എടയൂർ: വിവിധ പ്രദേശങ്ങളിൽ നിന്നെത്തിക്കുന്ന മാലിന്യങ്ങൾ എടയൂർ ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ തള്ളുകയും പിന്നീട് കത്തിക്കുകയും ചെയ്യുന്ന പ്രവണത ശക്തമാകുന്നതായി പരാതി ഉയർന്നു.
കഴിഞ്ഞ രാത്രി മാവണ്ടിയൂർ ഹൈസ്കൂൾ റോഡിന് സമീപവും സമീപത്തെ കുന്നിൻ മുകളിൽ ഉള്ള പറമ്പിലും വൻതോതിൽ മാലിന്യം തള്ളിയ നില കണ്ടെത്തി. റോഡരികിൽ ചാക്കുകളിലാക്കി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങളാണ് വ്യാപകമായി വലിച്ചെറിഞ്ഞത്.
ചെങ്കൽ ഖനനം നടത്തിയ പറമ്പിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടത്. കുറച്ച് ദിവസത്തിന് ശേഷം ഇവ കത്തിക്കുന്നതാണെന്നാണ് നാട്ടുകാരുടെ ആരോപണം. മുമ്പ് പൂക്കാട്ടിരി–മലപ്പുറം റോഡിന് സമീപം ചോലവളവിൽ തെർമോകോൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയതും രണ്ട് ദിവസം കഴിഞ്ഞ് അർധരാത്രിയിൽ കത്തിച്ചതും നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവരം അറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. കത്തിക്കൽ രാത്രിയിൽ നടക്കുന്നതിനാൽ വിഷപ്പുക പരക്കുന്നത് നേരിട്ട് ശ്രദ്ധയിൽപെടുന്നില്ല എന്നു നാട്ടുകാരുടെ ആശങ്ക.
മാവണ്ടിയൂരിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എടയൂർ വായനശാല ഫയർ വിങ് ചാരിറ്റബിൾ സൊസൈറ്റി ഗ്രാമപഞ്ചായത്തിൽ പരാതി നൽകി. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി, പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.
ഫയർ വിങ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ ഷംസുദ്ദീൻ പുള്ളിശ്ശേരി, ബാവ പുതുക്കുടി, എസ്. പ്രജിത്ത് എന്നിവർ മാലിന്യം നിർബന്ധമായി തടയണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വരുകയുണ്ടായി.
















