തീവ്രവാദ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേഷ് സിങ് ഭട്ടിയുടെ മകൾ മുസ്കാൻ ഭട്ടിയുടെ വിവാഹ ചടങ്ങാണ് കഴിഞ്ഞ ദിവസം നോയ്ഡയിൽ വേറിട്ട സ്നേഹബന്ധത്തിന് വേദിയായത്. പിങ്ക് ലെഹങ്കയണിഞ്ഞ് നവവധുവായി മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ മുസ്കാനെ അനുഗമിക്കാൻ അണിനിരന്നത് അമ്പതോളം സൈനികർ. അച്ഛന്റെ ആത്മാർഥ സുഹൃത്തുക്കളും സഹപ്രവർത്തകരുമായെത്തിയ സൈനികരെ കണ്ടതോടെ അമ്പരപ്പും സന്തോഷവും സ്നേഹവും ഇരട്ടിയായി.നിറകണ്ണുകളോടെയാണ് മുസ്കാൻ വേദിയിലേക്ക് നടന്നത്.
ഗ്രേറ്റർ നോയ്ഡയിലെ കാസ്നയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം 22 വയസ്സുകാരിയായ മുസ്കാൻ ഭട്ടിയുടെ വിവാഹം. 2006ൽ ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരേഷ് സിങ് ഭട്ടിയുടെ മകളാണ് മുസ്കാൻ. പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന്റെ ഭാഗമായി രാജ്യത്തിനായി പോരാടി വീരമൃത്യു വരിക്കുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം. മുസ്കാന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ പിതൃസഹോദരനായ പവൻ സിങ് ഭട്ടി പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന് ക്ഷണക്കത്തയച്ചിരുന്നു.
വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അയച്ച ക്ഷണക്കത്ത് ഇത്രയും സ്നേഹത്തോടെ സ്വീകരിക്കപ്പെടുമെന്ന് തങ്ങൾ ഊഹിച്ചിരുന്നേയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പവൻ സിങ്ങിന്റെ കണ്ണുകൾ നിറഞ്ഞു. വധുവിനെ വിവാഹവേദിയിൽ ആനയിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു വേദിയുടെ പുറത്ത് ഒരു ബസ് നിറയെ സൈനികർ വന്നിറങ്ങിയതെന്ന് മുസ്കാന്റെ മുത്തശ്ശി കൃഷ്ണ ഭട്ടി പറഞ്ഞു.
പട്ടാളക്കാരെത്തിയതോടെ ഗ്രാമീണർ മുഴുവൻ വേദിക്ക് ചുറ്റും തടിച്ചുകൂടി. ഇതിനിടെ, വേദിക്കരികിൽ സ്ഥാപിച്ചിരുന്ന സുരേഷിന്റെ ചിത്രത്തിൽ പട്ടാളക്കാർ പുഷ്പചക്രം അർപ്പിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മുസ്കാന്റെ ദുപ്പട്ട കയ്യിലേന്തി വേദിയിലേക്ക് ആനയിച്ചു. സർവീസിലുള്ളവരും വിരമിച്ചവരുമായി അമ്പതോളം പട്ടാളക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
പത്താം ക്ലാസ് പൂർത്തിയായതിന് പിന്നാലെ 1997ലാണ് കൃഷ്ണ ഭട്ടിയുടെ മൂന്ന് മക്കളിൽ മൂത്തവനായ സുരേഷ് സിങ് ഭട്ടി പട്ടാളത്തിൽ ചേർന്നത്. തുടർന്ന് മധ്യപ്രദേശിലും ജബൽപൂരിലുമായി പരിശീലനം പൂർത്തിയാക്കി. പിന്നീട്ട് ജമ്മു കശ്മീരിൽ ലാൻസ് കോർപ്പറൽ ആയി ജോലിയിൽ പ്രവേശിച്ചു. 2006ൽ തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റ് സുരേഷ് ഭട്ടി മരണമടഞ്ഞതിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും മകളും സഹോദരനായ പവൻ സിങ് ഭട്ടിയുടെ സംരക്ഷണയിലാണ് വളർന്നത്.
കഴിഞ്ഞ വർഷം സുരേഷിന്റെ മൂത്ത മകനായ ഹർഷും പട്ടാളത്തിന്റെ ഭാഗമായി. പിതാവിന്റെ സ്നേഹിതർ ചടങ്ങിനെത്തിയത് കണ്ട് താൻ അക്ഷരാർഥത്തിൽ അമ്പരന്നുപോയെന്ന് നിലവിൽ ജമ്മുവിൽ സേവനമനുഷ്ഠിക്കുന്ന ഹർഷ് മാധ്യമങ്ങളോട് പറഞ്ഞു. വീരമൃത്യു വരിച്ച തന്റെ സഹോദരനെ സർക്കാർ അവഗണിച്ചപ്പോഴും സഹപ്രവർത്തകർ നൽകിയ ആദരവ് ഹൃദയം നിറക്കുന്നതാണെന്ന് പവൻ സിങ് പറഞ്ഞു.
രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിന് സർക്കാർ ജോലിയടക്കം പിന്തുണ നൽകാറുണ്ടെന്നിരിക്കെ സുരേഷിന്റെ കുടുംബത്തിനോ മക്കൾക്കോ യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് പവൻ പറയുന്നു. എങ്കിലും, അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ നൽകിയ ഈ സ്നേഹോപഹാരം ഏതൊരു ഔദ്യോഗിക ബഹുമതിയേക്കാളും വലുതായിരുന്നു.
















