എല്ലാ ദിവസവും ചായ ഉണ്ടാക്കുന്നവരാണ് നമ്മളെല്ലാവരും. ഒരേ അളവിൽ ഒരേ ചേരുവകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കിയാലും ഓരോ തവണയും ഓരോ രുചിയായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നും രുചി ഏറെയുള്ള ചായ ഒരേ രീതിയിൽ തന്നെ തയാറാക്കാം.
ചേരുവകൾ (മൂന്ന് ഗ്ലാസ്സ് ചായക്ക്)
പാല് – രണ്ട് കപ്പ്
വെള്ളം – ഒരു കപ്പ്
തേയില – 3 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
ഏലയ്ക്ക – 4
തയാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും ചതച്ച ഏലയ്ക്കയും ചേർത്ത് അടച്ചുവെച്ച് മൂന്നു മിനിറ്റ് തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തേയില ഇട്ട് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക (തേയില ഒരു മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുത്. കൂടുതൽ തിളപ്പിച്ചാൽ തേയിലയുടെ ചവർപ്പ് രുചി ചായയിലേക്ക് ഇറങ്ങും). മറ്റൊരു പാത്രത്തിൽ പാൽ, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയാറാക്കി വച്ച തേയില വെള്ളം അരിച്ച് പാലിലേക്ക് ഒഴിക്കുക.
ചെറിയ ചൂടിൽ 3 മിനിറ്റ് വച്ച ശേഷം തീ ഓഫ് ചെയ്യാം.ചായ നന്നായി പതപ്പിച്ച് ഒഴിക്കുക.രുചികരമായ പാൽചായ തയാർ. ഏലയ്ക്കയുടെയും ഇഞ്ചിയുടെയും രുചി ഇഷ്ടമല്ലാത്തവർക്ക് അത് ഒഴിവാക്കാം. ചായ തയാറാക്കുമ്പോൾ എപ്പോഴും പാലും തേയിലയും വേറെ വേറെ തിളപ്പിക്കണം. പഞ്ചസാരയുടെയും തേയിലയുടെയും അളവ് അവരവരുടെ രുചിക്ക് അനുസരിച്ച് മാറ്റം വരുത്താം.
















