കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. വീട്ടിലെ ജൈവമാലിന്യങ്ങള്‍ വളമായും കുടുംബാംഗങ്ങളുടെ ഒഴിവുസമയം കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്ന സവിശേഷതയുമുണ്ട്. രാസവളങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ മട്ടുപ്പാവിലെ കൃഷിയിലൂടെ ലഭിക്കുന്ന സുരക്ഷിതമായ പച്ചക്കറികള്‍ കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
മട്ടുപ്പാവിലെ കൃഷി ചാക്കില്‍
ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം പ്ലാസ്റ്റിക് ചാക്കാണ്. കാലിയായ സിമെന്റ് ചാക്ക്, വളച്ചാക്ക്, അരി – പലവ്യഞ്ജന ചാക്ക് എന്നിവ ഉപയോഗിക്കാം. ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവെച്ച് മണ്ണുമിശ്രിതം നിറച്ചുവേണം പച്ചക്കറികളുടെ വിത്തോ തൈയോ നടേണ്ടത്. ഭാരക്കുറവ്, വിലക്കുറവ്, മണ്ണുമിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് പ്ലാസ്റ്റിക് ചാക്കുകളുടെ മെച്ചം. രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം മണല്‍, ഒരു ഭാഗം ചാണകപ്പൊടിയോ കമ്പോസ്റ്റോ എന്നിവ ചേര്‍ത്തടുക്കുന്നതാണ് മണ്ണുമിശ്രിതം. കൈവരിയോടു ചേര്‍ത്തും അടിയില്‍ ചുമര്‍ വരുന്ന ഭാഗത്ത് മട്ടുപ്പാവിന്റെ മുകളിലായും വരിയായി ചാക്കുകള്‍ വെക്കാം. മൂന്ന് ഇഷ്ടികകള്‍ അടുപ്പ്പോലെ കൂട്ടി അതിനു മുകളില്‍ ചാക്ക് വെക്കുന്നതാണ് നല്ലത്. ചാക്കില്‍ നിന്നും വെള്ളം ഇറ്റുവീണാല്‍ പോലും മട്ടുപ്പാവില്‍ ചെളി കെട്ടാതിരിയ്ക്കാന്‍ ഇതുമൂലം കഴിയും. മഴവെള്ളത്തിന്‍റെ ഒഴുക്ക് മട്ടുപ്പാവില്‍ തടസപ്പെടാതിരിയ്ക്കാനും ചാക്കിന്റെ അടിയില്‍ ഇഷ്ടികകള്‍ വെയ്ക്കുന്നത് സഹായിക്കും.
തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ക്ക് ഒരേ ചാക്ക് മതിയാകും. ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേര്‍ത്തിട്ട് അടുത്ത വിള നടുക. ഓരോ തവണയും ഒരേ ചാക്കില്‍ വിള മാറ്റി നടാനും ശ്രദ്ധിക്കണം.
രാസവളങ്ങളും രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷിയില്‍ ഒഴിവാക്കുക. വീട്ടിലെ ജൈവമാലിന്യങ്ങളില്‍ നിന്നുള്ള കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴിക്കാഷ്ടം എന്നിവ ഉള്‍പ്പെടെയുള്ള ജൈവവളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിയ്ക്ക് നല്‍കുക. രാസവളങ്ങള്‍ നല്‍കിയാല്‍ അവ വെള്ളമൊഴിയ്ക്കുമ്പോള്‍ ഒലിച്ചിറങ്ങി മട്ടുപ്പാവിന് ബലക്ഷയം ഉണ്ടാകും.
ജൈവവളം – അസോള
അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വലിച്ചെടുക്കുന്ന നിത്യഹരിത പായലിനെ ഉള്‍കൊള്ളുന്ന അസോള എന്ന സസ്യം പച്ചക്കറികൃഷിയ്ക്ക് നല്ലൊരു ജൈവവളമാണ്. മട്ടുപ്പാവില്‍ കട്ടിയുള്ള പോളിത്തീന്‍ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ആഴം കുറഞ്ഞ ടാങ്കിലെ വെള്ളത്തില്‍ അസോള സമൃദ്ധമായി വളരുന്നു. ടാങ്ക് നിറയുമ്പോള്‍ അസോള വാരിയെടുത്ത് ചാക്കിലെ പച്ചക്കറികള്‍ക്ക് ജൈവവളമായി നല്‍കാം. ടാങ്കില്‍ അവ വീണ്ടും പെരുകി വളര്‍ന്നുകൊള്ളും. ഇടയ്ക്കിടെ പച്ചചാണകം കലക്കി ഒഴിച്ച് കൊടുക്കുന്നത് അസോളയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും.
മട്ടുപ്പാവിലെ കൃഷിയ്ക്ക് ചുറ്റും മറ്റു ചെടികള്‍ ഇല്ലാത്തതിനാലും തറ നിരപ്പില്‍ നിന്നും വളരെ ഉയരത്തിലായതിനാലും കീടാനുക്കളുടെ ശല്യം കുറവായിരിക്കും. ദിവസവും രാവിലെ ഓരോ ചെടിയുടെയും ഇലകളുടെയും ഇരുവശങ്ങളും പരിശോധിച്ച് കീടങ്ങളുണ്ടെങ്കില്‍ അവയെ പെറുക്കിയെടുത്ത് കൊന്ന് കളയുക. പയറിലെ മുഞ്ഞപോലെ മൃദുശരീരമുള്ള, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെ മരുന്നുതളി ആവശ്യമെങ്കില്‍ മാത്രം പുകയിലക്കഷായം ഉണ്ടാക്കി തളിക്കുക.
ജൈവ കീടനാശിനി – പുകയിലക്കഷായം
പുകയിലക്കഷായം തയ്യാറാക്കുന്നതിന് അര കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞു നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റി സത്ത് അരിച്ചെടുക്കുക. ചെറിയ ചീളുകളായി ചീകിയെടുത്ത 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു കിട്ടുന്ന സോപ്പുലായനി അരിച്ചെടുക്കുക. സോപ്പുലായനി പുകയിലക്കഷായവുമായി നന്നായി ചേര്‍ത്തിളക്കുക. ഈ ലായനി ആറിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.
മട്ടുപ്പാവിലെ കൃഷിയ്ക്ക് റേഷന്‍ ജലസേചനം
രാവിലെയും വൈകുന്നേരവും നിശ്ചിത അളവില്‍ ചാക്കുകളില്‍ വെള്ളമൊഴിക്കണം. ചാക്കിലെ മണ്ണുമിശ്രിതത്തിന്‍റെ അളവ്, ചെടികളുടെയും ഇലകളുടെയും എണ്ണം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചു ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടുത്തണം. വെള്ളത്തിന്‍റെ അളവ് കുറഞ്ഞാല്‍ ചെടികള്‍ വാടി നശിക്കും. വെള്ളത്തിന്‍റെ അളവ് കൂടിയാല്‍ ചാക്കില്‍ നിന്നും ഇറ്റുവീണ് മട്ടുപ്പാവ് നനയും. അതിനാല്‍ ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് റേഷന്‍ പോലെ പരിമിതപ്പെടുത്തണം.
















