തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സംഘർഷം. കള്ളവോട്ട് നടന്നെന്ന ബിജെപി പ്രവർത്തകരുടെ ആരോപണമാണ് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വഴിവെച്ചത്.
സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്നും, പോളിങ് റദ്ദാക്കി റീപോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണ്.
വഞ്ചിയൂർ ഭാഗം രണ്ടിൽ നൂറിലേറെ കള്ളവോട്ടുകൾ നടന്നു കഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തവരും വാർഡിൽ താമസിക്കാത്തവരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യിച്ചെന്നും, ബിജെപി വനിതാ നേതാവിനെ ജാതി പറഞ്ഞ് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടർന്ന് റോഡിൽ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബിജെപി പ്രവർത്തകന് മർദനമേറ്റതായും ആരോപണമുണ്ട്.അതേസമയം, ബിജെപിയുടെ ആരോപണങ്ങൾ വഞ്ചിയൂരിലെ സിപിഎം സ്ഥാനാർഥി വഞ്ചിയൂർ ബാബു പൂർണ്ണമായും നിഷേധിച്ചു.
വോട്ടർ പട്ടികയിൽ പേരുള്ളവർ മാത്രമാണ് വോട്ട് ചെയ്തതെന്നും, എല്ലാ വോട്ടുകളും ഓൺലൈനായി രേഖപ്പെടുത്തുന്നതിനാൽ കള്ളവോട്ടിന് സാധ്യതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് ബിജെപി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബിജെപി പ്രവർത്തകരാണ് അവരെ കൂവിയതെന്നും, ട്രാൻസ്‌ജെൻഡർ വ്യക്തികൾ മനുഷ്യരല്ലേ എന്നും വഞ്ചിയൂർ ബാബു ചോദിച്ചു. അവർ ഞങ്ങളുടെ പ്രവർത്തകരാണെന്നും, തങ്ങൾ ആരെയും ആക്രമിച്ചിട്ടില്ലെന്നും, കയ്യാങ്കളിക്കിടയിൽ പോലീസ് സംഭവങ്ങൾ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ ആരോപണങ്ങളെ തള്ളി, വാർഡിലെ പോളിങ് സുതാര്യമായി നടക്കുകയാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
















