കയര്‍ കൊണ്ട് ഡോര്‍ കെട്ടിവെച്ചത്. സീറ്റിലെ കറുത്ത അഴുക്ക്, വിന്‍ഡോയിലെ പായല്‍ ലൈറ്റ് കത്താത്തത്, റീഡിംഗ് ലാമ്പുകള്‍ പൊട്ടിയത് തുടങ്ങി നിരവധി കുറ്റങ്ങളാണ് ജയ്‌മോന്‍ ജോസഫിന്റെ പേരിലുള്ളത്. ഇതെല്ലാം ആ ജീവനക്കാരന്റെ ജോലിയെ തന്നെ തുലാസിലാക്കുന്നതാണ്. കുറഞ്ഞപക്ഷം സസ്‌പെന്റ് ചെയ്യാന്‍ പാകത്തിനുള്ള കുറ്റപത്രം തന്നെയാണിത്.
കൊല്ലം ആയൂരിനടുത്തു വെച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടത്തിയ വീരസാഹസിക കൃത്യമാണ് KSRTC ബസിന്റെ ബോണറ്റിനു മുന്‍വശത്ത് കാലിക്കുപ്പി ഇട്ട ഡ്രൈവറെ നടപടിക്കു വിധേയമാക്കിയ സംഭവം. അതും നടു റോഡില്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് മന്ത്രിയുടെ നടപടി. മന്ത്രി, തന്റെ വീട്ടിലേക്കോ, ഔദ്യോഗിക പരിപാടിക്കോ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്കു പോകുമ്പോഴാണ് കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ബസിനു മുമ്പിലെ കാലിക്കുപ്പി കണ്ടത്. അല്ലാതെ, കാലിക്കുപ്പി കണ്ടെത്താന്‍ മന്ത്രി നടത്തിയ മിന്നല്‍ റെയ്‌ഡോ, KSRTCയുടെ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടോ അല്ല ആ നടപടി ഉണ്ടായത്. ആ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ പിന്നീടുണ്ടായെങ്കിലും മന്ത്രി എടുത്ത സ്റ്റാന്റില്‍ നിന്നും ഒരിഞ്ചു പിന്നോട്ടു പോയില്ല. കാലിക്കുപ്പി ഇട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനോ സസ്‌പെന്റ് ചെയ്യാനോ കഴിയാത്തതു കൊണ്ട് സ്ഥലംമാറ്റം സജസ്റ്റു ചെയ്തതും മന്ത്രി തന്നെയാണ്.
ഇതാണ് ജോമോന്‍ ജോസഫിനു നല്‍കിയ കുറ്റാരോപണ പത്രിക
കുറ്റാരോപണ പത്രിക
01-10-2025 ല്‍ പൊന്‍കുന്നം യൂണിറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കു സര്‍വ്വീസ് നടത്തിയ RSC 700-ാം നമ്പര്‍ FP ബസിന്റെ ബോണറ്റിന്റെ ഭാഗത്ത് ഉപയോഗശൂന്യമായ കുടിവെള്ളക്കുപ്പികള്‍ ഉപേക്ഷിച്ച നിലയിലും ബസ് വൃത്തിഹീനമായ നിലയിലും സര്‍വ്വീസ് നടത്തിയത് സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ്, സി.എംഡി. എസ്. ക്യു തിരുവനന്തപുരം സൗത്ത് അന്വേഷണം നടത്തി. അന്വേഷണത്തില്‍ പൊന്‍കുന്നം യൂണിറ്റിലെ ശ്രീ ജെയ്‌മോന്‍ ജോസഫ് ഡ്രൈവര്‍, ചുമതല വഹിച്ച് RSC 700-ാംനമ്പര്‍ ബസുമായി 07-10-2025 മുണ്ടക്കയം-തിരുവനന്തപുരം സര്‍വ്വീസ് നടത്തവെയാണ് വിഷയത്തിനാധാരമായ സംംഭവം നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു.
ബസിനുള്‍ വശം വൃത്തിയില്ലാത്ത വിധം പൊടിയും ചിലന്തിവലയും നിറഞ്ഞതും, ഡ്രൈവറുടെ സീറ്റിനു സമീപം കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ട നിലയിലും സീറ്റിുനു പുറകില്‍ മുഷിഞ്ഞതുണി കര്‍ട്ടണ്‍ പോലെ കെട്ടിയിരുന്ന നിലയിലും ഷട്ടറുകള്‍ക്ക് പകരമുള്ള വിന്റോ ഗ്ലാസ്സുകള്‍ പായല്‍ പിടിച്ചും കണ്ടക്ടറുടെ പിന്നിലെ സീറ്റിന്റെ പൈപ്പ് വെല്‍ഡിംഗ് പൊട്ടിയതും, പിന്നിലെ ഫൂട്ട് ബോര്‍ഡ് ഡോര്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് ബന്ധിച്ച നിലയിലും, ലഗേജ് കാര്യറുകള്‍ കവര്‍ ചെയ്തിട്ടുള്ള റെക്‌സിന്‍ അഴുക്ക് നിറഞ്ഞ് കറുത്തനിലയിലും കാര്യറുകള്‍ക്ക് ഉള്‍വശം സാധനങ്ങള്‍ വയ്ക്കാന്‍ കഴിയാത്ത നലിയില്‍ കുപ്പികളും കേബിളുകളും കവറുകളും നിറയെ പൊടിപിടിച്ച നിലയിലും, റീഡിംഗ് ലാമ്പുകള്‍ പലതും ഭാഗികമായി പൊട്ടിയതും ചില ലൈറ്റുകള്‍ കത്താത്ത നിലയിലുള്ളതുമാണെന്ന് ബോധ്യപ്പെട്ടു. കൂടാതെ, ഫസ്റ്റ് എയിഡ് ബോക്‌സിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള മരുന്നും പഞ്ഞിയും നനഞ്ഞ് ഉപയോഗ ശൂന്യമായും ബസിനു പുറംഭാഗത്തെ പാച്ച് വര്‍ക്കുകള്‍ പുറത്തു കാണുന്നവിധത്തിലും ആയിരുന്നു.
KSRTC മാന്വല്‍ ക്ലോസ് 1 (111)(5) പ്രകാരം ഡ്യൂട്ടിയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്റെ അകവും പുറവും വൃത്തിയുള്ളതാണോയെന്ന് പരിശോധിക്കേണ്ടതും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാനും ഉത്തരവാദിത്വപ്പെട്ടവര്‍ ഇയാള്‍ അപ്രകാരം ചെയ്യാത്തത് ഗുരുതരമായ കൃത്യവിലോപമാണ്. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം മിതമായ നിരക്കില്‍ ആവശ്യാനുസരണം ലഭ്യമാക്കുക എന്നതാണ് KSRTCയില്‍ ചട്ടപ്രകാരം നിക്ഷിപ്തമായ ഉത്തരവാദിത്വം ഈ ഉത്തരവാദിത്വം കൈവരിക്കണമെങ്കില്‍ ഉപഭോക്താക്കളായ യാത്രക്കാര്‍ക്ക് സ്ഥാപനത്തെ കുറിച്ചുള്ള പരാതികള്‍ ഉണ്ടാകാത്ത അവസ്ഥയുണ്ടാകണം. എന്നാല്‍, അപ്രകാരം ബസ് വൃത്തിയാക്കാനുള്ള ശ്രമം ഇാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ വൃത്തിഹീനമായ ബസുമായി സര്‍വ്വീസ് നടത്തിയത് സ്ഥാപനത്തിന് അവമതിപ്പിന് ഇടയാക്കി. ആതിനാല്‍ ഈ വാഹനത്തിന്റെ അപാകതകള്‍ മുഖവിലയ്‌ക്കെടുക്കാതെയും 6.40ന് യൂണിറ്റില്‍ എത്തിയിട്ടും ബസിന്റെ ഹോണ്‍ തകരാര്‍ മാത്രം ലോഗ് ഷീറ്റിലെഴുതി നല്‍കുകയും മറ്റു പോരായ്മകളൊന്നും ലോഗ്ഷീറ്റില്‍ റേഖപ്പെടുത്തി പരിഹരിക്കാതെയും സര്‍വ്വീസ് നടത്തിയ പൊന്‍കുന്നം യൂണിറ്റിലെ ഡ്രൈവര്‍ ശ്രീ ജെയ്‌മോന്‍ ജോസഫിന്റെ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും അച്ചടക്ക ലംഘനവുമാണ്.
മേല്‍ കാരണങ്ങളാല്‍ ഇയാള്‍ക്ക് ഈ കുറ്റാരോപണ പത്രിക നല്‍കുന്നു.

മന്ത്രി കാരണം ജയ്മോന്‍ ജോസഫിന് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. KSRTC ക്കാരായ ഡ്രൈവര്‍മാരെല്ലാം അല്‍പ്പപ്രാണന്‍ ഉള്ളവരാണെന്ന് അവരുടെ മരണ നിരക്കെടുത്തു നോക്കിയാല്‍ മനസ്സിലാകും. ചെയ്യുന്ന ജോലികൊണ്ടുള്ള മാനസിക സംഘര്‍ഷവും, വിശ്രമം ഇല്ലായ്മയും, വെള്ളം കുടിക്കാന്‍ കഴിയാത്തതും, അമിതമായ ചൂടും, വണ്ടിയുടെ കാലപ്പഴക്കവുമെല്ലാം ചേരുമ്പോഴാണ് ഡ്രൈവറുടെ ആയുസ്സിന് നീളം കുറയുന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയുമെല്ലാം മാനസിക പീഠനങ്ങള്‍. ജയ്മോന്‍ ജോസഫ് നാണംകെട്ട് തലതാഴ്ത്തി നിന്നെങ്കിലും സ്വന്തം ജോലി ഉപേക്ഷിക്കാനോ നാണക്കേട് കൊണ്ട് ആത്മഹതച്യ ചെയ്യാനോ തയ്യാറായില്ല എന്നതാണ് വലിയ കാര്യം. പൊതു വഴിയില്‍ മന്ത്രിയില്‍ നിന്നുണ്ടായ നാണക്കേടിനെ തരണം ചെയ്തുവെന്നേ പറയാനാകൂ.
എന്നാല്‍, അവിടം കൊണ്ടും തീരാതെ വൈരാഗ്യബുദ്ധിയോടെയാണ് മന്ത്രിയുടെ നീക്കങ്ങള്‍. ആ ബസ് മുഴുവന്‍ മാലിന്യം തള്ളിയതിന്റെയും ഡോര്‍ പൊട്ടിയതിന്റേയും തുടങ്ങി സകല കുറ്റങ്ങളും ഡ്രൈവറുടെ തലയില്‍ ചാര്‍ത്തിക്കൊണ്ടാണ് നടപടി എടുക്കാനുള്ള നീക്കം. ഇത് തടയേണ്ടത്, ജീവനക്കാരുടെ ആവശ്യമാണ്. അതുണ്ടായില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന എല്ലാ മാടമ്പിത്തരങ്ങള്‍ക്കും തലകുനിച്ചു കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.
CONTENT HIGH LIGHTS; KSRTC driver gets ‘black warrant’?: Will the court not allow it, then we will punish him?; Chargesheet filed in bottle issue; Will the Janmi-Kudiyan fight intensify?
















