വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ച് പ്രശാന്ത് വാസുദേവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. വസ്ത്ര ധാരണത്തെക്കുറിച്ചുള്ള സാമൂഹിക ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിൽ, മുൻ ഡെപ്യൂട്ടി ഡയറക്ടർ (കേരള ടൂറിസം) കൂടിയായ ടൂറിസം കൺസൾടന്റ് പ്രശാന്ത് വാസുദേവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
വസ്ത്രസ്വാതന്ത്ര്യം വ്യക്തിയുടെ അടിസ്ഥാന അവകാശമാണെന്നും, സമൂഹം മറ്റൊരാളുടെ വസ്ത്രധാരണത്തിൽ ‘സദാചാരം’ എന്ന പേരിൽ ഇടപെടാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
“ഏതു വസ്ത്രം എങ്ങനെ ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. സദാചാരചട്ടക്കൂട് കയ്യിലെടുത്ത് മറ്റൊരാൾക്ക് വസ്ത്രം നിർദേശിക്കാൻ ഒന്നും പറ്റില്ല,” എന്നതാണ് പ്രശാന്ത് വാസുദേവിന്റെ മുഖ്യ വാദം.
ഉദ്ഘാടനങ്ങൾക്ക് എത്തുന്ന സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തെ വിമർശിക്കുന്ന പ്രവണതയോടും പോസ്റ്റിൽ അദ്ദേഹം കടുത്ത പ്രതികരണം രേഖപ്പെടുത്തുന്നു. “അതെല്ലാം നമ്മുടേതായ കണ്ണിന്റെയും മനസ്സിന്റെയും പ്രശ്നങ്ങളാണ്. ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുകയാണ് ചെയ്യേണ്ടത്. കാണുകയും പിന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഒരു ബാധ്യതയല്ല,” എന്നും അദ്ദേഹം പറയുന്നു.
വസ്ത്രധാരണത്തെ കുറ്റകരമാക്കുന്ന സമീപനങ്ങൾ തന്നെ സമൂഹത്തെ തെറ്റിദ്ധാരണയിലാക്കുന്നുവെന്നും, സ്ത്രീപീഡനത്തെ പോലുള്ള വിഷയങ്ങളിൽ ഉത്തരവാദിത്വം വസ്ത്രത്തോട് ചാർത്തുന്ന ദർശനം “സഹതാപം മാത്രമേ അർഹിക്കുന്നുള്ളു” എന്നും കുറിപ്പിൽ പറയുന്നു.
പുരുഷ വസ്ത്രധാരണത്തിലെ ഇരട്ടത്താപ്പുകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ഉന്തിയ കുടവയറുമായി ഷർട്ട് ഇൻസർട്ട് ചെയ്ത് നടക്കാം, മുണ്ട് മടക്കിക്കുത്തി തുട കാണിക്കാം—അവയെല്ലാം സ്വാതന്ത്ര്യമാണെങ്കിൽ, സ്ത്രീകളുടെ തിരഞ്ഞെടുപ്പിനോട് സമൂഹം വിരോധം കാണിക്കുന്നതെന്തിന്?” എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.
മില്ലീനിയൽ തലമുറയുടെ വസ്ത്രചിന്തകളിൽ വന്ന മാറ്റത്തെയും പ്രശാന്ത് വാസുദേവ് പരാമർശിക്കുന്നു. അമേരിക്കയിൽ 70 ശതമാനം മില്ലീനിയൽസുകൾ ജോലി സ്ഥലങ്ങളിലും കാഷ്വൽ വസ്ത്രധാരണം സ്വീകരിക്കുന്നുവെന്നും, അത് ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
രാഷ്ട്രീയ നേതാക്കളുടെയും ലോക നേതാക്കളുടെയും വസ്ത്രധാരണത്തിന് പൊതു പ്രാധാന്യം ഉള്ളതിനാൽ അത് വ്യക്തിപരമായ പരിധി വിട്ടുകടക്കാറുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രശൈലിയും, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പൊതുചിത്രവും ഇത്തരം സാഹചര്യങ്ങൾക്ക് ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, യൂണിഫോം നിർബന്ധമായ സ്ഥലങ്ങളിൽ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വ്യക്തിപരമായ സ്വാതന്ത്ര്യം ചില ഘട്ടങ്ങളിൽ മാറ്റിവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
“നമ്മുടെ രീതിയിൽ നമുക്ക് വസ്ത്രം ധരിക്കാം; മറ്റുള്ളവർക്ക് അവരുടെ രീതിയിൽ. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് തോന്നിയാൽ ശരിയാക്കാം. പക്ഷേ മറ്റൊരാളുടെ വസ്ത്രത്തെ കുറ്റപ്പെടുത്താനും വിലയിരുത്താനും നമുക്ക് അധികാരം ഇല്ല,” എന്ന സന്ദേശത്തിലാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ചില വസ്ത്ര സ്വാതന്ത്ര്യ ചിന്തകൾ!
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടാണിത്.
ഏതു വസ്ത്രം എങ്ങനെ ധരിക്കണം എന്നത്
സദാചാര ചട്ടക്കൂട്ടിൽ നിന്ന് നമുക്ക് ഉദ്ഘോഷിക്കാമെന്നല്ലാതെ ബലം പ്രയോഗിച്ച്
നമ്മുടെ ‘സദാചാരവസ്ത്രം’ അവരെ ഉടുപ്പിക്കാനൊന്നും പറ്റില്ലല്ലോ !
തുണിക്കടകളും സ്വർണ്ണക്കടകളും
ഉദ്ഘാടനം ചെയ്യാൻ പോകുന്ന സെലിബ്രിറ്റികളുടെ ഉന്തിയ മാറിടവും
നിതംബവും കൂടുതലും നമ്മുടെ
കണ്ണുകളുടെയും മനസ്സിന്റെയും
പ്രശ്നങ്ങളല്ലേ ?
നമ്മുടെ കണ്ണുകളെയും മനസ്സുകളെയും
അവിടെ നിന്ന് പിൻവലിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ അത് ?
ഇഷ്ടമില്ലാത്ത ചാനൽ റിമോട്ടിലൂടെ മാറ്റി
കാണുന്നവരല്ലേ നമ്മൾ ?
രേണു സുധിയെ എനിക്കിഷ്ടമല്ലെങ്കിൽ
ഞാനവരെ കാണാതിരിക്കണം.
കണ്ടിട്ട് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
നമ്മുടെ കണ്ണുകളെയും
മനസ്സുകളെയും ചില വസ്ത്രധാരണക്കാഴ്ചകളിൽ തളച്ചിട്ട്,
ഒന്നുകിൽ നമ്മളിൽ ചിലർ നമ്മുടെ
ലൈംഗിക ദാരിദ്ര്യത്തിന് അനുവദനീയവും അല്ലാത്തതുമായ വഴികളിലൂടെ
പരിഹാരം തേടാൻ നോക്കുന്നു.
അതുമല്ലെങ്കിൽ നമ്മുടെ
നിത്യ സദാചാര മന്ത്രങ്ങൾ ഉരുവിടുന്നു.
ആ കാഴ്ചകളെ ഓൺലൈൻ മാധ്യമങ്ങൾ,
സമൂഹമാധ്യമങ്ങൾ തുടങ്ങിയവ
അവരുടെ നിലനിൽപ്പിനായി
നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നു.
ഉന്തിയ , വൃത്തികെട്ട കുടവയറിനെ
ഷർട്ട് ഇൻസർട്ട് ചെയ്ത് ബെൽറ്റുമിട്ട് ,
ശോഷിച്ച കാലുകളെ അതുപോലെ കാട്ടുന്ന
പാൻ്റ്സിട്ട് കൂടുതൽ അശ്ലീല കാഴ്ചയാക്കി
പുരുഷന് നടക്കാം.
വേണമെങ്കിൽ പ്രായത്തിന്റെ അനുകൂല്യവും നൽകി വെള്ളപൂശാം.
മുണ്ട് മുട്ടിനു മുകളിൽ മടക്കിക്കുത്തി
തുടകളുടെ ഒരു ഭാഗം പുരുഷന് പ്രദർശിപ്പിക്കാം.
ഒരു പ്രായമെത്തിയാൽ, ചാടിയ വയറും
പൊക്കിളും കാട്ടി ചില സ്ത്രീകൾക്ക് നടക്കാം.
അതൊക്കെ വസ്ത്ര സ്വാതന്ത്ര്യമാണെങ്കിൽ
ഒളിച്ചു വയ്ക്കേണ്ടതെന്ന് സദാചാരം കരുതുന്ന
ചിലതൊക്കെ ഭാഗികമായി പുറത്തുകാട്ടി
ആരെങ്കിലും നടന്നാൽ അവരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല.
ചിലപ്പോൾ മറ്റുള്ളവരെ ആകർഷിക്കാൻ ആയിരിക്കാം അവരത് ചെയ്യുന്നത്.
മനുഷ്യനല്ലേ, നോക്കിപ്പോകും
എന്നാണെങ്കിൽ നോക്കിക്കോളൂ,
ആ നോട്ടത്തിനും വേണം ഒരു മര്യാദ !
നോട്ടമേൽക്കുന്ന ആൾ അപമാനിതയോ അപമാനിതനോ ആകരുത്.
പക്ഷേ പഴിചാരാൻ പോകണ്ട.
നിങ്ങളും ഇതുപോലെ ധരിച്ചേ പറ്റൂ
എന്നൊന്നും അവർ നമ്മോട് പറയുന്നില്ലല്ലോ!
ഉദ്ഘാടനത്തിനെത്തുന്ന ഒരു സെലിബ്രിറ്റിയുടെയും നിതംബവും മാറിടവും കണ്ട് ഇവിടുത്തെ ഒരു ക്ഷുബ്ധയൗവനവും
നിരാലംബ വാർദ്ധക്യവും വഴി തെറ്റാൻ പോകുന്നില്ല.
വഴിതെറ്റിപ്പോകാൻ അവർക്ക് നൂറായിരം മാർഗ്ഗങ്ങൾ ഇൻറർനെറ്റിലുണ്ട്,
അവർക്ക് ചുറ്റുമുണ്ട്.
ഒളിച്ചു വയ്ക്കേണ്ടത് പല സ്ത്രീകളും
ഒളിച്ചു വയ്ക്കാത്തതുകൊണ്ടാണ്
ഇവിടെ സ്ത്രീപീഡനങ്ങൾ കൂടുന്നത്
എന്നു പറയുന്നവരോട് സഹതപിക്കുകയേ നിർവാഹമുള്ളൂ.
ഈ ഉദ്ഘാടനങ്ങൾക്ക് ഈച്ച പോലെ
കൂടുന്ന പുരുഷാരവത്തിൽ നല്ലൊരു പങ്ക്
നേർക്കാഴ്ചയുടെ സാഫല്യം അനുഭവിക്കാൻ എത്തുന്ന ദരിദ്രവാസികളാണ്.
ആ ദൗർബല്യം മുതലെടുക്കുകയാണ്
കച്ചവടം ചെയ്യുന്നത്.
ആ കച്ചവടത്തിൽ സെലിബ്രിറ്റികളും
ഭാഗഭാക്കുകളാകുന്നു എന്നത്
ദരിദ്രവാസികൾ തിരിച്ചറിഞ്ഞാൽ ഉദ്ഘാടനങ്ങളുടെ രീതി തന്നെ മാറും !
നമ്മൾ എങ്ങനെ, എന്തു വസ്ത്രം
ധരിക്കണമെന്നത് നമ്മുടെ കാഴ്ചപ്പാടിന്റെയും
സംസ്കാരത്തിന്റെയും പ്രശ്നം തന്നെയാണ് .
എന്ന് കരുതി, നമ്മുടെ കാഴ്ചപ്പാടും സംസ്കാരവും മറ്റൊരാളുടെ
വസ്ത്രധാരണത്തിൽ കൈകടത്തേണ്ടതില്ല.
നമ്മൾ അതുകണ്ട് വഴിതെറ്റിപ്പോകേണ്ടതുമില്ല.
ഇതെഴുതാൻ കാരണം,
മില്ലനിയൽസിൻ്റെ ചിന്താധാരകളിൽ വന്ന
ഒരു മാറ്റം വായിച്ചതാണ്.
തൊഴിലിടങ്ങളിൽ കോട്ടും ടൈയും ഒക്കെ
അവർ ഉപേക്ഷിക്കുകയാണ്.
അമേരിക്കയിൽ മില്ലനിയൽസിൽ 70 ശതമാനം
പേരും കാഷ്വൽ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിരിക്കുന്നു.
അതവർക്ക് ആത്മവിശ്വാസവും, കൂടുതൽ സ്വാതന്ത്ര്യവും നൽകുന്നു.
അതുതന്നെയാണ് വേണ്ടതും.
സർക്കാർ സർവീസിൽ ആയിരുന്നെങ്കിലും
കൂടുതൽ കാലം ഇൻസർട്ട് ചെയ്ത് ഫുൾ സ്ലീവ്സുമിട്ട് നടന്നയാളാണ് ഞാൻ.
അന്നത് ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു.
ഒരു ഘട്ടത്തിൽ ഞാൻ കൂടുതൽ വസ്ത്ര സ്വതന്ത്രനായി.
ആത്മവിശ്വാസത്തിനും പരിണാമം വന്നു എന്നർത്ഥം.
റിട്ടയർമെൻറിനു ശേഷം ഇൻസർട്ട് ചെയ്യൽ പൂർണ്ണമായും ഉപേക്ഷിച്ചു.
ജീവിതത്തിൻറെ ഒരു ഘട്ടത്തിൽ
കണ്ടെത്തിയ ഒരു സ്വാതന്ത്ര്യമാണത് എന്നേയുള്ളൂ.
എങ്കിലും എൻറെ വസ്ത്രധാരണം
എൻ്റെ കാഴ്ചപ്പാടുകൾക്കും സംസ്കാരത്തിനും
അനുസരിച്ചതാണ്.
ചില വ്യക്തികളോടുള്ള ആരാധനാസ്വാതന്ത്ര്യം വച്ച്, ഇങ്ങനെ ധരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നു വേണമെങ്കിൽ നമുക്ക് പറയാം എന്നല്ലാതെ ഇങ്ങനെയേ ധരിക്കാവൂ എന്നു പറയാൻ നമുക്ക് അവകാശമില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്
കെ ജയകുമാർ സാറിനെ എക്കാലവും
ഇൻസർട്ട് ചെയ്ത് ഫുൾ സ്ലീവ്സിലേ
നമുക്ക് കാണാൻ കഴിയൂ.
അത് അദ്ദേഹത്തിന്റെ വസ്ത്ര സ്വാതന്ത്ര്യം.
മോദിജിയുടെ വസ്ത്രധാരണം
ബോധപൂർവം ഉള്ളതാണ്.
കാരണം അവിടെ അത് ലോകം
വീക്ഷിക്കുകയും രാജ്യത്തിൻറെ നായകനെ വിലയിരുത്തുകയും ചെയ്യുന്നതാണ്.
അദ്ദേഹത്തിന് അത് ആത്മവിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല,
രാജ്യത്തിൻറെ വിഷയം കൂടിയാണ് .
ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷവിധാനം കണ്ടില്ലേ എന്ന് ലോകം കളിയാക്കിയാൽ
അത് ബാധിക്കുക മോദിജിയെ മാത്രമല്ല
ഇന്ത്യ എന്ന രാജ്യത്തെ മൊത്തത്തിലാണ് .
വസ്ത്രധാരണം കേവലം വ്യക്തിപരം മാത്രമല്ലാതാകുന്ന സന്ദർഭങ്ങൾക്ക് ഉദാഹരണമാണിത്.
രാഹുൽഗാന്ധി ജിയ്ക്കും ഇത് ബാധകമാണ്.
നമ്മുടെ പ്രതിപക്ഷ നേതാവിനെയും
ലോകം വിലയിരുത്തുന്നുണ്ട്.
രാഷ്ട്ര നേതാക്കളും ലോക നേതാക്കളും
വ്യക്തികൾ മാത്രമല്ല പ്രതീകങ്ങൾ കൂടിയാണ് .
അതേസമയം ഡ്രസ്സ് കോഡ്,യൂണിഫോം
എന്നിവ നിഷ്കർഷിക്കപ്പെടുന്ന ഇടങ്ങളിൽ
നാമത് പാലിക്കുക തന്നെ വേണം എന്നാണ് എൻറെ അഭിപ്രായം.
വ്യക്തിപരമായ സ്വാതന്ത്ര്യങ്ങൾ,
അത്തരം ചില ഘട്ടങ്ങളിൽ നാം
മാറ്റിവയ്ക്കേണ്ടി വരും.
അതേസമയം, ഞാൻ കോർപ്പറേറ്റ് സംസ്കാരത്തിന്റെ വക്താവാണ്
എന്നു കാട്ടാൻ വേണ്ടി മാത്രം ടൈയ്യും
കോട്ടും അണിയുന്നവരും ഉണ്ട്.
അവരുടെ ഉദ്ദേശ്യം എന്തായാലും
അവിടെയും അത് അവരുടെ വസ്ത്ര സ്വാതന്ത്ര്യമാണ്.
ശരിയാണ്, നമ്മുടെ ഓരോ ചലനവും
സമൂഹം വീക്ഷിക്കുന്നുണ്ട്.
നമ്മൾ വസ്ത്രം ധരിക്കുന്നതും
അണിഞ്ഞൊരുങ്ങുന്നതും നമ്മുടെ
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന്
വേണ്ടി മാത്രമല്ല, സമൂഹം കാണുന്നതിന് വേണ്ടിക്കൂടിയാണ് .
പക്ഷേ അതിനെ സമൂഹം എങ്ങനെ
വിലയിരുത്തുന്നു എന്ന ഫീഡ്ബാക്ക്
അന്വേഷിച്ചു നടന്നിട്ടോ അതിനനുസരിച്ച്
പ്രശംസകൾ വാരിക്കൂട്ടി പ്രതിച്ഛായ വർദ്ധിപ്പിക്കാൻ നോക്കിയിട്ടോ കാര്യമില്ല.
നമ്മൾ സാധാരണ മനുഷ്യർക്ക് ആത്മവിശ്വാസവും സന്തോഷവും
External Validation ൽ നിന്ന് കിട്ടേണ്ടതല്ല.
നമ്മുടെ പ്രവൃത്തികളിൽ നിന്ന് നമ്മൾ
തന്നെ നേടിയെടുക്കേണ്ടതാണത്.
സെലിബ്രിറ്റികളെയും രാഷ്ട്രനേതാക്കളെയും
നമുക്ക് മാറ്റിനിർത്താം.
നമുക്ക് നമ്മുടെ രീതികളിലും
അവർക്ക് അവരുടെ രീതികളിലും
വസ്ത്രം ധരിക്കാം , മേക്കപ്പിടാം ,
നടക്കാം.
ഏതെങ്കിലും കാരണവശാൽ
സമൂഹത്തെ നമ്മൾ തെറ്റായ വഴിയിലേക്ക് നയിക്കുന്നു എന്ന ബോധ്യം വന്നാൽ
ചെയ്തികൾ തിരുത്താം.
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും
പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്.
Jasmine Prasanth “
















