നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് നടന്റെ മകൾ മീനാക്ഷി. ഫോട്ടോയ്‌ക്ക് നിരവധി കമന്റുകൾ ആണ് വരുന്നത്. ‘ജനപ്രിയൻ തുടരും മീനുട്ടീടെ അച്ഛൻ ഇല്ലാതെ എന്ത് മലയാള സിനിമ’,‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ’, ‘ഈ ചിരി എന്നെന്നും നിലനിൽക്കണം എന്നാണ് ആഗ്രഹം’, ‘കൊള്ളാം’, ‘ജനപ്രിയനായകന്റെ മീനുട്ടി’ എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഓറഞ്ചിൽ ചുവപ്പ് ബോർഡറുടെ സാരിയും ചുവന്ന കുപ്പിവളകളും അണിഞ്ഞാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ആയിരുന്ന ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
















