മലയാള സിനിമയിൽ വീണ്ടും ഒരു കൂട്ടായ സൗഹൃദയാത്രയുടെ കഥയുമായി ‘ഖജുരാഹോ ഡ്രീംസ്’ വെള്ളിയാഴ്ച പ്രേക്ഷകരിലേക്കെത്തുന്നു. യുവതാരനിരയിലെ ശ്രദ്ധേയരായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവരെ പ്രധാനവേഷങ്ങളിൽ അണിനിരത്തുന്ന ചിത്രം, ഒരു റോഡ് മൂവിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ളതാണ്. ഈ ഫൺ വൈബ് ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകി.
സൗഹൃദങ്ങളെയും യാത്രകളെയും നെഞ്ചിലേറ്റുന്ന യുവതലമുറയെ ലക്ഷ്യമിട്ടാണ് ‘ഖജുരാഹോ ഡ്രീംസ്’ ഒരുക്കിയിരിക്കുന്നത്. പുരാതന ചുവർചിത്രങ്ങളാൽ പ്രസിദ്ധമായ മധ്യപ്രദേശിലെ ക്ഷേത്രനഗരമായ ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും, തുടർന്നുണ്ടാകുന്ന ഉദ്വേഗജനകവും രസകരവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. മാറുന്ന കാലഘട്ടത്തിലെ യുവത്വത്തിന്റെ കാഴ്ചപ്പാടുകൾ നർമ്മത്തിലൂടെ വരച്ചുകാട്ടുന്ന ചിത്രം, ഒരു പുതുലോകം തുറന്നുകാട്ടും എന്ന സൂചനകളാണ് ലഭിക്കുന്നത്.
എം.കെ. നാസർ ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്രദ്ധേയനായ എഴുത്തുകാരൻ സേതുവാണ്. യൂത്തിനെ ആകർഷിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റുകളായിരിക്കും. ഗുഡ്‌ലൈൻ പ്രൊഡക്ഷൻസ് ചിത്രം ആശിർവാദ് റിലീസ് മുഖേനയാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
പ്രധാന താരങ്ങൾക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആന്റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷരാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിന്റെ മ്യൂസിക് പാർട്ണർ സരേഗമയാണ്. ഗോപി സുന്ദർ ഈണമിട്ട ‘ശിലയൊരു ദേവിയായ്’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ മികച്ചതാണ്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലിജോ പോളാണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, ഗാനരചന: ഹരിനാരായണൻ, മേക്കപ്പ്: സജി കട്ടാക്കട, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. യുവതാരങ്ങളുടെ ഈ റോഡ് മൂവിക്ക് തിയേറ്ററുകളിൽ വലിയ സ്വീകരണമാണ് പ്രതീക്ഷിക്കുന്നത്.
















