ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ, സംഭവത്തിലെ ഒന്നാം സാക്ഷിയും മലയാളി നഴ്സുമായ ഏലിയാമ്മ ഫിലിപ്പ് കോടതിയിൽ തിരിച്ചറിഞ്ഞു.
മുംബൈ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതിക്കൂട്ടിലുള്ള മുഹമ്മദ് ഷരീഫുൽ ഇസ്ലാം ഷഹ്സാദാണ് ആക്രമണം നടത്തിയതെന്ന് ഏലിയാമ്മ വ്യക്തമാക്കിയത്.
കഴിഞ്ഞ ജനുവരി 16-ന് പുലർച്ചെ രണ്ടോടെ സെയ്ഫിന്റെ ബാന്ദ്രയിലെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ പ്രതി കുട്ടിയുടെ മുറിയിലാണ് ആദ്യമെത്തിയത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സെയ്ഫിന്റെ ഇളയ മകന്റെ പരിചരണ ചുമതലയുള്ള ഏലിയാമ്മയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്കേറ്റത്.
ബഹളം കേട്ടെത്തിയ മറ്റൊരു ജോലിക്കാരിയാണ് സെയ്ഫിനെ വിവരമറിയിച്ചത്. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ നടനു നേരെയും ആക്രമണമുണ്ടായി. കഴുത്തിലും പുറത്തും കൈകളിലും കുത്തേറ്റ താരം ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുടുംബാംഗങ്ങൾ മറ്റൊരു മുറിയിൽ കയറി വാതിലടച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.















