1995-ലെ തീക്ഷ്ണമായ സമരകാലഘട്ടം. യൂണിവേഴ്സിറ്റി ഫീസ് വർദ്ധനവിനെതിരെ എസ്.എഫ്.ഐ (SFI) നടത്തിയ ഐതിഹാസിക പ്രക്ഷോഭം. അന്നത്തെ സംസ്ഥാന, ജില്ലാ നേതാക്കൾ പോലീസിന്റെ ബാരിക്കേഡുകൾ ഭേദിച്ച് യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയത് ചരിത്രമായിരുന്നു. ഈ മുന്നേറ്റത്തെ നേരിടാൻ സിറ്റി പോലീസ് കമ്മീഷണർ സക്ഷാൽ മുകന്ദൻ തന്നെ നേരിട്ടെത്തി.
രോഷാകുലരായ പോലീസ് നേതാക്കളെ വളഞ്ഞിട്ട് തല്ലി. ഇന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് വി. ജോയിയെ നിലത്തിട്ട് ചവിട്ടിയെങ്കിലും, ശക്തമായ ചെറുത്തുനിൽപ്പിലൂടെ ജോയി, കമ്മീഷണർ മുകന്ദനെ “ബലാബലമായി” വരിഞ്ഞുമുറുക്കി നിർത്തിയത് സമരമുഖത്തെ ഐതിഹാസിക കാഴ്ചയായി. സിൻഡിക്കറ്റ് യോഗം മുടക്കുക എന്നതായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ലക്ഷ്യം. മൂന്നാം നിലയിലാണ് നിർണ്ണായകമായ യോഗം നടന്നിരുന്നത്.
ഈ ലക്ഷ്യം നിറവേറ്റാനായി സമാനതകളില്ലാത്ത ധീരതയാണ് രണ്ട് യുവസഖാക്കൾ പ്രകടിപ്പിച്ചത്. അന്നത്തെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും ചെമ്പഴന്തി എസ്.എൻ. കോളേജ് യൂണിയൻ ചെയർമാനുമായിരുന്ന വിനോദും, മാർ ഇവാനിയോസ് SFI യൂണിറ്റ് സെക്രട്ടറി എൻ.ആർ. ബാബുവും കെട്ടിടത്തോട് ചേർന്നുള്ള കൊടിമരത്തിൽ കൂടി ഇഴഞ്ഞുകയറി. പലതവണ പോലീസ് ഇവരെ താഴോട്ട് വലിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ വിഫലമായി. സഖാക്കൾ ലക്ഷ്യത്തിലെത്തി.
വിനോദ് യോഗത്തിനിടയിലേക്ക് ചാടിവീണപ്പോൾ, ബാബു കൊടിമരത്തിൽ കറുത്ത തുണി കെട്ടി പ്രതിഷേധം രേഖപ്പെടുത്തി.
സമരചരിത്രത്തിലെ ഈ നിർണ്ണായക നിമിഷം പകർത്തിയത് ദീപിക പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന ഗോപ അണ്ണൻ ആയിരുന്നു. ഇന്നലെ രാവിലെ വിനോദിന്റെ ചിത്രം അയച്ചുകൊടുക്കുമ്പോൾ ദുഃഖം താങ്ങാനാകാതെ ഗോപയണ്ണൻ വിതുമ്പുകയായിരുന്നു. യാദൃശ്ചികമെന്നു പറയട്ടെ, ദീപികയിൽ തുടങ്ങി മലയാള മനോരമയിലെത്തി മാധ്യമപ്രവർത്തന രംഗത്ത് വിനോദ് ശ്രദ്ധേയനായി.
മാധ്യമപ്രവർത്തക സിന്ധുവായിരുന്നു വിനോദിന്റെ ഭാര്യ. എന്നാൽ, പഴയ സഖാക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വിനോദും യാത്രയായി.
”ചവറ ശശി” എന്നെല്ലാം ഫോണിൽ വിളിച്ച് പല വിഷമഘട്ടങ്ങളിലും താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട വിനോദ്, സഹപ്രവർത്തകരെ തളർത്തിക്കൊണ്ട് വിടചൊല്ലി. അക്കാലത്തെ എല്ലാ പോരാട്ടങ്ങൾക്കും, ചെറുപ്പകാലത്തെ കുസൃതികൾക്കും ഒപ്പം ഉണ്ടായിരുന്ന സുനിൽ സി. കുര്യനും ഇന്ന് ഓർമ്മകളിൽ മാത്രം. “നിങ്ങൾക്കു ഉറങ്ങാമിനി, ഉറങ്ങാതെ കാത്തിരിക്കേണ്ടവർ ഞങ്ങൾ” എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് പഴയ സഖാക്കൾ പ്രിയപ്പെട്ടവർക്ക് ലാൽസലാം പറയുന്നു.
അതേസമയം, വിനോദ് കൊടിമരത്തിൽ കയറിപ്പോകുന്നത് വലതുവശത്ത് നോക്കി വിഷമിച്ചിരുന്ന അന്നത്തെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസറായിരുന്ന സി.ഐ. ബഷീർ സാറിനെയും ഈ അവസരത്തിൽ പഴയ സഖാക്കൾ ഓർക്കുന്നു. പോലീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന, താത്വികനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിലിരിക്കെ സാറും മരണപ്പെട്ടു. പ്രിയപ്പെട്ടവരോട് വിടചൊല്ലി, പഴയ സമരചരിത്രത്തിന്റെ ഓർമ്മകൾക്ക് കൂടുതൽ തീവ്രതയേകിക്കൊണ്ട് വിനോദ് യാത്രയായി.
















