മലയാളത്തിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച നടിയാണ് ഭാനുപ്രിയ. മലയാളത്തിലെ മുൻനിര നടന്മാരുടെ കൂടെ നടി അഭിനയിച്ചിട്ടുണ്ട്.
രാജശിൽപി, അഴകിയ രാവണനിൽ, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ താരം കാഴ്ച്ച വെച്ചു. അഭിനയത്തിന് പുറമെ നിർത്തത്തിലും കഴിവ് തെളിയിച്ച താരമാണ് ഭാനുപ്രിയ. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഭർത്താവിന്‍റെ വേർപാടിന്‍റെ കാലം തന്‍റെ ജീവിതത്തിലെ നിർഭാഗ്യകരമായ കാലമായിരുന്നുവെന്ന് ഭാനുപ്രിയ പറയുന്നു. താമസിയാതെ മറവിരോഗം ബാധിച്ചു. ഇത് തന്‍റെ ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും ബാധിച്ചു. കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുകയും അതിലൂടെ ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും പ്രശസ്തയുമായ ഭാനുപ്രിയ, ഒരിക്കൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും താൽപര്യം നഷ്ടപ്പെട്ടവളായി മാറിയെന്ന് പറയുന്നു.
“എനിക്ക് നല്ല സുഖം തോന്നിയിരുന്നില്ല. ഓർമ്മക്കുറവ് അനുഭവപ്പെട്ടിരുന്നു. പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നു. നൃത്തത്തിൽ ഇപ്പോൾ എനിക്ക് താൽപ്പര്യമില്ല. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല,” രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തിനിടെ അവർ പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്റെ വരികൾ പോലും മറന്നുപോകുന്ന ഒരു ഘട്ടത്തിലേക്ക് മറവി രോഗം മാറിയെന്നും അവർ പറഞ്ഞു. “സില നേരങ്ങളിൽ സില മനിതർഗൾ (2022) എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. സംവിധായകൻ ‘ആക്ഷൻ’ പറഞ്ഞപ്പോൾ എന്റെ ഡയലോഗുകൾ മറന്നുപോയി,” ഭാനുപ്രിയ വെളിപ്പെടുത്തുന്നു. 2024ൽ ശിവകാർത്തികേയന്റെ അയ്യാളനിലാണ് ഭാനുപ്രിയ അവസാനമായി അഭിനയിച്ചത്.
















