ചാരുംമുട്: വ്യാജ ട്രേഡിങ്ങ് വെബ്‌സൈറ്റ് വഴിയായി ലാഭം വാഗ്ദാനം ചെയ്ത് വൻതുക തട്ടിപ്പിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് പറയംകുളം സ്വദേശിയിൽ നിന്ന് 13.5 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടർന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. മുഹമ്മദ് ഹഫീദ് അബ്ദുറഹീം (21) പന്നിയേങ്കര വില്ലേജ്, സുനേഹ വീട്, മുഹമ്മദ് അൽ ഇഷാൽ (20) ചെറുവണ്ണൂർ വില്ലേജ്, മാളിയേക്കൽ വീട് എന്നിവരെയാണ് പിടികൂടിയത്.
വ്യാജ വെബ്‌സൈറ്റ് വഴി ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നു പറഞ്ഞ് ഇരയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്. തുക തുടർച്ചയായി നിക്ഷേപിക്കാൻ പ്രേരിപ്പിച്ച ശേഷമാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
നൂറനാട് പൊലീസ് കോഴിക്കോട്ടുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ കെ. അജിത്, സി.പി.ഒമാരായ പ്രതാപ് ചന്ദ്രമേനോൻ, വിഷ്ണു വിജയൻ എന്നിവരടങ്ങിയ സംഘം ഓപ്പറേഷൻ നടത്തുകയായിരുന്നു. പ്രതികളെ തുടർന്ന് റിമാൻഡ് ചെയ്ത് ജയിലിലാക്കി.
ഓൺലൈൻ ട്രേഡിങ്ങ് നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും പൊലീസ് നൽകി.
















