പുൽപ്പള്ളി: മുളയൂരിലെ കൃഷിയിടത്തിൽ കർഷകനായ രാജശേഖരപ്പയെ കൊലപ്പെടുത്തിയ പെൺകടുവയെയും മൂന്നു കുഞ്ഞ് കടുവകളെയും വനപാലകർ പിടികൂടി. കഴിഞ്ഞ ഒക്ടോബർ 26ന് മുളയൂരിൽ കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന രാജശേഖരപ്പയെ കൊലപ്പെടുത്തിയ കടുവയാണിത്.
എടയാള റേഞ്ചിലെ മുള്ളൂർ ഗ്രാമത്തിലേക്ക് കടന്നുകയറിയ കടുവക്കുടുംബത്തെ കണ്ടെത്താൻ രാത്രി മുഴുവൻ തിരച്ചിലായിരുന്നു. അർധരാത്രിയിൽ നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് പെൺകടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നാലെ ആനപ്പുറത്തുണ്ടായിരുന്ന പ്രത്യേക സംഘമാണ് കൃത്യസമയത്ത് മയക്കുവെടിവച്ച് കടുവയെ കീഴടക്കിയത്.
അമ്മകടുവ പിടിയിലായതിന് പിന്നാലെ കുറച്ചുദൂരെയുളള ബെന്നഗര ഗ്രാമത്തിൽ നിന്നാണ് മൂന്ന് കുഞ്ഞ് കടുവകളെയും പിടികൂടിയത്. ഇവയെല്ലാം പ്രത്യേക സുരക്ഷാ സൗകര്യമുള്ള കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരുമാസത്തിനിടെ ബന്ദിപ്പൂർ വനമേഖലയിൽ നിന്നുള്ള പിടിയിലായ കടുവകളുടെ എണ്ണം ഇതോടെ 14 ആയി ഉയർന്നു. അടുത്തിടെ ഇവിടെ നാല് പേരാണ് കടുവാക്രമണത്തിന് ഇരയായത്. അവരിൽ മൂന്ന് പേർ മരിക്കുകയും ഒരാൾ കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നു.
കർണാടകയിലെ നാഗർഹോൾ, ബന്ദിപ്പൂർ കടുവസങ്കേതങ്ങളിൽ കടുവകളുടെ എണ്ണം കുത്തനെ കൂടിയതും അവയ്ക്ക് ആവശ്യമായ ആവാസവ്യവസ്ഥ കുറവായതുമാണ് കടുവകൾ മനുഷ്യവാസമേഖലകളിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണമെന്ന് വനവകുപ്പ് സൂചിപ്പിക്കുന്നു.
ഇതിനൊപ്പം, അനിയന്ത്രിതമായ വനസഫാരിയും മനുഷ്യരുടെ പതിവിലധികം വനത്തിലേക്കുള്ള കടന്നുകയറ്റവും കടുവകളുടെ സ്വാഭാവിക സഞ്ചാരത്തെ ബാധിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വർധിച്ച കടുവശല്യത്തെ തുടർന്ന് ബന്ദിപ്പൂർ, നാഗർഹോൾ സങ്കേതങ്ങളിൽ താൽക്കാലികമായി വനസഫാരി നിരോധിച്ചിരിക്കുകയാണ്.
















