പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. പാർലമെൻ്റ് കാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ അധ്യക്ഷതയിൽ സെൻട്രൽ ഹാളിലാണ് യോഗം നടക്കുക. വിവിധ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ഡിസംബർ ഒന്നു മുതൽ 19 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക. കേവലം 15 ദിവസം മാത്രമാണ് സമ്മേളനം ചേരുക.
ആണവോർജ ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ, ദേശീയപാത ബിൽ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
സമ്മേളനം ചുരുക്കിയത് ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് ഒളിച്ചോടാനാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
അതേസമയം എസ്ഐആർ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ വോട്ട് കൊള്ള ആരോപണങ്ങൾ എന്നിവ ഉയർത്തി ഇരുസഭകളും പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതായാണ് സൂചന.
















