ഓൾ ബ്ലാക്ക് ഷെയ്ഡിൽ സ്റ്റൈലിഷ് ലുക്കിൽ ഹിമാലയൻ മന. 3.37 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് റോയൽ എൻഫീൽഡ് ‘ഹിമാലയൻ മന’ അവതരിപ്പിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ഇന്ത്യൻ വിപണിയിലെ വളരെ പോപ്പുലറായ ഒരു മോഡലാണ് ഹിമാലയൻ. അടുത്തിടെ ഗോവയിൽ നടന്ന മോട്ടോവേഴ്‌സ് 2025 -ലാണ് മോട്ടോർസൈക്കിളിന്റെ വില പ്രഖ്യാപനം നിർമ്മാതാക്കൾ നടത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ റൂട്ടുകളിൽ ഒന്നായ മന പാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ ഹിമാലയൻ റോയൽ എൻഫീൽഡ് നിർമ്മിച്ചിരിക്കുന്നത്. ഹിമാലയൻ മന ബ്ലാക്കിന് വളരെ ആകർഷകമായി തോന്നിക്കുന്ന ഒരു ഡീപ്പ് സ്റ്റെൽത്ത് ബ്ലാക്ക് ഫിനിഷ് അവതരിപ്പിക്കുന്നു. എൻജിൻ, യുഎസ്ഡി ഫോർക്ക്, ട്യൂബ്‌ലെസ് & വയർ-സ്‌പോക്ക് റിമ്മുകൾ എന്നിവയും ബ്ലാക്ക് ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്നു. ബൈക്കിന് ബ്ലാക്ക് റാലി ഹാൻഡ് ഗാർഡുകൾ, ഹൈ-മൗണ്ട് റാലി മഡ്‌ഗാർഡ് എന്നിവയും ലഭിക്കുന്നു.
40 bhp മാക്സ് പവറും 40 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 452 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എൻജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സാണ് ഇതിലുള്ളത്. ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്വിച്ചബിൾ എബിഎസ്, പവർ മോഡുകൾ തുടങ്ങിയ ബാക്കി സവിശേഷതകൾ ഹിമാലയൻ നിരയിലെ മറ്റ് മോഡലുകളിൽ കാണുന്നതുപോലെ തന്നെയാണ്.ഈ പുതിയ എഡിഷൻ മോട്ടോർസൈക്കിളിനായിട്ടുള്ള ബുക്കിങ്ങുകൾ ഇതിനോടകം കമ്പനി തുടങ്ങിയിട്ടുണ്ട്, റോയൽ എൻഫീൽഡ് ഹിമാലയൻ മന ബ്ലാക്ക് ബൈക്കിന്റെ ഡെലിവറികൾ ഉടൻ തന്നെ ആരംഭിക്കും.
















