തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ആമച്ചാൽ ഗവൺമെൻ്റ് ഹോസ്പിറ്റലിന്റെ പരിസരത്ത്, ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു അത്യാധുനിക 108 ആംബുലൻസ് തുരുമ്പെടുത്ത് നശിക്കുകയാണ്. ഏകദേശം ₹21,20,000 വിലവരുന്ന ഈ ആംബുലൻസ്, സാധാരണക്കാരുടെ നികുതിപ്പണത്തിൽ വാങ്ങിയ വാഹനം, അഴുക്കുപുരണ്ട്, ജീർണ്ണിച്ച അവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പൊ കിടക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ സാധാരണ ജനങ്ങൾക്ക് ആശ്രയമാകേണ്ട ഒരു പൊതുമുതൽ, ആർക്കും വേണ്ടാത്ത ഒരവസ്ഥയിലേക്ക് മാറിയത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതരമായ അനാസ്ഥയുടെ സൂചനയാണ്.
ഈ ആംബുലൻസ് ചെറിയ അറ്റകുറ്റപ്പണികളിലൂടെ പുനഃസ്ഥാപിച്ച് ഉപയോഗിക്കാവുന്ന അവസ്ഥയിലായിരുന്നു. അത് ചെയ്തിരുന്നെങ്കിൽ കാട്ടാക്കടയിലെ ഗ്രാമീണ ജനങ്ങൾക്ക് ഒരു വലിയ ഉപകാരമായേനെ. എന്നാൽ, വാഹനം ശരിയാക്കിയെടുത്ത് സേവനത്തിനായി ഉപയോഗിക്കുന്നതിനു പകരം, അത് നശിപ്പിച്ച് ഉപേക്ഷിക്കുകയാണ് അധികൃതർ ചെയുന്നത്. നികുതിപ്പണത്തിൽ വാങ്ങിയ വാഹനം കേവലം ആക്രി വിലയ്ക്ക് പോലും കൊള്ളാത്ത അവസ്ഥയിലേക്ക് എത്തിച്ചത് പൊതുഖജനാവിനുള്ള വലിയ നഷ്ടമാണ്. പൊതുജനാരോഗ്യ സംവിധാനങ്ങളോടുള്ള നിരുത്തരവാദിത്തപരമായ സമീപനം ഇതിലൂടെ വ്യക്തമാകുന്നത്.
ആമച്ചാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയ സർക്കാർ ശമ്പളം വാങ്ങുന്ന ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനല്ല ഈ വിഷയത്തിലൂടെ ശ്രമിക്കുന്നത്. മറിച്ച്, ഇത്രയും അത്യാവിഷമായ ഒരു ആംബുലൻസ് കേടായ ശേഷം അത് പുനഃസ്ഥാപിക്കാനോ, കൃത്യമായി പരിപാലിക്കാനോ ഉദ്യോഗസ്ഥ തലത്തിൽ ശ്രമമുണ്ടാകാതിരുന്നതിലെ നിസ്സംഗതയെയും അനാസ്ഥയെയും മാത്രമാണ് ചോദ്യം ചെയ്യുന്നത്.
സാധാരണ ജനങ്ങളുടെ അത്യാഹിതങ്ങളെ നേരിടാൻ സഹായിക്കേണ്ട ഈ വാഹനത്തിൻ്റെ അവസ്ഥ അതീവ ഗൗരവകരമാണ്. എന്നിട്ടും, വിഷയം പൊതുശ്രദ്ധയിൽ വന്നിട്ടും ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്നോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നോ വിഷയത്തിൽ കൃത്യമായ ഇടപെടലുകളോ അന്വേഷണങ്ങളോ ഉണ്ടായിട്ടില്ല എന്നത് ദുഃഖകരമാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനം നശിപ്പിച്ചതിലൂടെ പൊതുജന താൽപ്പര്യവും ജീവൻ രക്ഷാ സംവിധാനങ്ങളും അവഗണിക്കപ്പെടുന്നു എന്ന വിമർശനമാണ് ശക്തമായി ഉയരുന്നത്. ഈ വിഷയത്തിൽ അടിയന്തര അന്വേഷണവും നടപടിയും ആവശ്യമാണ്.
















