പ്രേക്ഷകരിൽ ആകാംഷയുടെയും ദുരൂഹതയുടെയും കൊടുമുടി കയറ്റാൻ ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ‘ധീരം’ത്തിൻ്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ആക്ഷനും സസ്പെൻസും ഇടകലർന്ന ഒരു മികച്ച സിനിമാനുഭവം പ്രതീക്ഷിക്കാം എന്നതിൻ്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ഈ ട്രെയിലർ.
ഈ ക്രൈം ത്രില്ലറിൻ്റെ ട്രെയിലർ ലോഞ്ച് തിരുവനന്തപുരത്ത് നടന്നത് ഏറെ വ്യത്യസ്തമായ രീതിയിലാണ്. പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ ചേർന്നാണ് ട്രെയിലർ ലോഞ്ച് നിർവ്വഹിച്ചത്. ചിത്രത്തിലെ താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.
നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് ‘ധീരം’ സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റെമോ എന്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനൊപ്പം അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ തുടങ്ങി ശ്രദ്ധേയമായ ഒരു താരനിര അണിനിരക്കുന്നുണ്ട്.
പ്രശസ്ത ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്. ‘ക്യാപ്റ്റൻ മില്ലർ’, ‘സാനി കായിദം’, ‘റോക്കി’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി മലയാളത്തിൽ എഡിറ്റ് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ധീര’ത്തിനുണ്ട്. ‘അഞ്ചുകൊള്ളക്കൊക്കാൻ’, ‘പല്ലോട്ടി 90സ് കിഡ്സ്’ എന്നീ സിനിമകൾക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.
പ്രൊജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.
’ധീരം’ ഡിസംബർ അഞ്ചിന് ഡ്രീംബിഗ് ഫിലിംസ് തിയറ്ററുകളിൽ എത്തിക്കും. ചിത്രത്തിൻ്റെ ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കിയിട്ടുണ്ട്.
















