ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് അഞ്ചുമണി വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ രാഹുൽ ഈശ്വറുമായി ടെക്‌നോപാർക്കിലെ ഓഫീസിലുൾപ്പെടെ തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് അദ്ദേഹം വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. രാഹുൽ ഈശ്വറിന്റെ പ്രവർത്തിയിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിയ്ക്കുന്നുവെന്നും ഓഫീസിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നുമായിരുന്നു പൊലീസ് വാദം.
തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് രാഹുൽ ഈശ്വർ ആവർത്തിച്ചു. ജയിലിനുള്ളിൽ ആരംഭിച്ച നിരാഹാര സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ മേൽക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ തീരുമാനം. അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു, വ്യക്തിത്വം വെളിപ്പെടുത്തി തുടങ്ങിയവയാണ് ഈശ്വറിനെതിരായ കുറ്റങ്ങൾ.
















