തമിഴ് സൂപ്പർസ്റ്റാറുകളുടെ എഐ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത്. നൈറ്റ് ലൈഫ് ആസ്വദിച്ച് രാത്രി തട്ടുകടയുടെ മുന്നിൽ നിന്ന് ചായയും കുടിച്ച് കൊച്ചുവർത്തമാനം പറയുന്ന രജനി, കമൽ, വിജയ് ചിത്രങ്ങൾ ശെരിക്കും കണ്ടാൽ ഒറിജിനൽ ആണെന്നെ പറയുകയുള്ളൂ. തമിഴ്സിനിമയിലെ സീനിയർ മുതൽ ജൂനിയർ നടന്മാരെ വരെ ചിത്രത്തിൽ കാണാൻ സാധിക്കും.
View this post on Instagram
അജിത്, രജനികാന്ത്, കമൽഹാസൻ, വിക്രം വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരെ എഐ ചിത്രത്തിൽ കാണാം. നാടൻ വേഷത്തിൽ, കള്ളിമുണ്ടും ഷർട്ടും ധരിച്ചാണ് അജിത്തും രജനികാന്തും ചിത്രത്തിലുള്ളത്. ഇന്നർ ബനിയനും മുണ്ടും ധരിച്ച വിക്രമിനെയും ചിത്രത്തിൽ കാണാം. തട്ടുകടയിൽ നിന്നും പൊറോട്ട കഴിച്ച് വർത്തമാനം പറയുന്ന സൂര്യയുമുണ്ട് ചിത്രങ്ങളിൽ. മറ്റൊരു ചിത്രത്തിൽ പ്രഭുദേവയുടെ ഡാൻസ് ആണ്. കൂടെ, ഡാൻസ് ആസ്വദിക്കുന്ന വിശാലിനെയും വടിവേലുവിനെയും കാണാം.

മാളിൽവച്ച് സെൽഫിയെടുക്കുന്ന ശിവകാർത്തികേയനും വിജയ് സേതുപതിയും, കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും തുടങ്ങി ക്രിയേറ്റിവിറ്റിയിലൂടെ ആരാധകരെ അമ്പരപ്പിക്കുന്നുണ്ട് ചിത്രങ്ങൾ. താരങ്ങളെല്ലാം തോളിൽ കയ്യിട്ട് ബീച്ചിലിരുന്ന് സംസാരിക്കുന്ന ചിത്രവുമുണ്ട് കൂട്ടത്തിൽ.

ആരാധകരുടെ ഹൃദയംനിറച്ചുകൊണ്ടാണ് ചിത്രങ്ങൾ വൈറലാകുന്നത്. എഐയിലൂടെയാണെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ട ആവേശം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. ഒരു ഫീൽഗുഡ് സിനിമ കണ്ട പ്രതീതിയുണ്ട് ചിത്രങ്ങൾക്ക് എന്ന് ആരാധകർ കുറിക്കുന്നു. ഈങ്ങനെയൊരു സിനിമ ഒരുങ്ങിയിരുന്നെങ്കിൽ എന്ന് ആശ പ്രകടിപ്പിച്ചവരുമുണ്ട്. എഐ സാങ്കേതികവിദ്യയുടെ ഇതുപോലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
‘ഹൂഹൂക്രിയേഷൻസ്80’ എന്ന ഇൻസ്റ്റഗ്രാം പേജാണ് മനോഹരമായ ഈ എഐ ഫ്രെയിമുകൾ പുറത്തുവിട്ടത്. ‘തമിഴ് ഹീറോസ് ടീം ഔട്ടിങ്’ എന്ന അടിക്കുറിപ്പോടെയാണ് പേജ് ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചതെന്ന് കമ്പനി അറിയിച്ചു.
















