ന്യൂമാഹി: തലശ്ശേരി–മാഹി ബൈപാസ് വഴി മങ്ങാട് കുനിയിൽ രൂപപ്പെട്ട മാലിന്യക്കൂമ്പാരം സംബന്ധിച്ച മാധ്യമറിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള എൻഫോഴ്‌സ്മെൻറ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കണ്ടൽവനം സംരക്ഷിത മേഖലയോട് ചേർന്ന് കെട്ടിട നിർമ്മാണ മാലിന്യങ്ങളും തരംതിരിക്കാതെയുള്ള അജൈവമാലിന്യങ്ങളും കൂട്ടമായി തള്ളിയിരിക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. പരിസ്ഥിതിക്ക് നേരിട്ട് ഭീഷണിയായ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട തെളിവുകളും സംഘത്തിന് ലഭിച്ചു.
മാലിന്യം തള്ളിയ വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് സ്ഥിരപരിശോധനയും മേൽനോട്ടവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പരിഗണനയിലാണ്.
















