വിദ്യ അഭ്യസിക്കാന്‍ അയ്യന്‍കാളി കൈപിടിച്ച് സ്‌കൂളില്‍ കൊണ്ടു പോയ പഞ്ചമിയെ ഓര്‍ക്കണം. പഞ്ചമി ഇരുന്ന ബെഞ്ച് അഗ്നിക്കിരയാക്കിയ സവര്‍ണ്ണ മാടമ്പിത്തരം ഓര്‍ക്കണം. ആ ബെഞ്ച് ഇന്നും ഒരു സ്മാരകമായി നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം. അത് മനസ്സില്‍ കണ്ടിട്ടു വേണം വേടന്‍ എന്ന റാപ്പ് സിംഗര്‍ക്ക് ലഭിച്ച ചലച്ചിത്ര അവാര്‍ഡിനെ അംഗീകരിക്കേണ്ടത്. ഭൗതികമായി കാണാനാകുന്നതെല്ലാം സവര്‍ണ്ണതയുടെ അഹങ്കാരം മാത്രമാണെന്ന് ഇന്നും ധരിച്ചു വശായിരിക്കുന്നവര്‍ക്ക് വടിവൊത്ത വാക്കുകളും, അതിന് കിട്ടുന്ന ഈണവും മാത്രമേ അംഗീകരിക്കാവൂ എന്നൊരു ചിന്ത ഉണ്ടാകുമെന്നത് വസ്തുതയാണ്. അതില്‍ നിന്നു വ്യത്യസ്തമായതെല്ലാം അസ്പര്‍ശ്യമാണ്. നാഞ്ചിയമ്മയും വേടനും, ജാസിഗിഫ്റ്റും, പ്രസീത ചാലക്കുടിയും, കലാഭവന്‍ മണിയുമെല്ലാം സവര്‍ണ്ണ വിഭാഗത്തിന്റെ ഇത്തരം അസ്പര്‍ശ്യതയുള്ള കലാകാരന്‍മാരാണ് സവര്‍ണ്ണര്‍ക്ക്. അവര്‍ എത്ര പാടിയാലും അത്രതന്നെ. അവര്‍ പാടുന്നതെന്താണെന്നും, എങ്ങനെയാണെന്നും, എപ്പോഴാണെന്നും, എവിടെയാണെന്നുമുള്ള മുന്‍വിധിയോടെയാണ് സവര്‍ണ്ണര്‍ അത് കാണുന്നതും കേള്‍ക്കുന്നതും.
നിങ്ങളെ നിങ്ങള്‍ പോലുമറിയാതെ അവര്‍ കൊല്ലും. നിങ്ങളെ നിങ്ങള്‍ പോലമറിയാതെ അവര്‍ മാറ്റി നിര്‍ത്തും. ഇതാണ് നവോത്ഥാന കാലത്തിനു ശേഷം ഉണ്ടായ മാറ്റം. നോക്കുമ്പോള്‍ എല്ലാം സവര്‍ണ്ണര്‍ക്കൊപ്പം ഉണ്ടെന്ന് തോന്നിക്കും. എന്നാല്‍, എല്ലാം പഴയതുപോലെ നിലനില്‍ക്കുന്നുണ്ടാകും. ഏതെങ്കിലും ഒരു വിഷയത്തില്‍ ദളിതര്‍ ഇടപെടുമ്പോള്‍ മാത്രമേ അത് തിരിച്ചറിയാനാകൂ. അങ്ങനെയുള്ള തിരിച്ചറിവുകളില്‍ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്ന ഒരു വിഷയമാണ് വേടനും, വേടന്റെ പാട്ടും, വേടന്റെ അവാര്‍ഡും. ജനകീയതയും. അങ്ങനെ എത്രയെത്ര സംഭവങ്ങളുണ്ട്. സമസ്ത മേഖലയിലും അത് കൊടികുത്തി വാഴുകയാണ്. ദളിതനെന്ന പെട്ടിയില്‍ ഒതുക്കപ്പെട്ടന്റെ മുമ്പില്‍ ഇന്നും ആ തമ്പ്രാനും മാടമ്പിയും ജന്‍മിയുമെല്ലാം ഉയര്‍ത്തെഴുന്നേറ്റു നില്‍ക്കുകയാണ്. അവിടെ നവോത്ഥാനത്തിന്റെ പേരില്‍ എല്ലാ അവകാശങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുമ്പോള്‍, ഭരണഘടന അനുശാസിക്കുംപോലെ സവര്‍ണ്ണ നേതൃത്വം ദളിതരെ അടിയാളരാക്കിയിരിക്കുന്നു. കാരണം, ഇവിടെയൊരു ദളിതനും സവര്‍ണ്ണരെ ഭരിക്കുന്നില്ല. ഇവിടെയൊരു പട്ടികജാതി പട്ടിക വര്‍ഗക്കാരനും സവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല. ഇവിടെ ഒരു ദളിതനും സാംസ്‌ക്കാരിക നായകനാകുന്നില്ല. ഇവിടെ ഒരു ദളിതനും രാജ്യം ഭരിക്കുന്നില്ല.
ഇവിടെ ഒരു ദളിതനും നീതിന്യായം നടപ്പാക്കാന്‍ പോകുന്നില്ല.(അഥവാ അങ്ങനെ സംഭവിച്ചാല്‍ ഷൂ എറിഞ്ഞും, സനാതനം പറഞ്ഞും ഇല്ലാതാക്കും). ജാതി പറയാതെ ജാതി വാലും ജാതി ചിന്തയും, ജാതി സംഘടനകളുടെ ധാര്‍ഷ്ട്യവും കാട്ടുന്ന സവര്‍ണ്ണര്‍ക്കു മുമ്പില്‍ ഇന്നും ഓച്ചാനിച്ചു നില്‍ക്കണമെന്നാണ് അവര്‍ പറയാതെ പയുന്നത്. നോക്കൂ, ഈ നാട്ടില്‍ ദളിത് വിഭാഗത്തില്‍ നിന്നും അല്‍പ്പമെങ്കിലും ഉരാന്‍ ശ്രമിച്ചവരുടെ േേപാരുകള്‍ക്ക് പിട്ടിന്‍ ജാതിവാലുണ്ടോ എന്ന്. കലാഭവന്‍ മണിക്കുണ്ടോ ജാതിവാല്‍, ഹിരണ്‍ദാസ് മുരളിക്കുണ്ടോ, നാഞ്ചിയമ്മയ്ക്കുണ്ടോ, ജാസി ഗിഫ്റ്റിനുണ്ടോ. ഇല്ല എന്നു പറയാന്‍ സവര്‍ണ്ണര്‍ പോലുമുണ്ടാകും. കാരണം, അവര്‍ മനുഷ്യരാണ്. ഈ നാട്ടിലെ മനുഷ്യര്‍. അല്ലാതെ, ജാതിയും തൂക്കി നടക്കുന്ന സവര്‍ണ്ണ മാടമ്പികളെപ്പോലെ എല്ലാ സുഖസൗകര്യങ്ങളും തലമുറകളോളം ആസ്വദിച്ചനുഭവിച്ചവരല്ല. ദളിത് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ എകെ. വാസു എഴുതിയ ലേഖനമുണ്ട്. കൃത്യവും വ്യക്തവും ശക്തവുമായ എഴുത്തിലൂടെ സവര്‍ണ്ണ സാംസ്‌ക്കാരിക കാഴ്ചപ്പാടുകള്‍ക്ക് കൊടുക്കുന്ന മറുപടി കൂടിയാണത്.

എ.കെ. വാസുവിന്റെ വാക്കുകള്‍ ഇങ്ങനെ
നാഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ട വംശീയവാദികള്‍ക്ക് മറുപടിയായി
ഞാന്‍ അന്ന് എഴുതിയ ഒരു ലേഖനം മാധ്യമത്തില്‍ വന്നിരുന്നു.
അതുതന്നെയാണ് വേടന്റെ അവാര്‍ഡില്‍
കുത്തിപ്പുളയ്ക്കുന്ന ‘ശുദ്ധിവാദികളോട് ‘ ഇപ്പോഴും പറയാനുള്ളത്.
പഴയ ലേഖനം ചേര്‍ക്കുന്നു………
നാഞ്ചിയമ്മ എന്നിടത്ത് വേടന്‍ എന്ന് ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കൃത്യമാണ് എന്ന് ഞാന്‍ കരുതുന്നു……..
നാഞ്ചിയമ്മ അയ്യപ്പനുംകോശിയും എന്ന സിനിമയില്‍ പാടിയ പാട്ടിന് ദേശീയചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോള്‍ മലയാളികളായ ബഹുഭൂരിപക്ഷം പേരും അഭിമാനിച്ചു. തികഞ്ഞ ആഹ്‌ളാദത്തിലാണ് ഏറെപ്പേരും ആ അവര്‍ഡിനെ ഹൃദയത്തിലേറ്റിയത്.
എന്നാല്‍ ചില ചെറിയഇടങ്ങളില്‍ നിന്നും നാഞ്ചിയമ്മയുടെ ദേശീയാംഗീകാരത്തിനെതിരെ കരച്ചിലുകളും ഉയര്‍ന്നുവന്നു.
കലയുടെ ലോകത്തെ വിശാലമായി കാണാനുള്ള ശേഷിയില്ലായ്മ മാത്രമല്ല വിമര്‍ശനങ്ങളുടെ അടിസ്ഥാനവികാരം, വംശീയതയില്‍ വേരാഴ്ന്ന ജാതീയത ഉല്‍പ്പാദിപ്പിക്കുന്ന മൂപ്പോരിളമ ബോധ്യമാണിവിടെ മറനീക്കി പുറംചാടിയത്.
സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ ഒരുപാടുപേര്‍ അവാര്‍ഡു കൈയ്യണയാന്‍ കാത്തു കാത്ത് ജീവനോടെയിരിപ്പാണെന്നും , അവരൊക്കെ ഇതൊക്കെ എങ്ങനെയൊക്കെ സഹിച്ചിറക്കും എന്ന തരത്തിലാണ് വിലാപത്തിലെ എണ്ണിപ്പെറുക്കലുകള്‍ വെളിപ്പെട്ടത്.
ഇനിവരുംകാലങ്ങളില്‍ അവര്‍ അളന്നിട്ടുകൊടുക്കുന്ന പിച്ചിനൊപ്പിച്ച് നാഞ്ചിയമ്മക്ക് പാടിയൊപ്പിക്കാനാവുമോ തുടങ്ങിയ വരേണ്യ വിഹ്വലതകളും വയറലായി.
കര്‍ണ്ണാട്ടിക് മ്യൂസിക്കിന്റെ അളവുകോല്‍ വച്ചു നടത്തുന്ന ഇത്തരം വിമര്‍ശനങ്ങളെ പ്രൊക്യൂസ്റ്റസിന്റെ കട്ടിലിനോടാണ് ഉപമിക്കാനാവുക. ചതിയില്‍പ്പെടുത്തി കൊണ്ടുവരുന്ന
ഇരയുടെ ശരീരം പ്രാക്യൂസ്റ്റസിന്റെ കട്ടിലിനെക്കാള്‍ വലുതാണെങ്കില്‍ കയ്യും കാലും അരിഞ്ഞു തള്ളുകയും. ചെറുതാണെങ്കില്‍, ചുറ്റിക കൊണ്ട് അടിച്ചുനീട്ടുകയും ചെയ്യുന്ന കഥാപാത്രമാണ് പ്രൊക്യൂസ്റ്റസ്.
ലോകത്ത് , ഇന്ത്യയില്‍ തന്നെ പലതരം സംഗീതധാരകളുണ്ട്. അതിലൊരു സംഗീതധാര മാത്രമാണ് കര്‍ണ്ണാട്ടിക്ക് മ്യൂസിക്ക്. എന്നാല്‍ കേരളീയ പൊതുബോധം എല്ലാ പാട്ടുകളെയും കര്‍ണ്ണാട്ടിക്ക് മ്യൂസിക്കിന്റെ അളവുകോല്‍കൊണ്ട് അളന്നുതൂക്കി വിധികല്‍പ്പിക്കുന്നു. ഇന്ത്യയില്‍ മാത്രം അനേക ഗോത്രവിഭാഗങ്ങളെയും തദ്ദേശീയജനവിഭാഗങ്ങളെയും സംബന്ധിക്കുന്ന ഫോക്ക് മ്യൂസിക്കിന്റെ വ്യതിരിക്തതകള്‍ ധാരാളമുണ്ട്. സൂഫിസത്തിന്റെയും ഗസല്‍ സംഗീതത്തിന്റെയും ലോകവും സവിശേഷധാരയാണ്.
നാഞ്ചിയമ്മയുടെ സവിശേഷമായ സംഗീതം കൂടി മുഴങ്ങിനിന്നതു കൊണ്ടുതന്നെയാണ് അയ്യപ്പനും കോശിയും എന്ന സിനിമക്ക് നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത് . ആ സന്ദര്‍ഭത്തില്‍ പോലും നാഞ്ചിയമ്മയ്ക്ക് കിട്ടിയ പുരസ്‌കാരത്തിനുനേരെമാത്രം കല്ലേറ് നടത്തുന്നതില്‍ കലാബാഹ്യമായ കാര്യങ്ങള്‍ തന്നെയാണുളളത്.
ആദിവാസികള്‍ക്കും ദലിതര്‍ക്കും ലഭിക്കുന്നതെല്ലാം സവര്‍ണതയുടെ ഔദാര്യപ്പൊതികളും , സവര്‍ണ്ണതക്കുള്ള കിട്ടലുകളാണ് യഥാര്‍ത്ഥ കിട്ടലുകളുമെന്ന ബോധം ജാതിവെറിയുടെ തുടര്‍ച്ചയായി നിലനിന്നുപോരുന്നതാണ്.
വംശീയത തന്നെയാണതിന്റെ അടിസ്ഥാന വികാരം. തങ്ങളുടെത് മാത്രമായ സാംസ്‌കാരിക / സാമ്പത്തീക ഇടത്തിലേക്ക് ബഹുജനങ്ങള്‍ കയറി വരുന്നതിനെതിരായുള്ള മുറുമുറുപ്പാണ് അതില്‍ മുഖ്യമായും ഉള്ളത്. കീഴാളര്‍ക്കെതിരെയുള്ള വര്‍ണ്ണവെറിയരുടെ അക്രമണവാസന സാംസ്‌കാരിക രംഗത്ത് കാലങ്ങളിലൂടെ തുടരുന്നതാണ്.
ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലെ ജാസി ഗിഫ്റ്റിന്റെ ‘ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ ‘ എന്ന പാട്ടിനെ ഇകഴ്ത്തിക്കൊണ്ട് ശുദ്ധിവാദികളുടേതായി മുപ്പത്തിയഞ്ചോളം ലേഖനങ്ങളാണ് മുഖ്യധാരയില്‍ അക്കാലത്ത് എഴുതപ്പെട്ടത്. സാംസ്‌കാരിക മേല്‍ക്കോയ്മ കീഴ്‌മേല്‍ മറിയുന്നതറിയുമ്പോഴുള്ള സവര്‍ണ്ണ സ്വത്വത്തിന്റെ സുപ്തഭയങ്ങളാണ് ആ എഴുത്തുഭാഷണങ്ങളിലൂടെ മറനീക്കി പുറംചാടിയത്. അതിനെയെല്ലാം വിലയിരുത്തിക്കൊണ്ട് സാമൂഹിക വിമര്‍ശകനായ
കെ.കെ. ബാബുരാജ് 2004 – ല്‍ എഴുതിയ ലേഖനത്തില്‍ ഇപ്രകാരം സുചിപിക്കുന്നു.
‘കീഴാളരുടെയും ബഹുജനങ്ങളുടെയും അഭിരുചികള്‍ ക്ഷുദ്രവും ആസ്വാദനബോധം താഴ്ന്നതും ആണെന്ന കാഴ്ചപ്പാട് ഈ മേഖലയിലെ വംശീയതയെ ഉറപ്പിക്കാനും മൂലധനത്തെ ചിലരുടെ കൈകളില്‍ മാത്രമായി കേന്ദ്രീകരിക്കാനും ഉള്ള അടവായും കണക്കാക്കേണ്ടതുണ്ട് ‘ (പുറം 52 മറ്റൊരു ജീവിതം സാധ്യമാണ്,അദര്‍ ബുക്‌സ്.)
കൊട്ടാര കേന്ദ്രീകൃതമായ സംഗീതപാരമ്പര്യം
സ്വാതിതിരുനാള്‍ തുടങ്ങിയ രാജാക്കന്മാരുടെയും അവരുടെ ആശ്രിതരും വൈതാളികരുമായ ചെറുലോകങ്ങളെ ചുറ്റി നില്‍ക്കുന്നതായിരുന്നു. ബഹുജനങ്ങളെ കുറിച്ചോ മനുഷ്യജീവിതത്തെക്കുറിച്ചോ എഴുതാനോ ഈണം ചേര്‍ക്കാനോ കഴിയാതെ അഭൗമസാങ്കല്‍പ്പിക ലോകത്തെ പ്രകീര്‍ത്തിച്ചുള്ള കീര്‍ത്തന സാഹിത്യത്തിലും സംഗീതത്തിലും ഉഴറിനിന്നതാണ് കൊട്ടാരകേന്ദ്ര സംഗീത പാരമ്പര്യ ലോകം.
ബഹുജന സംഗീതം അപ്പോഴും അടിത്തട്ടില്‍ വികസിക്കുകയായിരുന്നു ജൈവികവും നൈസര്‍ഗികവുമായ ആ സംഗീതധാര ഉത്തരാധുനിക കാലത്ത് സവിശേഷമായി ഉയര്‍ന്നുവരികയുണ്ടായി.
സിജെ കുട്ടപ്പന്റെ തൊണ്ണൂറുകളിലെ ഇടപെടലുകളിലൂടെ നാടന്‍പാട്ടുകള്‍ മുഖ്യധാരയില്‍ ഇടം നേടിയെടുത്തു .കലാഭവന്‍ മണിയുടെ ബഹുജന സംഗീതം അടിത്തട്ടിന്റെ പാട്ട് പാരമ്പര്യത്തെ കൂടുതല്‍ വികസ്വരമാക്കുകയുണ്ടായി
പി. എസ് .ബാനര്‍ജി
മത്തായി സുനില്‍ ,
പ്രസീത ചാലക്കുടി
പ്രദീപ് പാണ്ടനാട്, പ്രകാശ് കുട്ടന്‍
രാഹുല്‍ കൊച്ചാപ്പി, ദിവാകരന്‍കുട്ടി, ജിതേഷ്‌കക്കടിപ്പുറം എന്നിങ്ങനെ നീളുന്ന ബഹുജന ബഹുസ്വര പാട്ടുകാര്‍ പുതിയ കാലത്തിന് വേറിടലിന്റേതായ മറ്റൊരുസംഗീത ലോകത്തെ നിര്‍മ്മിച്ചു നല്‍കി.
സിനിമാപാട്ടുകളില്‍ മലയാളിയുടെ
പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാവുകത്വപരമായ കാലഗണനകള്‍ അടയാളപ്പെടുന്നുണ്ട്. ചിത്രീകരണദൃശ്യം മറന്നിട്ടും കാലങ്ങള്‍ കടന്നു നില്‍ക്കുന്ന പാട്ടുകളാണ് നമുക്കേറെയുമുള്ളത്. ബഹുജന സ്വഭാവത്തിലാണ് ആദ്യകാല സിനിമാപാട്ടുകള്‍ വളര്‍ന്നത്. നീലക്കുയില്‍ .ചെമ്മീന്‍ ,നദി .ഭാര്യ, തുടങ്ങിയ സിനിമാഗാനങ്ങളിലെ മതേതര ജാതിനിരപേക്ഷ ആവിഷ്‌കാരങ്ങള്‍ അഭിമാനകരമാണ്. എന്നാല്‍ എണ്‍പതുകള്‍ക്ക്‌ശേഷം കര്‍ണ്ണാട്ടിക് മ്യൂസിക്കിന്റെ ആണ്ടുപൂണ്ടുള്ള വിളയാട്ടം ശക്തമായി .അതുകൊണ്ടാണ് നമ്മുടെ പാട്ടുകളേറെയും അമ്പലപ്പാട്ടുകള്‍ മാത്രമായിപ്പോയത്. ഒ എന്‍.വി.യും കൈതപ്പുറവും മാത്രമല്ല,
യൂസഫ്അലി കേച്ചേരി വരെ ജനകീ ജാനേ രാമാ രാമാ… സ്വഭാവമുള്ള ഭജനപ്പാട്ടുകള്‍ സിനിമക്കായി എഴുതിക്കൂട്ടി. പ്രണയഭാവനകളെല്ലാം രാധയിലും കൃഷ്ണനിലും കോലക്കുഴലിലും മയില്‍പ്പീലിയിലും മാത്രം തളംകെട്ടിനിന്നു. സംഗീതം സോപാന സംഗീതത്തിന്റെ പെരുക്കങ്ങളായി മാറി. മലയാളസിനിമാപാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്നത് സോപാനമെന്ന പദമാണ്. ഉപനയനവും മറക്കുടയും മഞ്ഞള്‍പ്രസാദവും ഗോപുരവാതിലും ആല്‍ത്തറയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്ലീഷേയായി. മുന്‍ചൊന്ന ക്ഷേത്രകലയാക്കിയെടുക്കലിന്റെ സൂചകമാണ് മേല്‍ച്ചൊന്ന പദാവര്‍ത്തനങ്ങള്‍.
ഇത്തരത്തില്‍ തറഞ്ഞുപോയ സിനിമാസംഗീതധാരയിലാണ് ജാസിഗിഫ്റ്റിന്റെ പാട്ടുകള്‍ പിളര്‍പ്പുണ്ടാക്കിയത്. അപ്പോഴും പിന്മടക്കവാസന ന്യൂജെന്‍സിനിമാക്കാര്‍ പോലും പ്രകടിപ്പിക്കുന്നത് കാണാം. വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍ പോലുളള സിനിമകളിലെ പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്.
ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ നിന്റ കള്ളക്കടക്കണ്ണില്‍ ….. എന്ന പാട്ട് സിനിമയില്‍ പതിഞ്ഞുപോയ ഡിവോഷണല്‍ കെട്ടുകാഴ്ച്ചകള്‍ക്ക് ഷോക്ക്ട്രീറ്റ്‌മെന്റായിരുന്നു.
എം എന്‍ കാരശ്ശേരിയെ പോലുള്ളവര്‍ ആറാഴ്ചപോലും നിലനില്‍ക്കാത്ത പാട്ട് എന്നാണ് ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയെ എന്ന പാട്ടിനെ വിമര്‍ശന വിധേയമാക്കിയത്. എന്നാല്‍ ജാസിഗിഫ്റ്റിന്റെ ലജ്ജാവതി മാത്രമല്ല തുടര്‍ന്നുണ്ടായ നിരവധി പാട്ടുകള്‍ മലയാളത്തില്‍ വന്‍ഹിറ്റുകള്‍ തീര്‍ക്കുക മാത്രമല്ല തമിഴ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളിലും പ്രധാനമായി തീര്‍ന്നിട്ടുണ്ട്. കാരശ്ശേരിയെ പോലുള്ളവരുടെ മനസിലാക്കലുകളിലും തീര്‍പ്പുകളിലുമല്ല ബഹുജന ആസ്വാദനലോകം നിലനില്‍ക്കുന്നത് എന്നതിന് കാലംതന്നെ തെളിവുകൊടുത്തിരിക്കുന്നു.
പുതിയ കാലത്ത് നിരവധി പാട്ടുകള്‍ക്ക് ഈണം നല്‍കിയ ഗിരീഷ് കുട്ടന്റെ സംഗീതാവബോധവും ഫോക്കിന്റെയും ബഹുജനധാരയുടേതുമാണ്.
അസഖ്യം നാടന്‍ പാട്ടുവേദികളിലൂടെ
മുന്നണിയില്‍ പാടിനില്‍ക്കുന്ന . മത്തായി സുനില്‍ കൂടുതല്‍ പോപ്പുലറായത്
സിനിമാ ഗാനത്തിലേക്ക് എത്തിയതിലൂടെയാണ് കമ്മട്ടിപ്പാടം എന്ന സിനിമയിലെ അക്കാണും മാമലയൊന്നും നമ്മുടതല്ലെന്‍ മകനേ …….
എന്ന അന്‍വര്‍അലിയെഴുതി വിനായകന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം മത്തായി സുനിലിന്റെ ശബ്ദത്തില്‍ വന്നതിനെ തുടര്‍ന്ന് ഫോക്ക് സംഗീതത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ‘സപസ, മാത്രം പാടി സിനിമാ പാട്ടുകള്‍ക്ക് നില്‍ക്കാനാവില്ലാ എന്ന അവസ്ഥയുണ്ടായി.
ശാസ്ത്രീയഗാന സര്‍ക്കസുകളില്‍ നിന്ന് സിനിമാ ഗാനങ്ങള്‍ നൈസര്‍ഗിക സംഗീതത്തിലേക്കു വളര്‍ന്നു .
മറ്റൊരു സംഗീതധാര
ഗസല്‍ ഗായകരുടേതാണ്
മിസ്റ്റിസിസത്തിന്റെ മതാതീത സംഗീതമാണിവിടെ ഉള്‍ച്ചേരുന്നത്.
സമീര്‍ ബിന്‍സിയുടെ പാട്ടുകള്‍ ബഹുസ്വരതയുടെ സംഗീതമാണ് ഉയര്‍ത്തുന്നത്.
ശാസ്ത്രീയ സംഗീതധാര തനിയാവര്‍ത്തനത്താല്‍
കറവവറ്റിയപശുവായി മാറിയിട്ടുണ്ട്.ഇത് പുതിയ കാലമാണ് ഉറച്ചിരുന്നു പാട്ടു കേള്‍ക്കുന്ന കാലം അസ്തമിച്ചിട്ടുണ്ട് ചടുലതയില്‍ ആരെയും തുള്ളിക്കുന്ന പാട്ടുകള്‍ കാണാം ഇനിയുള്ള കാലം വഴിതുറക്കുന്നത് അധ്വാനത്തിന്റെയും ചലനത്തിന്റെയും വഴിയില്‍ രൂപംകൊണ്ട നാടന്‍സംഗീതത്തിന്റെ കാലമാണിപ്പോള്‍ ഉണ്ടായിവന്നിട്ടുള്ളത്. അതിന്റെ ചേര്‍ത്തെടുക്കലിലാണ് സച്ചിയെ പോലൊരു മികച്ച സംവിധായകന്‍ നാഞ്ചിയമ്മയുടെ ഗോത്രസംഗീതത്തെ തന്റെ സിനിമയോടു ചേര്‍ത്തു നിര്‍ത്തിയത്. അതിനെ ഉള്‍ക്കൊള്ളാന്‍ വിശാലമായൊരു ജൂറിയുണ്ടായതും അഭിമാനകരമാണ്.സിനിമ മുന്നോട്ടുവയ്ക്കുന്ന സന്ദര്‍ഭത്തെ പ്രേക്ഷകരില്‍ ചലനമാക്കാന്‍ സംഗീത ഇടപെടല്‍ എത്രകണ്ട കഴിയുന്നുണ്ട് എന്നത് മാത്രമാണ് സിനിമ പാട്ടിന്റെ അവാര്‍ഡു നല്‍കുന്നതിന്റെ മാനദണ്ഡം നാഞ്ചിയമ്മയുടെ പാട്ട് അക്കാര്യത്തില്‍ വിജയിച്ചിട്ടുണ്ട്. അല്ലാതെ ശാസ്ത്രീയ സംഗീത മത്സരത്തില്‍ പങ്കെടുക്കുകയല്ല നാഞ്ചിയമ്മ ചെയ്തിട്ടുള്ളത് എന്നെങ്കിലും വിമര്‍ശകര്‍ മനസിലാക്കുന്നത് നന്ന്.
സിനിമാ സംഗീതം എന്നാല്‍ കര്‍ണാട്ടിക് സംഗീതം മാത്രമെന്ന് ആരും ഭരണഘടനയില്‍ എഴുതി വച്ചിട്ടില്ല എന്നും,
നാടന്‍പാട്ടും റാപ്പ്‌സംഗീതവും
ഗോത്ര സംഗീതവും സിനിമയില്‍ വന്നാലും മികച്ചതാണെങ്കില്‍
അവാര്‍ഡ് കൊടുക്കുക എന്നത് സാംസ്‌കാരികമായ മര്യാദയെന്നും മനസ്സിലാക്കാനുള്ള മിനിമം വിവരം കേരളത്തിലെ ആസ്വാദകസസമൂഹം വേടന്റെ കാര്യത്തിലും മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് പറയാനുള്ളത്……..
കേരളത്തിലെ അവാര്‍ഡുകള്‍ മുന്‍കാലങ്ങളില്‍ എന്നപോലെ അഭിജാതര്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്………
CONTENT HIGH LIGHTS; Vedan and Nanjiamma are not casteist singers; Isn’t it the upper castes who decide the style and composition of their songs?; Their songs are filled with the scent of humanity and the soil.
















