പെന്‍ഷന്‍ പറ്റിയാലും ഐ.പി.എസ് വിട്ട് ഒരു കളിയുമില്ല. പക്ഷേ, ആ പദവിയും വെച്ച് അധികം വോട്ടുപിടിക്കാന്‍ പറ്റിയില്ല. തെരഞ്ഞെടുപ്പു കമ്മിഷന് പരാതിയും പോയി. പേരിനൊപ്പം ചേര്‍ത്തിരുന്ന IPSഉം വെട്ടി. ബി.ജെ.പിയുടെ ശാസ്തമംഗലം സ്ഥാനാര്‍ത്ഥിയായ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ഐ.പി.എസ് തെറിപ്പിച്ചത് എ.എ.പി സ്ഥാനാര്‍ത്ഥി രശ്മി എസ്. ആണ്. ഐ.പി.എസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ രശ്മി പരാതി നല്‍കി നിമിഷങ്ങള്‍ക്കകം പോസ്റ്ററുകളിലെ ഐ.പി.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ നീക്കി തുടങ്ങിയിരുന്നു. എന്നാല്‍, പരാതിയ കിട്ടിയതോടെ തെരഞ്ഞെടുപ്പു കമ്മിഷനും സ്ഥാനാര്‍ത്ഥി പട്ടികയിലെ ശ്രീലേഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഐഎ.എസും മാറ്റി. ഇനി മുതല്‍ ആര്‍. ശ്രീലേഖ മാത്രം.
ബി.ജെ.പി അവതരിപ്പിച്ച ശാസ്തമംഗലം സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയെ ജനങ്ങള്‍ക്കു പരിചയം പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിലാണ്. അതും, പോലീസിന്റെ തലപ്പത്ത് എത്തിയ ആദ്യ വനിതാ ഉദ്യോഗസ്ഥ. മാത്രമല്ല, ജയില്‍ വകുപ്പിലെ ആദ്യ വനിതാ ഡി.ജി.പി, ഫയര്‍ഫോഴ്‌സിലെ ആദ്യ വനിതാ ഡി.ജി.പി എന്നീ നിലകളിലും പ്രശസ്തി നേടിയാണ് ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചത്. ആര്‍. ശ്രീലേഖ അടക്കം നിരവധി പേരാണ് കുറച്ചു വര്‍ഷങ്ങളായി ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. അതില്‍ മുന്‍ പോലീസ് ഡി.ജി.പി ടി.പി സെന്‍കുമാര്‍ മുതല്‍ ജേക്കബ് തോമസ് വരെയുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനം ഐ.എ.എസ്സുകാരനാണ്. മത്സരിക്കാനിറങ്ങുമ്പോള്‍ ഇവര്‍ ആരെങ്കിലും IAS ഓ IPSഓ പേരിനൊപ്പം ഉപയോഗിച്ചാല്‍ അത് ഒദ്യോഗിക പദവിയായി കരുതേണ്ടി വരും.
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നതുപോലെ തന്നെ സര്‍ക്കാര്‍ നല്‍കുന്ന പട്ടങ്ങളും, പദവികളും ജനങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുണ്ട്. അത് ജനാധിപത്യത്തെ മേശപ്പെടുത്തുമെന്നതു കൊണ്ടാണിത്. ആര്‍. ശ്രിലേഖ മത്സരിക്കാന്‍ ഇറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ തന്റെ പദവി പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലായിരുന്നു എന്നാണ് തീരുമാനിക്കേണ്ടിയിരുന്നത്. എന്നാല്‍, അതുണ്ടായില്ല. അപ്പോള്‍, ശാസ്തമംഗലം വാര്‍ഡിലെ എതിര്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ ഉന്നത നിലയിലുള്ള ആളായിരുന്നുവെന്ന് തന്റെ പേരിലൂടെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. ഇത് ശാസ്തമംഗലം വാര്‍ഡിലെ സാധാരണക്കാരായ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പ്രശ്‌നം.
തെരഞ്ഞെടുപ്പും തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജനങ്ങളുടെയെല്ലാം പ്രതിനിധിയാണ്. അങ്ങനെ വരുന്ന പ്രതിനിധി സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമോ എന്ന സംശയം ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അപ്പോള്‍ സാധാരണക്കാരനു കൂടി ബോധ്യമാകുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥി ഇറങ്ങണം. കോടീശ്വരനും, സവര്‍ണ്ണ ജാതിവാദിയും, ഔദ്യോഗിക മേഖലയില്‍ ഉന്നത ശ്രേണിയില്‍ വിരാജിച്ചവരുമായവരെല്ലാം ജനാധിപത്യ പ്രക്രിയയില്‍ ഒരുപോലെയാണ്. മത്സരിക്കുന്നവരും വോട്ടു ചെയ്യുന്നവരും രാജ്യത്തിന്റെ ഉന്നതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അവിടെ പദവികളോ, പ്രകടനങ്ങളോ, പ്രഛ്ഛന്ന വേഷങ്ങളോ പാടില്ല.
ജനങ്ങളും, അവര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയും. അതു നടത്തുന്ന തെരഞ്ഞെടുപ്പു പ്രക്രിയയും മാത്രമാണ് വലുത്. പദവികളും പ്രശസ്തികളും മാറ്റിവെച്ച് ശാസ്തമംഗലം വനിതാ വാര്‍ഡില്‍ മത്സരിക്കുന്ന മസ്ഥാനാര്‍ത്ഥികളില്‍ ആരാണ് വിജയിക്കുക എന്നത് കണ്ടറിയണം. എന്താകും ശാസ്തമംഗത്തിന്റെ മനസ്സെന്ന് അറിയാന്‍ അടുത്ത മാസം 9 വരെ കാത്തിരിക്കാം.
















