KSRTCയില്‍ ഇന്ന് ഒരു പിടി പദ്ധതികളുടെ ഉദ്ഘാടന മാമാങ്കമായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും, തീയതി പ്രഖ്യാപിക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമൊക്കെ മുന്നില്‍ നില്‍ക്കുമ്പോള്‍ മന്ത്രിമാരെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളുടെ ഉദ്ഘാടനങ്ങളും ഓടിനടന്നു ചെയ്യുകയാണ്. മുഖ്യമന്ത്രി ഇന്നലെ ചെറിയൊരു ബജറ്റ് പ്രഖ്യാപനം പോലെത്തന്നെ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കഴിഞ്ഞു. എന്നാല്‍, KSRTCയില്‍ എന്തു നടന്നാലും, അത് വലിയ വാര്‍ത്തയാകും. ആര്‍ക്കും വേണ്ടാത്ത വകുപ്പായതു കൊണ്ടും, ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ശ്രിമച്ചാലും, ചെയ്യുന്നവര്‍ അധിക പ്രസംഗം നടത്തിയാലും വാര്‍ത്തയാകും. അതുപിന്നെ വിവാദവുമാകും.
ആന്റണി രാജുവിന്റെ ടേം കഴിഞ്ഞ് അടുത്ത ടേം ഏറ്റെടുത്ത ഗണേഷ്‌കുമാര്‍ വന്നതോടെ KSRTCയില്‍ അത്യാവശ്യം അനക്കമൊക്കെ വെച്ചിട്ടുണ്ടെന്നത് സത്യമാണ്. കുറച്ച് നൂതന ചിന്തകളും കുറച്ചധികം മാടമ്പിത്തരങ്ങളുമായി മന്ത്രി മുന്നോട്ടു പോവുകയാണ്. അതില്‍ പകുതിയും വിവാദങ്ങളുടെ വഴിയിലേക്ക് പോയിക്കഴിഞ്ഞു. എന്നാല്‍, മന്ത്രിയുടെ സ്വതസിദ്ധമായ ശൈലിയിലൂടെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയും നല്‍കി പോകുന്നുണ്ട്. അപ്പോഴും പിന്തുടരുന്ന ഭൂതകാല ജീവിതം മന്ത്രിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷെ, അവിടെയൊക്കെ വീഴാതെ, പോകാനുള്ള പദ്ധതികളും അദ്ദേഹം കൊണ്ടുവരുന്നു എന്നതാണ് പ്രത്യേകത.
ഇപ്പോള്‍ KSRTCയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് AI സോഫ്റ്റ് വെയര്‍. അതായത്, ഇനി KSRTC ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ആര്‍ട്ടിഫ്ഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും. നിരനിരയായി ബസുകള്‍ പോകുന്നത് ഒഴിവാക്കല്‍, ബസിന്റെ യഥാര്‍ഥ റൂട്ട്, സമയം എന്നിവയെല്ലാം AI സ്വയം കണക്കു കൂട്ടിയാകും KSRTCയെ സഹായിക്കുക. KSRTC മുഴുവന്‍ ഡിജിറ്റലൈസേഷന്‍ ആക്കി മാറ്റി എന്നര്‍ത്ഥം. ഈ സോഫ്റ്റ് വെയറിന് ഒരു വലിയ പ്രത്യേകതയുണ്ട്. അതാണ് മന്ത്രിയുടെ ഹൈ ലൈറ്റ്. താന്‍ മന്ത്രിയാകുന്നതിനു മുമ്പ് സ്വപ്‌നം കണ്ട പദ്ധതിയാണിത്. അത് മന്ത്രിതന്നെ പറഞ്ഞപ്പോള്‍ ജീവനക്കാരെല്ലാം അതിശയിച്ചു പോയി. മന്ത്രിയാകുന്നതിനു മുമ്പുതന്നെ താനൊരു ഗതാഗത മന്ത്രിയാകുമെന്നും, ഇങ്ങനെയൊരു സോഫ്‌റ്റ്വെയര്‍ തയ്യാറാക്കി വെയ്ക്കുമെന്നും സ്വപ്‌നം കണ്ട ദീര്‍ഘ വീക്ഷണമുള്ള മന്ത്രി.
അദ്ദേഹം മന്ത്രിയായപ്പോള്‍ പൂര്‍ണ്ണമായ ഡിജിറ്റലൈസേഷന്‍ എന്നത് വേഗത്തിലായി എന്നുമാത്രം. ഇന്ത്യയില്‍ ഒരു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇത്തരത്തില്‍ ഒരു AI സാങ്കേതിക വിദ്യ ബസ് ഓപ്പറേഷനു വേണ്ടി നിര്‍മ്മിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, KSRTCയുടെ ആവശ്യം പരസ്യം ചെയ്ത്, ടെന്‍ഡര്‍ വിളിച്ച് കണ്ടെത്തിയ കമ്പനിയാണ് ഈ സോഫ്‌റ്റ്വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇനി ബസുകളുടെ സര്‍വ്വീസിനെ കുറിച്ച് പരാതിയുണ്ടാകില്ല. ഇതിനൊപ്പം പുക പരിശോധന കേന്ദ്രം, സ്ത്രീകളുടെ ക്യാന്‍സര്‍ ചികിത്സാ പദ്ധതി, ബസില്‍ കയറുന്ന കുട്ടികള്‍ക്ക് ഗിഫ്റ്റ് പൊതി തുടങ്ങിയ പദ്ധതികളും ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സുദീര്‍ഘമായി ഒരു പത്ര സമ്മേളനവും നടത്തി. അതില്‍ എല്ലാ കാര്യങ്ങളും അക്കമിട്ടു നിരത്തി.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. വിവാദങ്ങള്‍ ഉണ്ടാക്കിയ വിഷയങ്ങളിലും മറുപടി നല്‍കി. എന്നാല്‍, കുപ്പിക്കേസില്‍ മന്ത്രി പിന്നെയും ബലപിടിക്കുന്നതാണ് കണ്ടത്. നടപടിക്കപ്പുറം മന്ത്രി ആ വിഷയം വൈകാരികമായി എടുത്തിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. കാരണം, വെള്ളക്കുപ്പി വണ്ടിക്കുള്ളില്‍ കിടന്നതിന് ശകാരിക്കുകയോ, ശാസിക്കുകയോ മാത്രമല്ല ചെയ്തതെന്ന് മന്ത്രിക്കും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നാട്ടുകാര്‍ക്കുമറിയാം. എന്നാല്‍, മന്ത്രി പറയുന്നതു കൊണ്ട് മാറ്റാര്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ് എന്നതു കൊണ്ട് മിണ്ടുന്നില്ല.
അതിനെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ് മന്ത്രി. കോടിതി വിധി സ്ഥലം മറ്റരുതെന്നു മാത്രമാണ് മറ്റു നടപടികള്‍ എടുക്കുന്നതിനെ കോടതി തടയുന്നില്ല എന്ന സാങ്കേതിക വശം ചൂണ്ടിക്കാട്ടിയാണ് ന്യായീകരണം. മന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങളെ നല്ലതെന്നു പറയാന്‍ മടിക്കുന്നില്ല, പക്ഷെ, ജീവനക്കാരെ വെറുപ്പിക്കുന്ന നടപടികളെ എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. ന്യായത്തെ ന്യായമായും അന്യായത്തെ അന്യായമായും കാണണമെന്നു മാത്രം. മന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാം.
CONTENT HIGH LIGHTS; Will ‘AI’ decide KSRTC bus operations now?: Ganesh Kumar says this is a dream come true for a minister; Why are you hesitant to say good things are good?; Watch the video
















