സേമിയ ഉപയോഗിച്ച് സ്വാദിഷ്‌ഠമായ കുനാഫ തയാറാക്കാം. ചേരുവകളും തയാറാക്കുന്ന വിധവും എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കുനാഫ ഡവ്/ സേമിയ – 250 ഗ്രാം
ഉരുകിയ വെണ്ണ – ½ കപ്പ്
ക്രീം ചീസ് അല്ലെങ്കിൽ പനീർ – 200 ഗ്രാം
പാൽ – 2 കപ്പ്
കോർൺഫ്ലോർ/ മൈദ – 2 ടേബിൾ സ്‌പൂൺ
പഞ്ചസാര – 1 കപ്പ്
റോസ് വാട്ടർ – ½ ടീ സ്‌പൂൺ
പിസ്‌ത / ബദാം പൊടിച്ചത്
നാരങ്ങ – ചെറിയ കഷണം
ഏലക്ക – 3
തയ്യാറാക്കുന്ന വിധം
സേമിയ 250 ഗ്രാം എടുത്ത് നന്നായി ചെറുതാക്കുക. സേമിയ ചെറിയ നുറുങ്ങുകളാക്കാൻ ആവശ്യമെങ്കിൽ മിക്‌സിയിൽ അടിച്ചെടുക്കാം. പിന്നീട് സേമിയയിൽ ½ കപ്പ് ഉരുക്കിയ വെണ്ണ ഒഴിച്ച് ഓരോ നൂലും നന്നായി കുതിരുന്നതിനായി വയ്ക്കുക. ഇതാണ് കുനാഫ തയ്യാറാക്കുന്നതിൻ്റെ ആദ്യ പടി. പഞ്ചസാര സിറപ്പിനായി ½ കപ്പ് പഞ്ചസാരയും ½ കപ്പ് വെള്ളവുമാണ് ആവശ്യം. ഇവ രണ്ടും ഒരു പാനിൽ വച്ച് പാനീയ രൂപത്തിലാക്കുക. ഇത് കട്ടിയാകുന്നതുവരെ വേവിയ്ക്കുക. ഇതിലേയ്‌ക്ക് 3, 4 തുള്ളി നാരങ്ങ നീരും 3 കഷ്‌ണം ഏലക്കയും ചേർക്കുക. തീ ഓഫ് ചെയ്‌ത ശേഷം റോസ് വാട്ടർ വെള്ളം ഇതിലേക്ക് ചേർത്ത് മാറ്റി വയ്ക്കുക.
ക്രീം ഫില്ലിംഗ് തയ്യാറാക്കാം
കുനാഫ തയ്യാറാക്കുന്നതിൻ്റെ അടുത്തൊരു പ്രധാന ഘട്ടമാണ് ക്രീം ഫില്ലിംഗ്. 2 കപ്പ് പാൽ ഒരു പാത്രത്തിൽ ചൂടാക്കുക. 2 ടേബിൾ സ്‌പൂൺ കോൺഫ്ലോർ/ മൈദ അൽപം തണുത്ത പാലിൽ കലക്കി ചൂടായ പാലിലേക്ക് ചേർക്കുക. ½ കപ്പ് പഞ്ചസാര ചേർത്ത് കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കി വേവിക്കുക. ശേഷം ക്രീം ചീസ് അല്ലെങ്കിൽ പൊടിച്ച പനീർ ചേർത്ത് ക്രീം രൂപത്തിലാക്കുക. ഇനി ബേക്കിംഗ് പാനിൽ വെണ്ണ പുരട്ടി, സേമിയയുടെ പകുതി അടിയിൽ സമമായി വിതറി, മുകളിൽ ക്രീം ഫില്ലിംഗ് ഒഴിക്കുക. ശേഷിച്ച സേമിയ മുകളിൽ വീണ്ടും ഇട്ട് കൊടുത്ത് 180° സിയിൽ ഓവനിൽ 25–30 മിനിറ്റ് വരെ വയ്‌ക്കുക. മുകളിലെ ഭാഗം ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ബേക്ക് ചെയ്യുക.
ഫിനിഷിംഗ്
വേവിച്ച കുനാഫ ചൂടോടെ പുറത്തെടുത്ത് മുകളിൽ പഞ്ചസാര സിറപ്പ് ഒഴിക്കുക. പിസ്‌ത അല്ലെങ്കിൽ ബദാം ചെറുതാക്കി പൊടിച്ചത് കുനാഫയുടെ മുകളിൽ വിതറി അലങ്കരിയ്‌ക്കാം. കുനാഫ ഇപ്പോൾ റെഡിയായി. ഇനി ചെറു ചൂടോടെ സേർവ് ചെയ്‌തു നോക്കൂ.
















